നിങ്ങൾ എന്നെ ചരിത്രത്തിന്റെ വിസ്മൃതിയിലേക്കു
എഴുതി തള്ളിയേക്കാം.
നിങ്ങളുടെ കയ്പേറിയ, വക്രമായ കള്ളങ്ങളിലൂടെ
അഴുക്കുചാലിൽ തള്ളിയേക്കാം
എങ്കിലും, പൊടി പോലെ, ഞാൻ 
ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും.

അമേരിക്കന്‍ കവയിത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മായ ആഞ്ചലോ എഴുതിയതാണ്. വംശീയാധിക്ഷേപങ്ങളും, സ്ത്രീയെന്ന നിലയില്‍ ശാരീരികാതിക്രമങ്ങളും നേരിടേണ്ടി വന്ന മായ ആഞ്ചലോ അതിജീവനത്തിന്‍റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെയും പ്രതീകമാണ്. ഇന്ന് മായ ആഞ്ചലോയുടെ ചരമദിനം. 2014 മെയ് 28 -ന് 86 -മത്തെ വയസ്സിലാണ് മായ ആഞ്ചലോ മരിക്കുന്നത്. 

1928 ഏപ്രില്‍ നാലിന് മിസ്സോറിയിലാണ് മായ ആഞ്ചലോ ജനിച്ചത്. ബാല്യകാലം മുതല്‍ കടുത്ത പീഡനങ്ങളെ അതിജീവിച്ചാണ് അവര്‍ വളര്‍ന്നു വന്നത്. മൂന്നാം വയസ്സില്‍ സഹോദരന്‍ ബെയ്ലിക്കൊപ്പം സ്റ്റംപ്സില്‍ അച്ഛന്‍റെ അമ്മയുടെ അടുത്തേക്ക് അയക്കപ്പെട്ടതു മുതല്‍ പതിനേഴാമത്തെ വയസ്സില്‍ തന്‍റെ ആദ്യത്തെ മകന്‍ ഗയ് ജോണ്‍സണ്‍ ജനിക്കുന്നത് വരെയുള്ള കാര്യങ്ങളുള്‍പ്പെടുത്തിയിട്ടുള്ളതാണ് മായ ആഞ്ചലോയുടെ ആത്മകഥയുടെ ആദ്യഭാഗം 'ഐ നോ വൈ ദ കേജ്ഡ് ബേഡ് സിങ്സ്' (മലയാള പരിഭാഷ- എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്). ഏഴ് ഭാഗങ്ങളിലായാണ് മായ ആഞ്ചലോയുടെ ആത്മകഥ പ്രസിദ്ധീകരിച്ചത്. 1969 -ലാണ് ആദ്യമായി ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. വര്‍ണ ലിംഗ വെറിക്കെതിരെയുള്ള തുറന്നു പറച്ചിലുകളായിരുന്നു മായ ആഞ്ചലോയുടെ കൃതികളോരോന്നും. 

പീഡനങ്ങളുടേയും അതിജീവനത്തിന്‍റേയും അടയാളങ്ങള്‍
അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മൂന്നാം വയസ്സില്‍ സ്റ്റംപ്സിലേക്ക് അയക്കപ്പെട്ടു മായയും സഹോദരനും. ഒരു തീവണ്ടിയില്‍ മായാ ആഞ്ചലോയും സഹോദരനും തനിച്ചാണ് സ്റ്റംപ്സിലേക്ക് അയക്കപ്പെട്ടത്. കയ്യിലൊരു ടാഗില്‍ മുത്തശ്ശിയുടെ അഡ്രസ് എഴുതുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും ഇവര്‍ക്കൊപ്പം താമസിക്കാനെത്തുന്നു. എന്നാല്‍, പിന്നീട്  മായ ആഞ്ചലോയും സഹോദരനും തിരികെ അമ്മയുടെ അടുത്തേക്ക് തന്നെ അയക്കപ്പെടുന്നു. പക്ഷെ, എട്ടാമത്തെ വയസ്സില്‍ അമ്മയുടെ ആണ്‍സുഹൃത്തിനാല്‍ ഇവര്‍ പീഡിപ്പിക്കപ്പെട്ടു. തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് മായ ആഞ്ചലോ തന്‍റെ സഹോദരനോട് പറയുകയും സഹോദരന്‍ അത് വീട്ടുകാരോട് പറയുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് അയാള്‍ ജയിലിലടക്കപ്പെട്ടു. പക്ഷെ, ജയിലില്‍ നിന്നിറങ്ങി നാലാമത്തെ ദിവസം മായാ ആഞ്ചലോയുടെ ബന്ധുക്കളാല്‍ അയാള്‍ കൊല്ലപ്പെട്ടു. 

ഈ സംഭവം മായാ ആഞ്ചലോയെ മൗനത്തിലാക്കി, ഇതിനെ കുറിച്ച് അവര്‍ പറയുന്നത്, "ഞാന്‍ കരുതിയത് എന്‍റെ ഒരു വാക്കാണ് അയാളുടെ മരണത്തിനിടയാക്കിയത് എന്നാണ്. ഞാനൊരാളെ കൊന്നു. ഞാനയാളുടെ പേര് പറഞ്ഞില്ലായിരുന്നുവെങ്കില്‍ അയാള്‍ കൊല്ലപ്പെടില്ലായിരുന്നു. അതിന് ശേഷം ഞാനൊന്നും മിണ്ടില്ലെന്നും എന്‍റെ വാക്ക് കാരണം ആരും കൊല്ലപ്പെടില്ലെന്നും ഞാന്‍ തീരുമാനിക്കുകയായിരുന്നു...'' എന്നാണ്. മൗനത്തിലായ ആ വര്‍ഷങ്ങളിലാണ് മായ ആഞ്ചലോ സാഹിത്യത്തിലും മറ്റുമുള്ള അവരുടെ താല്‍പര്യം തിരിച്ചറിയുന്നത് എന്ന് മായാ ആഞ്ചലോയുടെ ജീവചരിത്രത്തിലെഴുതിയിട്ടുണ്ട്. പിന്നീട്, മായയും സഹോദരനും മുത്തശ്ശിയുടെ അടുത്തേക്ക് അയക്കപ്പെടുകയും അവിടെ അവരെ പഠിപ്പിക്കാനെത്തിയ ബെര്‍ത്ത ഫ്ലവേഴ്സ് അവരുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയുമായിരുന്നു. 

പക്ഷെ, തന്‍റെ മുഴക്കമുള്ള ശബ്ദവും മറ്റും താനൊരു പെണ്ണ് തന്നെയാണോ എന്ന ആത്മനിന്ദയിലേക്ക് മായാ ആഞ്ചലോയെ നയിച്ചിരുന്നു. അങ്ങനെ പതിനേഴാമത്തെ വയസ്സില്‍ അയല്‍വീട്ടിലെ ഒരാണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട മായാ ആഞ്ചലോ ഗര്‍ഭിണിയാവുകയും ഒരു മകന്‍ ജനിക്കുകയും ചെയ്യുന്നു. 

1951 -ലാണ്  ടോഷ് ആഞ്ചലോസുമായി മായ ആഞ്ചലോയുടെ വിവാഹം കഴിയുന്നത്. പക്ഷെ, രണ്ട് വര്‍ഷം മാത്രമാണ് ആ ബന്ധം തുടര്‍ന്നത്. പിന്നീടാണ് ഡാന്‍സ് ക്ലാസുകളിലും മറ്റും ചേരുന്നത്. പിന്നീടവര്‍ ഡാന്‍സറായി, ലൈംഗികതൊഴിലാളിയുമായി പിന്നീട് അഭിനേത്രി... 

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങുമായുള്ള പരിചയം മായാ ആഞ്ചലോയുടെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി. പിന്നീട്, കറുത്ത വര്‍ഗ്ഗക്കാരിയെന്ന നിലയില്‍ നേരിടേണ്ടി വന്ന വിവേചനവും അധിക്ഷേപങ്ങളും അവരുടെ എഴുത്തുകള്‍ക്ക് കരുത്ത് പകര്‍ന്നു. പോരാട്ടങ്ങള്‍ക്ക് തുടക്കം നല്‍കി. കുട്ടിക്കാലത്ത് സ്റ്റാപ്സില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളെ കുറിച്ചും ഇവരെഴുതുന്നുണ്ട്. പല്ലുവേദന കാണിക്കാന്‍ ഡോക്ടറുടെ അടുത്ത് പോയപ്പോള്‍ വെള്ളക്കാരനായ ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചതിനെ കുറിച്ചും അവര്‍ വെളിപ്പെടുത്തിയിരുന്നു. 

അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ബില്‍ ക്ലിന്‍റന്‍റെ സ്ഥാനാരോഹണത്തിന് മായ ആഞ്ചലോ എഴുതിയ ഓണ്‍ ദ പള്‍സ് ഓഫ് ദ മോണിങ്ങ് എന്ന കവിതയുടെ പത്ത് ലക്ഷത്തിലേറെ കോപ്പിയാണ് അമേരിക്കയില്‍ വിറ്റുപോയത്. 

മായ ആഞ്ചലോ എന്ന പോരാളി
ഒരു കറുത്ത വര്‍ഗ്ഗക്കാരിയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും നിലനില്‍പ്പിനുവേണ്ടി പോരാടിയ ഒരു സ്ത്രീയായിരുന്നു മായ ആഞ്ചലോ... ഒരിക്കലും നിശബ്ദയാകാനോ അടിമപ്പെടാനോ തയ്യാറാവാത്ത മായാ ആഞ്ചലോ നിരന്തരം സംസാരിച്ചത് സ്വാതന്ത്ര്യത്തെ കുറിച്ചു തന്നെയാണ്. തന്‍റെ എഴുത്തിലൂടെയും സംസാരത്തിലൂടെയും അവര്‍ നിരന്തരം ഉയിര്‍ത്തെഴുന്നേല്‍പ്പിനെയും അതിജീവനത്തേയും കുറിച്ച് അവര്‍ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരുന്നു. 

ഒരിക്കലും ഒരു സ്ത്രീയെന്ന നിലയില്‍ ആരുടെയെങ്കിലും അടിമയായി നിലകൊള്ളാന്‍ അവര്‍ തയ്യാറായിരുന്നില്ല. ചുറ്റുമുള്ള വിവേചനങ്ങളോടെല്ലാം അവര്‍ എഴുത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കലഹിച്ചു കൊണ്ടേയിരുന്നു. അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനതയ്ക്ക് വേണ്ടി എല്ലാക്കാലവും ശബ്ദിച്ച മായ ആഞ്ചലോ വിലക്കുകളുടെയെല്ലാം കൂടു തകര്‍ത്ത് പറന്നുയര്‍ന്ന ഒരു കിളി തന്നെയായിരുന്നു.