Asianet News MalayalamAsianet News Malayalam

ഇവിടെ മേയർ ബ്രോ ജയിച്ചപ്പോൾ അവിടെ അങ്ങ് മുംബൈയിൽ മേയർ തോറ്റു..!

ഇവിടെ ജയിക്കാൻ ഒരു സാധ്യതയുമില്ലായെന്ന് ആളുകള്‍ വിധിയെഴുതിയ വട്ടിയൂർക്കാവിൽ നിന്ന് മേയർ ബ്രോ ജയിച്ചു കേറിയപ്പോൾ, അവിടെ ജയം ഉറപ്പുള്ള ബാന്ദ്രാ ഈസ്റ്റിൽ നിന്ന് മുംബൈ മേയർ തോറ്റു..! 

Mayor bro wins in tough waters, Mumbai Mayor loses the cake walk
Author
Mumbai, First Published Oct 25, 2019, 1:45 PM IST

ഇവിടെ വട്ടിയൂർക്കാവിൽ നിയമസഭയിലേക്ക് കന്നി ഊഴത്തിനായി തിരുവനന്തപുരം നഗരസഭയുടെ മേയറായ വികെ പ്രശാന്ത് മത്സരിച്ചപ്പോൾ, അവിടെ, അങ്ങ്  മുംബൈ മഹാനഗരത്തിലും കോർപ്പറേഷൻ മേയർ  തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരുന്നു, ബാന്ദ്രാ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന്. ഇവിടെ മൂന്നാം സ്ഥാനത്തുനിന്ന് പൊരുതിക്കയറി ചരിത്ര വിജയം നേടിയ മേയർ ബ്രോ വി കെ പ്രശാന്ത് ദേശീയ മാധ്യമങ്ങളുടെ പോലും ഫ്രണ്ട് പേജിൽ ഇടം പിടിച്ചപ്പോൾ ആ ഭാഗ്യം ശിവസേനാ സ്ഥാനാർഥിയായ മേയർ വിശ്വനാഥ്  മഹദേശ്വറിനുണ്ടായില്ല. 

ഇരുവരുടെയും സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തമായിരുന്നു. തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ മേയർ ബ്രോ വി കെ പ്രശാന്ത് മത്സരിക്കാനിറങ്ങുമ്പോൾ സാഹചര്യം ഏറെ വിപരീതമായിരുന്നു. സിപിഎം കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തുവന്ന മണ്ഡലമായിരുന്നു വട്ടിയൂർക്കാവ്. സാമുദായിക-ജാതി രാഷ്ട്രീയം ഏറെ ചർച്ചയായ വട്ടിയൂർക്കാവിൽ എല്ലാ സമവാക്യങ്ങളും കാറ്റിൽപ്പറത്തിയാണ് പ്രശാന്ത് ജയിച്ചു കയറിയത്. അവസാനനിമിഷം വരെയും പ്രശാന്ത് ജയിക്കും എന്ന പ്രതീക്ഷ പലർക്കുമില്ലായിരുന്നു. രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെ ഒക്കെ തകിടം മറിച്ചുകൊണ്ട് പതിനാലായിരത്തില്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മേയർ ബ്രോ എംഎൽഎ ബ്രോ ആയി മാറിയത്. 

എന്നാൽ, ബാന്ദ്രാ ഈസ്റ്റിലെ മത്സരം, മേയര്‍ക്ക് അനുകൂലമായിരുന്നു. ഇത്തവണത്തെ സാഹചര്യങ്ങൾ വെച്ച്, ശിവസേനാ സ്ഥാനാർത്ഥിയും മുംബൈ മഹാനഗരത്തിന്റെ സിറ്റിംഗ് മേയറുമായ വിശ്വനാഥ്  മഹദേശ്വര്‍ പുഷ്പം പോലെ ജയിച്ചു കയറേണ്ട സീറ്റാണ് ബാന്ദ്രാ ഈസ്റ്റ്. ശിവസേനാ സ്ഥാപകനേതാവ് ബാലാ സാഹേബ് താക്കറെയുടെ വീടായ മാതോശ്രീ സ്ഥിതി ചെയ്യുന്ന കാസറവാടി, ബാന്ദ്രാ ഈസ്റ്റ് മണ്ഡലത്തിലാണ്. മുൻ കോൺഗ്രസ് എംഎൽഎ ബാബാ സിദ്ദിഖിയുടെ മകനായ സീഷാൻ സിദ്ദിക്കിയോടാണ് ആറായിരം വോട്ടുകൾക്ക് മേയർ തോറ്റത്. ഇത്തവണ മത്സരരംഗത്തുള്ള ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും സീഷാൻ ആയിരുന്നു. സീറ്റുനൽകാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രയായി മത്സരത്തിനിറങ്ങിയ സിറ്റിംഗ് എംഎൽഎ തൃപ്തി സാവന്താണ് പരാജയത്തിന് കാരണമെന്നാണ് മഹദേശ്വര്‍ പറയുന്നത്. 38,337 വോട്ടുകൾ സീഷാൻ സിദ്ദിഖിക്കും, 32, 547  മഹദേശ്വറിനും കിട്ടിയപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച തൃപ്തി സാവന്ത് വിലപ്പെട്ട 24,071 വോട്ടുകൾ ശിവസേനാ സ്ഥാനാർത്ഥിക്ക് നിഷേധിച്ചു. മേയറുടെ പാർട്ടി അണികളിൽ നിന്ന് ഒരു ആക്രമണം തൃപ്‌തി സാവന്തിന് നേരെ പ്രതീക്ഷിക്കുന്നതിനാൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ് മുംബൈ പൊലീസ്. 

Follow Us:
Download App:
  • android
  • ios