Asianet News MalayalamAsianet News Malayalam

മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കായി കറുത്ത അടിമകള്‍, ശരീരഭാഗങ്ങള്‍ മുറിച്ച് വില്‍പനക്ക് വെച്ചു; കണ്ണില്ലാത്ത ക്രൂരതയുടെ കാലം

1848 -ല്‍ സൗത്ത് കരോലിനയില്‍ ഡോ. ഹാര്‍വേ ലിയോനിഡസ് ബൈഡ്, ഡോ. ടി.ജെ ഡോസിയര്‍ എന്നിവര്‍ ചേര്‍ന്ന് വൈദ്യുതി മര്‍ദ്ദം ഉപയോഗിച്ചുകൊണ്ടുള്ള, 1 മണിക്കൂറും 53 മിനിറ്റും നീണ്ടുനില്‍ക്കുന്ന ഒരു പരീക്ഷണം നടത്തി. 

medical experiment on black slaves
Author
USA, First Published Oct 19, 2019, 12:52 PM IST

അമേരിക്കയിലെ അടിമകളെ ജീവനോടെയും അല്ലാതെയും മെഡിക്കല്‍ ലോകത്തെ കണ്ടുപിടിത്തങ്ങള്‍ക്കായി വെള്ളക്കാര്‍ ഉപോഗിച്ചിരുന്നുവെന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ഒരധ്യായമാണ്. ആഫ്രിക്കൻ വംശജരായ അടിമകളെ പല ലബോറട്ടറികളിലും രോഗങ്ങളും ചികിത്സകളും പരീക്ഷിക്കാൻ ഉപയോഗപ്പെടുത്തിയിരുന്നു. ക്രൂരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അവരിലേറെപ്പേരും ഗുരുതരമായ അസുഖം ബാധിച്ചും മറ്റും മരണപ്പെട്ടു. പല ഡോക്ടര്‍മാരും അവരുടെ പരീക്ഷണങ്ങള്‍ക്കായി യാതൊരു മടിയും കൂടാതെ, യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഈ ആഫ്രിക്കന്‍-അമേരിക്കന്‍ അടിമകളെ ഉപയോഗപ്പെടുത്തിക്കൊണ്ടേയിരുന്നു. യാതൊരവകാശവും സ്വന്തമായില്ലാത്തതിനാല്‍ത്തന്നെ ജീവനോടെയോ, മരിച്ചശേഷമോ അവരെ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങളെ തടയാന്‍ ഈ അടിമകള്‍ക്ക് സാധിച്ചിരുന്നുമില്ല. 

തെക്കെ അമേരിക്കയില്‍ ഈ രീതി ഏറ്റവും മോശവും ക്രൂരവുമായി നിലനിന്നിരുന്നു. ആഫ്രിക്കൻ അടിമകളോട് കടുത്ത വിദ്വേഷവും പകയുമുള്ളവരായിരുന്നു ഇവിടുത്തുകാര്‍. അടിമകളുടെ ശരീരഭാഗങ്ങൾ ഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും മറ്റുള്ളവർക്കും വിപണിയിൽ വിറ്റതായും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.  ജാക്കറ്റുകൾ, ഷൂ എന്നിവയുണ്ടാക്കാനും മറ്റുമായി ആഫ്രിക്കൻ അമേരിക്കക്കാരുടെ തൊലി ഉപയോഗിച്ചിരുന്നു. അടിമകളുടെ ശരീരഭാഗങ്ങള്‍ വില്‍ക്കുന്ന വിപണിയെ ഇത് സജീവമാക്കിയിരുന്നതായും പറയപ്പെടുന്നു. 

ചരിത്രകാരനായ സ്റ്റീഫന്‍ കെന്നിയുടെ Power, opportunism, racism: Human Experiments Under American Slavery എന്ന പുസ്തകത്തില്‍ ഇവയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഭയപ്പെടുത്തുന്നതും ക്രൂരവുമായ പരീക്ഷണങ്ങളുടെയും പ്രവൃത്തികളുടെയും സാക്ഷ്യങ്ങളാണ് ഇതില്‍ പറയുന്ന കാര്യങ്ങള്‍. എന്നാല്‍, ഈ പരീക്ഷണങ്ങളിലേറെയും തന്നെ വിജയിച്ചതോ അമേരിക്കന്‍ ചരിത്രത്തില്‍ മെഡിക്കല്‍ മേഖലയ്ക്ക് എന്തെങ്കിലും സംഭാവന നല്‍കിയതോ ഒന്നുമായിരുന്നില്ല. അടിമകളോടുണ്ടായിരുന്ന  മനോഭാവത്തില്‍നിന്നും ക്രൂരതയില്‍നിന്നും ഉണ്ടായതാണ് ഇതെന്ന് കരുതേണ്ടിവരും. ഈ പുസ്‍തകത്തിന് പുറമേ അടിമയായിരുന്ന ജോണ്‍ ബ്രൗണും തന്‍റെതന്നെ അനുഭവം വെളിപ്പെടുത്തിയിട്ടുമുണ്ട്. 

കേസ് 1

1848 -ല്‍ സൗത്ത് കരോലിനയില്‍ ഡോ. ഹാര്‍വേ ലിയോനിഡസ് ബൈഡ്, ഡോ. ടി.ജെ ഡോസിയര്‍ എന്നിവര്‍ ചേര്‍ന്ന് വൈദ്യുതി മര്‍ദ്ദം ഉപയോഗിച്ചുകൊണ്ടുള്ള, 1 മണിക്കൂറും 53 മിനിറ്റും നീണ്ടുനില്‍ക്കുന്ന ഒരു പരീക്ഷണം നടത്തി. 12 വയസ്സ് മാത്രം പ്രായമുള്ള ഹാരിയറ്റ് എന്നുപേരായ ഒരു അടിമപ്പെണ്‍കുട്ടിയുടെ മേലായിരുന്നു പരീക്ഷണം. തീര്‍ത്തും ഭ്രാന്ത് പിടിച്ചതരത്തിലുള്ള അക്രമാസക്തമായ പരീക്ഷണങ്ങളാണ് ഈ രണ്ട് ഡോക്ടര്‍മാരും ചേര്‍ന്ന് പെണ്‍കുട്ടിക്ക് മുകളില്‍ നടത്തിയത്. രക്തസ്രാവം, പൊള്ളല്‍, ശുദ്ധീകരണം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ക്കാണ് അവരാ പെണ്‍കുട്ടിയെ വിധേയയാക്കിയത്. അവര്‍ നടത്തിയ പരീക്ഷണങ്ങളിലെ പരിഹാരങ്ങളൊന്നും ഫലപ്രദമല്ലെന്ന് തെളിഞ്ഞപ്പോള്‍ അവരവളെ ഒരു എലക്ട്രോ മാഗ്നറ്റിക് ബാറ്ററിവെച്ച് ഷോക്കടിപ്പിച്ച് തുടങ്ങി. 

അവള്‍ തനിക്ക് കഴിയുംപോലെയെല്ലാം ആ പരിക്ഷണങ്ങളോട് ചെറുത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, രണ്ട് ഡോക്ടര്‍മാരും ഒരു പുരുഷ മെഡിക്കല്‍ സഹായിയും ചേര്‍ന്ന് അവളെ അനങ്ങാന്‍ പറ്റാത്തവണ്ണം മുറുക്കെപ്പിടിച്ച് പരീക്ഷണങ്ങള്‍ തുടര്‍ന്നു. അവള്‍ ഉറക്കെ കരഞ്ഞു. നിങ്ങളെന്‍റെ പുറംഭാഗം കത്തിക്കുകയാണ് എന്നുപറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി കരഞ്ഞിരുന്നത്. കുറച്ച് മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ വൈദ്യതിപ്രവാഹം നിര്‍ത്തി. അവളുടെ വേദനകൊണ്ടുള്ള കരച്ചിലില്‍ നിന്ന് ഡോക്ടര്‍മാര്‍ തങ്ങളുടെ ആ പരീക്ഷണം വിജയകരമായിരുന്നുവെന്ന് സ്ഥാപിച്ചു. അവള്‍ക്ക് നേരത്തെ സംസാരിക്കാന്‍ കഴിയില്ലായിരുന്നുവെന്നും അവര്‍ ആരോപിച്ചു.  

കേസ് 2

1817 മുതല്‍ 1826 വരെ സൗത്ത് കരോലിനയിലാണ് ഇത്തരം പരീക്ഷണങ്ങള്‍ നടന്നത്. ഏലിയാസ് എസ് ബെന്നറ്റ് എന്ന് പേരായ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി (പിന്നീട് ഡോക്ടറായി) തന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ ഒരു അടിമപ്പെണ്‍കുട്ടിയിലാണ് പരീക്ഷണങ്ങള്‍ നടത്തിയത്. അവളുടെ വലതുചെവിക്ക് പിറകിലായി ഒരു ട്യൂമറുണ്ടായിരുന്നു. തെറ്റായ ഒരു ശസ്ത്രക്രിയ അവളുടെ ശരീരത്തിലെന്ത് മാറ്റമുണ്ടാക്കുമെന്നതായിരുന്നു ബെന്നറ്റിന്‍റെ പരീക്ഷണം. ട്യൂമര്‍ വളരുന്നതിനും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ക്കൂടി പ്രത്യക്ഷപ്പെടുന്നതിനുമാണ് ഈ പരീക്ഷണം കാരണമായിത്തീര്‍ന്നത്. പെണ്‍കുട്ടിക്ക് ആറ് വയസ്സായപ്പോഴേക്കും ഒരു ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ വലിപ്പത്തില്‍ അവളിലൊരു ട്യൂമര്‍ വളരുകവരെ ചെയ്‍തു. 

മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടി തിരിച്ചെത്തിയ ശേഷവും ബെന്നറ്റ് പെണ്‍കുട്ടിയിലുള്ള തന്‍റെ പരീക്ഷണം തുടര്‍ന്നു. അന്നവള്‍ക്ക് 11 വയസ്സായിരുന്നു പ്രായം. പതിനേഴാമത്തെ വയസ്സില്‍ ബെന്നറ്റ് തന്‍റെ പരീക്ഷണങ്ങള്‍ നടത്താനുള്ള സ്വകാര്യസ്വത്തായി കരുതിയിരുന്ന ആ പെണ്‍കുട്ടി മരിച്ചു. ബെന്നറ്റ് തന്‍റെ മെഡിക്കല്‍ പരീക്ഷണങ്ങളുടെ രേഖകളില്‍ അവളുടെ മേലുള്ള പരീക്ഷണങ്ങളെക്കുറിച്ചെഴുതിവെച്ചു. ലൈംഗികതയിലുള്ള അമിതമായ താല്‍പര്യവും അമിത സ്വയംഭോഗവും കാരണമാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് ആ ക്രൂരനായ ഡോക്ടര്‍ തന്‍റെ കണ്ടുപിടിത്തങ്ങളുടെ കൂട്ടത്തിലെഴുതിവെച്ചത്. കൂടാതെ, അവളുടെ മരണത്തിനുശേഷം അയാളവളുടെ ശരീരത്തില്‍ നിന്ന് തലയോട്ടി പുറത്തെടുത്ത് ബാല്‍ത്തിമോറിലെ മെഡിക്കല്‍ ശേഖരണത്തിലേക്ക് അത് സമ്മാനിക്കുകയും ചെയ്‍തു. 

കേസ് 3

1846 -ല്‍ എ ബി ക്രൂക്ക് എന്ന ഡോക്ടറുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള ഒരു അടിമയ്ക്ക് മേല്‍ പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ട്യൂമറുണ്ടായിരുന്ന ആ മനുഷ്യന് ഫംഗല്‍ ഇന്‍ഫെക്ഷനുമുണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. അത് സാധാരണമല്ലെന്നും പറഞ്ഞായിരുന്നു ഒരു സംഘം ആളുകള്‍ ആ അടിമയ്ക്കുമേലെ പരീക്ഷണങ്ങള്‍ നടത്തിയത്. പരീക്ഷണങ്ങള്‍ക്ക് മുമ്പ് തന്നെ ആ മനുഷ്യന്‍റെ തലയോട്ടി തുറന്നു. അത് ട്യൂമര്‍ പിന്നേയും വളരുന്നതിന് കാരണമായി. ഇത് അദ്ദേഹത്തിന്‍റെ സംസാരിക്കാനുള്ള കഴിവ് നഷ്‍ടപ്പെടുത്തി. മാത്രവുമല്ല, ശരീരത്തിന്‍റെ വലതുഭാഗത്തെ നിയന്ത്രണവും അദ്ദേഹത്തിന് നഷ്‍ടമായി. ഒടുവില്‍ പരീക്ഷണങ്ങളുടെ ഒടുക്കം ആ അടിമ മരിക്കുകയായിരുന്നു. 

കേസ് 4 

1840 -ല്‍ ഒരു തോട്ടത്തിലെ അടിമയായിരുന്ന ജോണ്‍ ബ്രൗണിന് നിരവധി പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകേണ്ടിവന്നത്. അവിടുത്തെ ഒരു ഡോക്ടറായ തോമസ് ഹാമില്‍ട്ടണ്‍ എന്നയാളുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണങ്ങള്‍. സൂര്യപ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളായിരുന്നു ജോണ്‍ ബ്രൗണിനുമേല്‍ നടത്തിയിരുന്നത്. ഡോ. ഹാമില്‍ട്ടണിന്‍റെതന്നെ ഒരു മരുന്ന് പുരട്ടിയശേഷം അയാളെ നഗ്നനാക്കി വെയിലത്ത് ഒരു സ്റ്റൂളിലിരുത്തി. വെയിലേറ്റ് അയാള്‍ വീഴുന്നതുവരെയായിരുന്നു ആ ഇരിപ്പ് ഇരിക്കേണ്ടിയിരുന്നത്. ഓരോ സെഷനിലെയും ചൂട് ഹാമില്‍ട്ടണ്‍ രേഖപ്പെടുത്തി. ഓരോ ദിവസത്തേയും തോട്ടത്തിലെ പണിക്ക് പുറമേയായിരുന്നു ജോണിന് ഈ പരീക്ഷണങ്ങള്‍ക്ക് വിധേയനാകേണ്ടിവന്നത്. ജോണിനുമേലുള്ള പരീക്ഷണത്തിനുശേഷം ഹാമില്‍ട്ടണ് വെള്ളക്കാരും കറുത്തവര്‍ഗ്ഗക്കാരും തമ്മിലുള്ള വ്യത്യാസത്തെചൊല്ലിയുള്ള പരീക്ഷണങ്ങള്‍ നടത്താനുള്ള ഭ്രാന്ത് കൂടിവന്നു. 

തന്‍റെ മേലെ നടത്തപ്പെട്ടിട്ടുള്ള പരീക്ഷണങ്ങളെ കുറിച്ച് ജോണ്‍ ബ്രൗണ്‍ തന്നെ പറയുന്നുണ്ട്. 'എന്‍റെ ശരീരത്തിലെ കറുത്തതൊലി എത്രമാത്രം ആഴമുള്ളതാണ് എന്നറിയാന്‍ അയാള്‍ പരീക്ഷണം നടത്തി. എന്‍റെ കാല്‍, കൈ, കാലടി എന്നിവിടെയെല്ലാം അവര്‍ പൊള്ളലേല്‍പ്പിച്ചു. പുറമേയുള്ള കറുത്ത തൊലിയും അകമേയുള്ളതും തമ്മിലുള്ള വ്യത്യാസം കാണുന്നതുവരെ അയാളിത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഓരോ ഈരണ്ടാഴ്‍ചയുടെ ഇടവേളകളിലും ഈ പരീക്ഷണങ്ങള്‍ തുടര്‍ന്നിരുന്നു' എന്നാണ് ജോണ്‍ ബ്രൗണ്‍ പറഞ്ഞത്. 

അടിമകളില്‍ നടത്തിയ പരീക്ഷണത്തെ കുറിച്ച് ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ ആദ്യം കാണുന്ന  പേരുകളൊരുപക്ഷേ ജെ. മാരിയോണ്‍ സിമിന്‍റെയും ക്രഫോര്‍ഡ് ലോംഗിന്‍റെയും ആയിരിക്കും. മോഡേണ്‍ ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റെട്രിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നയാളാണ് സിം. സിമ്മിന്‍റെ പല പരീക്ഷണങ്ങളും നടന്നത് അയാള്‍ വാങ്ങിയ അടിമസ്ത്രീകളിലായിരുന്നു. അതിലെതന്നെ പല കറുത്ത സ്ത്രീകളേയും അനസ്തേഷ്യ നല്‍കാതെയോ മയക്കാതെയോ ആണ് ശസ്ത്രക്രിയകള്‍ നടത്തിയത്. ക്രഫോര്‍ഡിന്‍റെ പരീക്ഷണങ്ങളിലും പലതും മനുഷ്യത്വരഹിതമായിരുന്നു. ആഫ്രിക്കന്‍ ആണ്‍കുട്ടികളുടെ വിരലുകളടക്കം മുറിച്ചെടുത്തുകൊണ്ടായിരുന്നു പരീക്ഷണം. അതുകൊണ്ടുതന്നെ മെഡിക്കല്‍ പരീക്ഷണങ്ങളിലെ വംശീയതയ്ക്കും ക്രൂരതയ്ക്കും മറുപടി പറയാനുള്ള ഉത്തരവാദിത്വം ഇവരിലുമുണ്ട്. 

മുകളില്‍ പറഞ്ഞ ഈ ഉദാഹരണങ്ങള്‍ നൂറുകണക്കിന് വരുന്ന പീഡനങ്ങളുടേയും കൊടുംക്രൂരതയുടേയും വളരെ വളരെ ചെറിയ ശതമാനം മാത്രമാണ്. ആയിരക്കണക്കിന് ആഫ്രിക്കന്‍ അടിമകളെയാണ് വെള്ളക്കാര്‍ തങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് അന്ന് വിധേയമാക്കിക്കൊണ്ടിരുന്നത്. ചരിത്രത്തിന്‍റെ വാതില്‍ തുറന്നുനോക്കിയാല്‍ എഴുതിയതും എഴുതപ്പെടാത്തതുമായ ഇതുപോലെ ആയിരക്കണക്കിന് അനുഭവങ്ങള്‍ കാണാം. 

Follow Us:
Download App:
  • android
  • ios