എന്നാല്‍, മേഘ പങ്കുവച്ച ഒരു സ്ക്രീന്‍ഷോട്ട് വൈറലായിരുന്നു. പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചതിനെ തുടര്‍ന്ന് അച്ഛനയച്ച സന്ദേശമാണ് അതില്‍.

വെള്ളിയാഴ്ചയാണ് ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ജേർണലിസം ബോർഡ് പുലിറ്റ്സര്‍ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചവരുടെ കൂട്ടത്തില്‍ മേഘ രാജ​ഗോപാലൻ എന്ന ഇന്ത്യന്‍ വംശജയുമുണ്ടായിരുന്നു. ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ വംശജയെ തേടി യുഎസ്സിലെ തന്നെ ഏറ്റവും വലിയ മാധ്യമപുരസ്കാരമായ പുലിറ്റ്സര്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ചൈനയിലെ തടങ്കല്‍പ്പാളയങ്ങളില്‍ ഉയ്ഗറുകള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളെ കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് മേഘയ്ക്കും കൂടെ പ്രവര്‍ത്തിച്ച രണ്ടുപേര്‍ക്കും പുരസ്കാരം ലഭിച്ചിരിക്കുന്നത്.

പുരസ്കാരം നേടിയ വാര്‍ത്തയെന്ത്?

അമേരിക്കന്‍ ഇന്‍റര്‍നെറ്റ് മീഡിയ ആയ BuzzFeed -ലെ മാധ്യമപ്രവര്‍ത്തകയാണ് മേഘ രാജഗോപാലന്‍. 2008 -ല്‍ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡിന് കീഴിലുള്ള ഫിലിപ് മെറില്‍ കോളേജ് ഓഫ് ജേണലിസത്തിലായിരുന്നു പഠനം. BuzzFeed -ല്‍ ജോലി ചെയ്യുകയായിരുന്ന മേഘ ചൈനയിലെ തടങ്കല്‍ പാളയങ്ങളെ കുറിച്ച് വിവരങ്ങള്‍ പുറത്തറിഞ്ഞു തുടങ്ങിയ കാലത്ത് തന്നെ അതിനെക്കുറിച്ച് അന്വേഷണമാരംഭിച്ച ഒരാളായിരുന്നു. എന്നാല്‍, സിൻജിയാങ്ങിൽ തടങ്കൽപ്പാളയങ്ങൾ പ്രവർത്തിക്കുന്നു എന്ന വാർത്ത നേരത്തെ തന്നെ ചൈന നിഷേധിച്ചിരുന്നു. 2017 -ൽ ചൈനയിൽ ഉയ്​ഗർ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതായി റിപ്പോർട്ടുകൾ വന്ന സമയത്ത് ആ ക്യാമ്പുകൾ സന്ദർശിച്ച ആദ്യത്തെ ആളുകളിൽ മേഘയും ഉൾപ്പെടുന്നു. 

എന്നാല്‍, റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ മേഘയുടെ വിസ റദ്ദാക്കുകയും അവളെ പുറത്താക്കുകയും ചെയ്തു ചൈന. തുടര്‍ന്ന് അവള്‍ ലണ്ടനിലേക്ക് മടങ്ങി. എങ്കിലും മേഘ അന്വേഷണം അവസാനിപ്പിച്ചില്ല, നാല് ഭാഗങ്ങളിലായി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മേഘയോടൊപ്പം രണ്ടുപേര്‍ കൂടി റിപ്പോര്‍ട്ട് തയ്യാറാക്കാനുണ്ടായിരുന്നു. അതിലൊരാള്‍ ആര്‍ക്കിടെക്ടായ അലിസണ്‍ കില്ലിംഗാണ്, പിന്നെയൊരാള്‍ പ്രോഗ്രാമറായ ക്രിസ്റ്റോ ബുച്ചെക്കും. 

2018 വരെ ബെയ്ജിംഗ്, തടങ്കല്‍ പാളയങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നത് നിഷേധിച്ചു എങ്കിലും ആ വര്‍ഷം ഉയ്ഗറുകളെ അങ്ങനെ പാര്‍പ്പിക്കുന്നുണ്ട് എന്നത് ചൈന സമ്മതിച്ചു. എന്നാല്‍, അത് സര്‍ക്കാരിന്‍റെ തീവ്രവാദത്തിനെതിരെയുള്ള റീ എജ്യുക്കേഷന്‍ സെന്‍ററാണ് എന്നാണ് പറഞ്ഞത്. ചൈനയില്‍ നിന്നും പുറത്താക്കിയതോടെ ലണ്ടനില്‍ തിരിച്ചെത്തിയ മേഘ സാറ്റലൈറ്റ് ഇമേജുകളുടെ സഹായത്തോടെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എങ്ങനെയൊക്കെ വിവരശേഖരണം നടത്താമെന്നും അതെങ്ങനെ വിശകലനം ചെയ്യാമെന്നും വ്യക്തമാക്കുന്ന മാധ്യമപ്രവര്‍ത്തനമാണ് മേഘ കാഴ്ചവച്ചതെന്ന കാര്യത്തില്‍ സംശയമില്ല. 

അച്ഛനയച്ച അഭിനന്ദനം വൈറൽ

ഇന്ത്യയില്‍ നിന്നുള്ള മാധ്യമങ്ങള്‍ വളരെ അഭിമാനത്തോടെയാണ് മേഖയുടെ പുരസ്കാരവാര്‍ത്തയെ സ്വീകരിച്ചത്. ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച മേഘ വാഷിംഗ്ടണ്‍ ഡിസി -ക്ക് സമീപമുള്ള മേരിലാന്‍ഡ് സര്‍വകലാശാലയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. പുരസ്കാരനേട്ടത്തെ തുടര്‍ന്ന് അമ്മയ്ക്കും അച്ഛനും മേഘ തന്‍റെ നന്ദി അറിയിച്ചിരുന്നു. അവരുടെ പിന്തുണ തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നുവെന്നും മേഘ പറയുകയുണ്ടായി. തന്‍റെ കുടുംബത്തില്‍ മാധ്യമപ്രവര്‍ത്തന മേഖലയില്‍ ജോലി ചെയ്യുന്ന ആരുമില്ല. എന്നാല്‍, ആ രംഗത്ത് പ്രവര്‍ത്തിക്കാന്‍ അവരെന്നെ ഒരുപാട് സഹായിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അവരുടെ പ്രചോദനമാണ് തന്നെ സഹായിച്ചത് എന്നും മേഘ പറഞ്ഞു.

Scroll to load tweet…

എന്നാല്‍, മേഘ പങ്കുവച്ച ഒരു സ്ക്രീന്‍ഷോട്ട് വൈറലായിരുന്നു. പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചതിനെ തുടര്‍ന്ന് അച്ഛനയച്ച സന്ദേശമാണ് അതില്‍. 'പുലിറ്റ്സര്‍ പുരസ്കാരത്തിന് അഭിനന്ദനങ്ങള്‍ മേഘ, അമ്മയിപ്പോഴാണ് വിവരം പറഞ്ഞത്. വെല്‍ഡണ്‍' എന്നായിരുന്നു സന്ദേശം. 'അണ്ടര്‍സ്റ്റേറ്റഡ് ഇന്ത്യന്‍ ഡാഡ് റിയാക്ഷന്‍' എന്ന ക്യാപ്ഷനോടെയാണ് മേഘ സ്ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുന്നത്. അതോടെ ട്വീറ്റ് വൈറലാവുകയും ഒരുപാട് കമന്‍റുകള്‍ വരികയും ചെയ്തു. സ്വതവേ ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് മക്കളെ അഭിനന്ദിക്കാന്‍ മടിയാണ് എന്നാണ് മിക്കവരും പറഞ്ഞത്. ഒരാള്‍ കുറിച്ചത് രസകരമായിരുന്നു, 'ഇനി മകൾ നൊബേല്‍ പുരസ്കാരം വാങ്ങണമായിരിക്കും' എന്നാണ് കുറിച്ചത്. ഇതിലൊന്നും തൃപ്തരാവുന്നവരല്ല ഇന്ത്യന്‍ മാതാപിതാക്കള്‍, ഡോക്ടറോ എഞ്ചിനീയറോ ആവണം, കൊച്ചുമക്കള്‍ വേണം എന്നെല്ലാം കമന്‍റ് ചെയ്തവരുണ്ട്. എന്നാല്‍, പരസ്പരം ബഹുമാനത്തോടെ, മിതമായി പെരുമാറുന്നവരായിരിക്കാം ആ മാതാപിതാക്കളെന്ന് പറഞ്ഞവരും ഉണ്ട്. ഏതായാലും മേഘ സ്ക്രീന്‍ഷോട്ട് പങ്കുവച്ചതോടെ ഇന്ത്യന്‍ വംശജയ്ക്ക് പുലിറ്റ്സര്‍ പുരസ്കാരം എന്നതിലും കവിഞ്ഞ് ഇന്ത്യന്‍ മാതാപിതാക്കളുടെ അഭിനന്ദനപ്രകടനങ്ങൾ എങ്ങനെയാണ് എന്നതിനെ കുറിച്ചും ചര്‍ച്ചകളുയര്‍ന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നീല്‍ബേദിക്കും പുരസ്കാരം

പ്രാദേശിക റിപ്പോര്‍ട്ടിങ് വിഭാഗത്തില്‍ ഇന്ത്യന്‍ വംശജനായ നീല്‍ ബേദിയും പുലിറ്റ്സർ പുരസ്കാരത്തിന് അര്‍ഹനായി. ഫ്ലോറിഡയില്‍ കുട്ടികളെ കണ്ടെത്താനായി എന്‍ഫോഴ്സ്മെന്‍റ് അധികാരികള്‍ നടത്തുന്ന ദുര്‍വ്യവഹാരങ്ങള്‍ പുറത്ത് കൊണ്ടുവന്നതിനാണ് ബേദിക്ക് പുരസ്കാരം.