തുറന്നതും നീട്ടിയതുമായ കൈകളോടെയാണ് പുതിയ ക്വാര്‍ട്ടര്‍ ആഞ്ചലോയെ ചിത്രീകരിക്കുന്നത്. അവരുടെ പിന്നിൽ ഒരു പറക്കുന്ന പക്ഷിയും ഉദിക്കുന്ന സൂര്യനും കാണാം, അത് അവരുടെ കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അവര്‍ ജീവിച്ച ജീവിതത്തെ പ്രതിനിധീകരിക്കുന്നതാണ് എന്ന് യുഎസ് ട്രഷറി വകുപ്പ് പറഞ്ഞു.
കവിയും സാമൂഹികപ്രവര്‍ത്തകയുമായ മായ ആഞ്ചലോ(Maya Angelou)യുടെ ചിത്രമുള്ള നാണയങ്ങളുമായി യുഎസ് ട്രഷറി. ക്വാർട്ടർ(Quarter) എന്നറിയപ്പെടുന്ന യുഎസ് 25 സെന്റ് നാണയത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ കറുത്ത വനിതയായി അങ്ങനെ മായ ആഞ്ചലോ മാറുകയാണ്. ആഞ്ചലോ, പ്രസിഡന്‍റ് സ്ഥാനമേല്‍ക്കുന്ന വേളയില്‍ കവിത എഴുതുകയും അവതരിപ്പിക്കുകയും ചെയ്ത ആദ്യത്തെ കറുത്തവർഗക്കാരി കൂടിയാണ്.

അമേരിക്കൻ വനിതാ ക്വാർട്ടേഴ്‌സ് പ്രോഗ്രാമിന്റെ(American Women Quarters programme) ഭാഗമായി ഒരു ബഹിരാകാശ സഞ്ചാരി, ഗോത്ര മേധാവി, നടി എന്നിവരുൾപ്പെടെ മറ്റ് പ്രാധാന്യമുള്ള സ്ത്രീകളെ കൂടി നാണയത്തിലേക്ക് ചേര്‍ക്കാന്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ വനിതാ ട്രഷറി സെക്രട്ടറിയാണ് ഈ നീക്കം നടത്തിയത്. “ഓരോ തവണയും നാം നമ്മുടെ കറൻസി പുനർരൂപകൽപ്പന ചെയ്യുമ്പോൾ, നമ്മുടെ രാജ്യത്തെ കുറിച്ച് എന്തെങ്കിലും പ്രധാനകാര്യങ്ങള്‍ സമൂഹത്തെ അറിയിക്കാനുള്ള അവസരം കിട്ടുന്നു. ഞങ്ങള്‍ എന്തിനാണ് മൂല്യം കല്‍പിക്കുന്നത്. എന്താണ് ഇന്ന് കാണുന്ന ഈ പുരോഗമന സമൂഹത്തെ ഉണ്ടാക്കിയെടുത്തത് എന്നതെല്ലാം അതില്‍ പെടുന്നു“ എന്ന് ജാനറ്റ് യെല്ലന്‍ തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആഞ്ചലോ 2014 -ല്‍ എണ്‍പത്തിയാറാമത്തെ വയസിലാണ് മരിച്ചത്. ഡീപ് സൗത്തിലെ തന്റെ ബാല്യകാലത്തെക്കുറിച്ച്, 1969 -ൽ, എഴുതിയ 'ഐ നോ വൈ ദ കേജ്ഡ് ബേഡ്സ് സിംഗ്സ്' (എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്) എന്ന ആത്മകഥയിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി ഓണററി ബിരുദങ്ങൾ നേടുകയും 30 -ലധികം കൃതികൾ എഴുതുകയും ചെയ്തു. 2010 -ൽ, പ്രസിഡന്റ് ബരാക് ഒബാമ അവർക്ക് 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' നല്‍കി ആദരിച്ചു. യുഎസിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണിത്.

തുറന്നതും നീട്ടിയതുമായ കൈകളോടെയാണ് പുതിയ ക്വാര്‍ട്ടര്‍ ആഞ്ചലോയെ ചിത്രീകരിക്കുന്നത്. അവരുടെ പിന്നിൽ ഒരു പറക്കുന്ന പക്ഷിയും ഉദിക്കുന്ന സൂര്യനും കാണാം, അത് അവരുടെ കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അവര്‍ ജീവിച്ച ജീവിതത്തെ പ്രതിനിധീകരിക്കുന്നതാണ് എന്ന് യുഎസ് ട്രഷറി വകുപ്പ് പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിൽ പ്രധാന പങ്കുവഹിച്ച മറ്റ് അമേരിക്കൻ സ്ത്രീകളെ ചിത്രീകരിച്ചുകൊണ്ട് അടുത്ത നാല് വർഷത്തിനുള്ളിൽ 20 ക്വാര്‍ട്ടര്‍ കൂടി പുറത്തിറക്കാന്‍ യുഎസ് മിന്റ് പദ്ധതിയിടുന്നു.
അമേരിക്കയിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയായ സാലി റൈഡ്, ചെറോക്കി നാഷന്റെ ആദ്യ വനിതാ മേധാവിയും തദ്ദേശീയ അവകാശങ്ങൾക്കായി പ്രവര്‍ത്തിക്കുകയും ചെയ്‍ത വിൽമ മാൻകില്ലർ, ഹോളിവുഡിലെ ആദ്യത്തെ ചൈനീസ്-അമേരിക്കൻ ചലച്ചിത്രതാരമായി കണക്കാക്കപ്പെടുന്ന അന്ന മേ വോംഗ് ഇവരൊക്കെ ഇനി ക്വാര്‍ട്ടറിലുള്‍പ്പെടുത്താന്‍ പദ്ധതിയിട്ടവരില്‍ പെടുന്നു.
