'രക്തമൊലിപ്പിച്ചു കിടന്ന അവളെ അവന്‍ വാരിയെടുത്തപ്പോള്‍ ചുറ്റാകെ പച്ചമുളകുകള്‍ ചതഞ്ഞരഞ്ഞ്  കിടന്നിരുന്നു. അവരുടെ തമിഴ്‌നാട്ടിലെ തോട്ടത്തിലെ മുളകായിരുന്നു അവളുടെ കൈയില്‍.'

'The flower that smiles to-day
To-morrow dies...

എത്ര മനോഹരമായാണ് ഓരോ വാക്കും അയാള്‍ ഉച്ചരിക്കുന്നത്! ഇയാള്‍ ഭ്രാന്തനാണെന്നോ! അല്ല ഇയാള്‍ ഭ്രാന്തനല്ല. ആ വരികള്‍ കേള്‍ക്കുമ്പോള്‍ ഞാനെന്നോട് പറയും.

പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തുള്ള ഓര്‍മ്മകള്‍ക്ക് ഇന്നും മധുരപതിനേഴാണ്. ബസ് സ്റ്റാന്‍ഡില്‍നിന്നും അഞ്ഞൂറ് മീറ്ററോളം ദൂരമുണ്ട് ഞങ്ങളുടെ ട്യൂഷന്‍ ക്ലാസ്സിലേക്ക്. ചുറ്റുമുള്ള കാഴ്ചകളില്‍ നോട്ടം കൊരുത്ത് കോളേജ് റോഡിലൂടെയുള്ള ആ നടത്തം ഞങ്ങള്‍ വളരെയേറെ ആസ്വദിച്ചിരുന്നു.
മൗനം പോലും വാചാലമായിരുന്നല്ലോ അന്ന്!

റോഡിന്റെ വലത് വശത്തെ നിരയില്‍ അങ്ങേയറ്റത്ത് പൂവും പച്ചക്കറിയും വില്‍ക്കുന്ന ഒരു കടയാണ്. കനകംബാള്‍ എന്ന് വിളിക്കുന്ന ചേച്ചിയും അവരുടെ ഭര്‍ത്താവുമാണ് അതിന്റെ നടത്തിപ്പുകാര്‍. അവരുടെ പച്ചക്കറി കുട്ടയില്‍നിന്നും പച്ചമുളകുകള്‍ വാരിത്തിന്നുന്ന ഒരു മനുഷ്യനെ ഞങ്ങള്‍ കാണാറുണ്ട്.
അന്നത് കഴുകാതെ കഴിക്കാമായിരുന്നു, ഭാഗ്യവാന്‍! സ്വാര്‍ത്ഥതയുടെ വിഷത്തുള്ളികള്‍ പച്ചക്കറികളിലും തെറിച്ചിരുന്നില്ലല്ലോ! 

മനസ്സിന് സുഖമില്ലാത്ത മനുഷ്യനാണ് വിനോദേട്ടന്‍.അയാള്‍ ആ മുളകുകള്‍ കഴിക്കുമ്പോള്‍ അത് നോക്കുന്ന എന്റെ നാവിലേക്ക് എരി പടരുന്ന പോലെ തോന്നിയിട്ടുണ്ട്, പക്ഷേ ആ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടാകാറില്ല.അപ്പോഴും പാടുന്നുണ്ടാകും

'What is this world's delight?
Lightning that mocks the night,
Brief even as bright .'

വിനോദേട്ടന്‍ എന്തിനാകും ഇങ്ങനെ എരിവ് കഴിക്കുന്നതെന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്, പക്ഷേ ഉത്തരം മാത്രം എന്നില്‍നിന്നും ഏറെ അകലെയായിരുന്നു.

എന്നും ബസ് കൂലിയില്‍നിന്നും നാല് രൂപ വെച്ച് ഞാന്‍ മാറ്റിവയ്ക്കും. വെള്ളിയാഴ്ച്ച മുട്ടപഫ്സ് കഴിക്കുന്നതിനായോ, ഏതെങ്കിലും മാസിക വാങ്ങുന്നതിനായോ ഒക്കെയാണ് അതെടുക്കുക. അല്ലെങ്കില്‍ എന്റെ സമ്പാദ്യപ്പെട്ടിയില്‍ അത് കൂട്ടിവെയ്ക്കും.ആ മിച്ചം പിടിക്കുന്നതില്‍നിന്നും പത്തു രൂപ ഞാന്‍ അദ്ദേഹത്തിന് കൊടുക്കും.

ചിലപ്പോള്‍ പുഞ്ചിരിയോടെ അത് വാങ്ങും, അല്ലെങ്കില്‍ തലകുനിച്ച് മിണ്ടാതെ നടന്നുപോകും. അപ്പോഴും ഉച്ചത്തില്‍ ആലപിക്കുന്നുണ്ടാകും:

'My name is Ozymandias, king of kings:
Look on my works, ye Mighty, and despair...

എന്റെ മനസ്സില്‍ അദ്ദേഹത്തെ കുറിച്ചുള്ള സംശയങ്ങള്‍ ശ്വാസംമുട്ടി പിടഞ്ഞപ്പോള്‍ ഞാന്‍ ലളിത ചേച്ചിയോട് ചോദിച്ചു. അവര്‍ക്ക് പറയാനുണ്ടായിരുന്നത് കണ്ണുനിറയ്ക്കുന്ന ഒരു കഥയായിരുന്നു.

'അവന്റെ പേര് വിനോദ് രവി. ഇംഗ്ലീഷില്‍ പി ജി എടുത്തിട്ടുള്ള മനുഷ്യനാണ്. പ്രീ ഡിഗ്രി മുതല്‍ അയാളോടൊപ്പം പഠിച്ചിരുന്ന ഒരു കുട്ടിയുമായി പ്രണയത്തിലായിരുന്നു. രണ്ടാളും ഒരേ കോളേജിലാണ് പി എച്ച് ഡി യ്ക്ക് ചേര്‍ന്നത്. വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതത്തോടെ വിവാഹവും ഉറപ്പിച്ചിരുന്നു.കോളേജില്‍ പോകാനുള്ള സൗകര്യത്തിന് അവളും കുടുംബവും കോളേജിന് സമീപമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്, അവന്‍ ഹോസ്റ്റലിലും.

ഒരു വെള്ളിയാഴ്ച വൈകിട്ട് അവന്‍ നാട്ടിലേക്ക് പോകാനായി ബാഗും തയാറാക്കി ഗേറ്റില്‍ അവളെയും കാത്തുനിന്നു. അവന്റെ അമ്മയ്ക്ക് കൊടുക്കാന്‍ അവളുടെ അമ്മ എന്തൊക്കെയോ വെച്ചിട്ടുണ്ട് അതെടുത്ത് വരാം എന്ന് പറഞ്ഞാണ് അവള്‍ വീട്ടിലേക്ക് പോയത്. കാത്തുനിന്ന അവനെ നോക്കി റോഡ് ക്രോസ്സ് ചെയ്ത അവളെ പാഞ്ഞുവന്ന ഒരു അംബാസഡര്‍ കാര്‍ ഇടിച്ചു തെറിപ്പിച്ചു, ആ കുട്ടി ആ നിമിഷത്തില്‍തന്നെ മരണമടഞ്ഞു.'

'ചേച്ചീ ആ മരണത്തോടെയാണോ വിനോദേട്ടന്‍ ഇങ്ങനെയായത്?'

'അതേ മോളെ. അത്രയേറെ നാടും വീടും അംഗീകരിച്ച ഒരു ബന്ധമായിരുന്നു അത്. അപ്പോള്‍ അവനെങ്ങനെ അത് സഹിക്കും.അവന്‍ പിന്നെ നോര്‍മല്‍ ആയിട്ടേയില്ല.'

'ഈ പച്ചമുളകുമായിട്ട് എന്താ ബന്ധം?'-എന്റെ ആകാംക്ഷ അത് മാത്രമായിരുന്നു.

'രക്തമൊലിപ്പിച്ചു കിടന്ന അവളെ അവന്‍ വാരിയെടുത്തപ്പോള്‍ ചുറ്റാകെ പച്ചമുളകുകള്‍ ചതഞ്ഞരഞ്ഞ് കിടന്നിരുന്നു. അവരുടെ തമിഴ്‌നാട്ടിലെ തോട്ടത്തിലെ മുളകായിരുന്നു അവളുടെ കൈയില്‍.'

'വീട്ടുകാരൊക്കെ?'

'എല്ലാവരുമുണ്ട്, അവനെ എല്ലാര്‍ക്കും കാര്യാണ്, ചിലപ്പോള്‍ വീട്ടുകാര്‍ വന്ന് അവനെ കൂട്ടികൊണ്ട് പോകും. പക്ഷേ ആ കുട്ടിയും അവനും ആദ്യം പഠിച്ച കോളേജിന് സമീപത്തുതന്നെ അവന്‍ ചുറ്റിപറ്റി നടക്കുന്നു. ഏഴു മണിയോടെ അവന്റെ പെങ്ങള്‍ വരും. അനുസരണയോടെ കൂടെ പോകും.'

ചേച്ചി പറഞ്ഞു തീര്‍ത്തപ്പോള്‍ വിനോദേട്ടന്‍ അവിടേക്ക് വന്ന് എന്റെ മുന്നില്‍ കൈനീട്ടി . കൂടെയുണ്ടായിരുന്ന സുഹൃത്ത് ആ കൈയിലേക്ക് ഇരുപത് രൂപ വെച്ചുകൊടുത്തു. നടന്നുപോകുന്ന അയാളില്‍നിന്നും ഉതിര്‍ന്നുവീഴുന്ന വാക്കുകള്‍ അപ്പോള്‍ മാത്രം എന്റെ കണ്ണുനിറയിച്ചു.

I weep for Adonais-he is dead!
Oh, weep for Adonais! though our tears.


നടന്നുതീര്‍ത്ത വഴികളിലേക്ക് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടാക്കുന്ന, നഷ്ടബോധമുണ്ടാക്കുന്ന ഒരുപാട് ഓര്‍മ്മകള്‍ ആ അഞ്ഞൂറ് മീറ്ററിനുള്ളില്‍ കുരുങ്ങികിടക്കുന്നത് എനിക്ക് കാണാനാകും. ഓര്‍മ്മകള്‍ക്ക് ശബ്ദമുണ്ടെന്ന് എനിക്ക് മനസ്സിലായത് ഈ അടുത്ത് ആ വഴിത്താരയിലൂടെ വെറുതെ ഒന്ന് നടന്നപ്പോഴാണ്, എത്രയെത്ര ഓര്‍മ്മകളാണെന്നെ പേരെടുത്ത് വിളിക്കുന്നത്! കണ്ണുനിറയാതെ തിരികെ നടക്കാനായില്ല എന്നതാണ് സത്യം .എവിടെനിന്നോ വിനോദേട്ടന്‍ പാടുന്നുണ്ടായിരുന്നു,

The flower that smiles to-day
To-morrow dies...

ഫലമൊന്നുമില്ലെങ്കിലും തിരികെയുള്ള യാത്രയില്‍ ഞാനെന്നോട് പറഞ്ഞുകൊണ്ടിരുന്നു,

till the Future dares
Forget the Past, his fate and fame shall be
An echo and a light unto eternity!'