ചൈനയും റഷ്യയും ഇന്ന് തൊഴില്‍ നിയമങ്ങളെല്ലാം റദ്ദ് ചെയ്യപ്പെട്ട അവസ്ഥയിലാണെന്ന് ഓരോ ദിവസവും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേ സമയം അമേരിക്കയില്‍ ആമസോണ്‍, സ്റ്റാർബക്സ് തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളിലെ തൊഴിലാളികള്‍ തങ്ങള്‍ക്ക് കൃത്യമായ തൊഴില്‍ നിയമങ്ങള്‍ വേണമെന്ന ആവശ്യം ഉയര്‍ത്തി രംഗത്തെത്തിക്കഴിഞ്ഞു.
ലോകം മുതലാളിത്ത വത്ക്കരണത്തിന്‍റെ പിടിയില്‍ അമരുമ്പോള്‍ ചരിത്രത്തിന്‍റെ ഓര്‍മ്മപ്പെടുത്തലെന്നവണ്ണം വീണ്ടുമൊരു തൊഴിലാളി ദിനം കൂടി വന്നെത്തുകയാണ്. ഒരു അനുസ്മരണ ദിനമെന്നതിലപ്പുറം ലോകമാകമാനമുള്ള തൊഴിലാളികളുടെ ജീവിതത്തിലേക്ക് പുതിയൊരു വെളിച്ചം നല്‍കുകയും അതുവഴി ലോകത്തെ ഭൂരിപക്ഷം മനുഷ്യരുടെയും ജീവിതത്തിന് ഒരു നിശാബോധം നല്‍കിയ ദിനം കൂടിയാണ് മെയ് ഒന്ന്. സമ്പത്ത് ഒരു ന്യൂനപക്ഷത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ എല്ലാ മേഖലയിലും അതിരുവത്ക്കരിക്കപ്പെടുന്നു. ഈ മാറ്റി നിര്‍ത്തല്‍ ഒരു കാലഘട്ടത്തില്‍ ശക്തമാവുകയും ലോകമെങ്ങുമുള്ള ജനം ഉയര്‍ത്തിയ പ്രതിഷേധം അതിന്‍റെ ഏറ്റവും ഭാവനാപൂര്‍ണ്ണമായ തലത്തിലേക്ക് ഉയരുകയും ചെയ്ത കാലത്താണ് 'മെയ് ഒന്ന്' ലോകമെങ്ങും തൊഴിലാളികളുടെ ദിവസമായി അംഗീകരിക്കപ്പെടുന്നത്. ഇതിലേക്ക് എത്തിചേരുന്നതിനായി അക്കാലത്തെ യൂറോപ്പിലെയും അമേരിക്കയിലെയും പ്രധാനപ്പെട്ട എല്ലാം നഗരങ്ങളിലും സ്വാഭാവിക പ്രക്രിയയായി തന്നെ തൊഴിലാളികള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തിയിരുന്നു.
വാണിജ്യ താത്പര്യത്തിന്‍റെ പുറത്ത് ലോകം മുഴുവനും തങ്ങളുടെ കാല്‍ക്കീഴിലാക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി യൂറോപ്പിലെ ശക്തരായ രാജ്യങ്ങള്‍ ലോകമെങ്ങും കപ്പലോടിച്ചെത്തി, തദ്ദേശീയ സംസ്കാരവും ജീവിതവും അടിമുടി പിഴുതെടുത്ത് അവിടങ്ങളില്‍ കോളനികള്‍ നിര്‍മ്മിച്ചു. കോളനികളില്‍ നിന്ന് അവശ്യത്തിലും അധികം വിഭവങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയത് വ്യാവസായിക യുഗത്തിലേക്ക് മനുഷ്യനെ കൊണ്ടെത്തിച്ചു. 'കൂടുതല്‍ ഉത്പാദനം, കൂടുതല്‍ ലാഭം' എന്ന് മനോഭാവത്തിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളും അവിടുത്തെ സമ്പന്നരും വ്യവസായികളും നീങ്ങിയപ്പോള്‍ കോളനികളിലെന്ന പോലെ യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യയിലും അമേരിക്കയിലും ഒരു വലിയ വിഭാഗം ജനത തൊഴിലാളികളാക്കി മാറ്റപ്പെട്ടു. ഈ തൊഴില്‍ ശക്തിക്ക് പക്ഷേ അധികാരത്തിലോ സമ്പത്തിലോ അവകാശമുണ്ടായിരുന്നില്ല. മൂലധനം ഇറക്കുന്നയാള്‍ക്ക് കൂടുതല്‍ ലാഭം നേടിക്കൊടുക്കുക എന്നത് മാത്രമായി അവരുടെ ജീവിതങ്ങള്‍ മാറ്റപ്പെട്ടു.

ഒരു ക്ലാസില്‍ പോലും കയറിയില്ല; എഐയുടെ സഹായത്തോടെ പരീക്ഷയില്‍ 94 % മാര്‍ക്ക് നേടിയെന്ന് വിദ്യാര്‍ത്ഥി
പക്ഷേ, വ്യാവസായിക യുഗം മനുഷ്യന്‍റെ ചിന്തകളെയും സ്വാധീനിച്ചിരുന്നു. വിശ്രമവും വിനോദവും എന്നത് ഒരു വിഭാഗത്തിന്‍റെ മാത്രമല്ലെന്നും അത് സര്‍വ്വദേശീയമായി അംഗീകരിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധ്യത്തിലേക്ക് തൊഴിലാളികളും ഉയര്‍ന്നു. ഇത്തരം ബോധ്യങ്ങള്‍ 1800 ലെ വ്യാവസായിക വിപ്ലവ കാലത്ത് അമേരിക്കന്‍ ഐക്യനാടുകളിലെ തൊഴില്‍ മേഖലയില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചു. മലിനമായ ജീവിത സാഹചര്യവും രാവിലെ മുതല്‍ രാത്രിവരെ നീളുന്ന അനസ്യൂതമായ ജോലിയും സാധാരണക്കാരായ തൊഴിലാളികളെ കൂടുതല്‍ പ്രശ്നത്തിലേക്ക് തള്ളിവിട്ടു. ഇതില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ രൂപം കൊണ്ട അസ്വസ്ഥതകള്‍ പ്രതിഷേധങ്ങളായി ഉയര്‍ന്നു. 1886 മെയ് 1 ന്, മോശം തൊഴിൽ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് 3,00,000 -ത്തിലധികം തൊഴിലാളികൾ അമേരിക്കയിൽ എട്ട് മണിക്കൂർ ജോലി എന്ന അവശ്യത്തിനായി പണിമുടക്ക് പ്രഖ്യാപിച്ചു. 1886 മെയ് മാസത്തിലെ ഹേമാർക്കറ്റ് കലാപം എന്ന പേരിലാണ് ഈ തൊഴില്‍ പ്രക്ഷോഭം പിന്നീട് ചരിത്രത്തില്‍ ഇടം പിടിച്ചത്. പിന്നീട് 1892 ല്‍ സ്വിറ്റ്‌സര്‍ലന്‍റിലെ ജനീവയില്‍ നടത്തിയ അന്തര്‍ദേശീയ സോഷ്യലിസ്റ്റ് സമ്മേളനത്തിലാണ് ഈ ദിവസം അന്താരാഷ്ട്രാ തൊഴിലാളി ദിവസമായി അംഗീകരിക്കപ്പെട്ടുന്നത്.
എന്നാല്‍, അമേരിക്കയിലെ തൊഴിലാളി അസ്വസ്ഥതകള്‍ അടങ്ങിയിരുന്നില്ല. 1894 -ല്‍ പുൾമാൻ കമ്പനിയിലെ പിരിച്ച് വിടലിനെതിരെ പ്രതിഷേധിച്ച തൊഴിലാളികള്‍ റെയില്‍വേ പണിമുടക്ക് പ്രഖ്യാപിച്ചു. അന്ന് യുഎസിലെ 27 സംസ്ഥാനങ്ങളിലെ റെയില്‍വേ ഗതാഗതത്തെ ഇത് നിശ്ചലമാക്കി. കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചു. തുടര്‍ന്ന് പ്രസിഡന്‍റ് ഗ്രോവർ ക്ലീവ്‌ലാൻഡ് പുതിയൊരു നിയമത്തില്‍ ഒപ്പ് വച്ചു. ഈ നിയമപ്രകാരം മെയ് 1 എന്ന തൊഴിലാളി ദിനം അഥവാ ലേബര്‍ ഡേ അമേരിക്കന്‍ ഐക്യനാടുകളില്‍ സെപ്തംബർ ആദ്യ തിങ്കളാഴ്ചയിലേക്ക് മാറ്റപ്പെട്ടു. അമേരിക്കയിലെ ലേബര്‍ ഡേ ഔദ്ധ്യോഗികമായി മാറിയെങ്കിലും ഇന്നും ലോകമെങ്ങും മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നു.

എല്ലാ മനുഷ്യരും തുല്യരാണെന്നും എല്ലാവര്‍ക്കും വിശ്രമവും വിനോദവും ആവശ്യമാണെന്നുമുള്ള ആശയം പക്ഷേ യൂറോപ്യന്‍ കോളനികളിലേക്ക് വ്യാപിക്കാന്‍ പിന്നെയും പതിറ്റാണ്ടുകള്‍ വേണ്ടിവന്നുവെന്നുള്ളത് മറ്റൊരു യാഥാര്‍ത്ഥ്യം. പിന്നീട് റഷ്യയും ചൈനയും ക്യൂബയും കമ്മ്യൂണിസ്റ്റ് സാമ്പത്തിക ക്രമത്തിലേക്ക് നീങ്ങുകയും തങ്ങളുടെതായ പുതിയൊരു ലോക സൃഷ്ടിക്ക് ആശയധാര തുറക്കുകയും ചെയ്തു. ഇതോടെ ലോകമെങ്ങും സോഷ്യലിസ്റ്റ് ആശയങ്ങള്‍ ശക്തിപ്രാപിച്ചു. കോളനി രാജ്യങ്ങളിലെ തൊഴിലാളികള്‍ തങ്ങളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുന്നതിന് ഇക്കാലം വരെയ്ക്കും കാത്തിരിക്കേണ്ടിവന്നുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
മഹാവ്യാധിയുടെ വ്യാപനത്തിന്റെ പേരില്‍ പല രാജ്യങ്ങളും മാറ്റംവരുത്തിയ തൊഴില്‍ നിയമങ്ങള്‍ കൊവിഡാനന്തര ലോകത്തും തുടരുന്ന സാഹചര്യമുണ്ട്. തൊഴിലാളി വിരുദ്ധമായ പല നിയമങ്ങളും ഇപ്പോഴും തുടരുകയാണ്. ഒപ്പം, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെന്നവണ്ണം യൂറോപ്പിലും അമേരിക്കയിലും ചൈനയിലുമുള്ള വന്‍കിട കമ്പനികള്‍ ഒറ്റയടിക്ക് തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യവുമുണ്ട്. വലിയ ശമ്പളത്തില്‍ കാലങ്ങളായി ജോലി ചെയ്തവര്‍ മുതല്‍ കരാര്‍ തൊഴിലിന്റെ ചൂഷണങ്ങള്‍ അനുഭവിച്ചു പതിറ്റാണ്ടുകള്‍ പണിയെടുത്തവര്‍ വരെ ഇതിനിരയാവുന്നുണ്ട്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും ഇന്ന് ശക്തമാണ്.
സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് ആശയധാരകളെ മുന്‍നിര്‍ത്തി രാജ്യനിര്‍മ്മാണം നടത്തിയ ചൈനയും റഷ്യയുമെല്ലാം തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്യുന്ന അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേ സമയം അമേരിക്കയില്‍ ആമസോണ്‍, സ്റ്റാര്‍ബക്‌സ് തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളിലെ തൊഴിലാളികള്‍ തങ്ങള്‍ക്ക് കൃത്യമായ തൊഴില്‍ നിയമങ്ങള്‍ വേണമെന്ന ആവശ്യം ഉയര്‍ത്തി രംഗത്തെത്തിക്കഴിഞ്ഞു.
ഇതിനിടെയിലാണ് തൊഴില്‍ സേനയുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കുന്നതരം പുതിയ സാങ്കേതിക വിദ്യകള്‍ ഉയര്‍ന്നുവരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ മനുഷ്യവിഭവ ശേഷിയെ പിന്തള്ളുമെന്ന ആശങ്കകളും ഇതോടെ ഉയര്‍ന്നു. മനുഷ്യന്‍റെ സര്‍ഗാത്മക അദ്ധ്വാനത്തിന് പകരം വയ്ക്കാനുള്ള സാങ്കേതിക വിദ്യ കണ്ടെത്താന്‍ കഴിയില്ലെന്ന പരമ്പരാഗത നിരീക്ഷണത്തെ പോലും തകിടം മറിച്ച് കൊണ്ടാണ് ചാറ്റ് ബോട്ടുകള്‍ പോലുള്ള പുതിയ സാങ്കേതിക വിദ്യകളുടെ കടന്ന് വരവ്. സാങ്കേതിക വിദ്യ കൂടുതല്‍ വികസിക്കുമ്പോള്‍ ലോകജനസംഖ്യയിലെ വളരെ ചെറിയ ന്യൂനപക്ഷത്തിന്‍റെ കൈയിലേക്ക് മൂലധനം കുമിഞ്ഞ് കൂടുകയും വലിയൊരു ശതമാനം വരുന്ന തൊഴിലാളി വര്‍ഗ്ഗത്തിനിടെയില്‍ വലിയൊരു സാമ്പത്തിക വിടവ് സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയും ഇന്ന് ശക്തമാണ്. ഓരോ കാലഘട്ടത്തിലും പുതിയ പുതിയ തൊഴിലവസരങ്ങള്‍ ഉയരുമ്പോള്‍ ആ തൊഴിലിടങ്ങളെല്ലാം തൊഴിലാളി സൗഹൃദമാകേണ്ടത് കാലഘട്ടത്തിന്‍റെ കൂടി അനിവാര്യതയായി മാറുന്നു. ഒരു ദിനാചരണം എന്നതിനപ്പുറം തൊഴിലാളികള്‍ അവരുടെ അവകാശങ്ങളെ കുറിച്ചുള്ള ബോധ്യം നിരന്തരം പുതുക്കിയില്ലെങ്കില്‍ ഓരോ കാലഘട്ടത്തിലും തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തൊഴിലാളികള്‍ സംഘടിച്ച് കൊണ്ടേയിരിക്കേണ്ടിവരും.
