ഇരുപത്തേഴുകാരനായ ഒരു ഗോത്രവർഗക്കാരൻ പട്ടാപ്പകൽ മർദ്ദനമേറ്റുമരിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞിരിക്കുകയാണ്. 2018 ഫെബ്രുവരി 22 -ന് നടന്ന ആ സംഭവം കേരളത്തിന്റെ മനസ്സാക്ഷിയെത്തന്നെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. മധു എന്ന യുവാവിന് കൊടിയ മർദ്ദനം ഏൽക്കുന്നതിലേക്കും, അയാൾ മരണപ്പെടുന്നതിലേക്കും നയിച്ച സാഹചര്യങ്ങൾ എന്തായിരുന്നു? പ്രദേശത്തെ ആദിവാസികളും അവിടെ കുടിയേറിയവരും തമ്മിലുള്ള സംഘർഷങ്ങൾ ആ കൊലയ്ക്ക് കാരണമായിരുന്നോ? സംഭവത്തിന് ശേഷം മധുവിനും കുടുംബത്തിനും സർക്കാർ നൽകിയ സമാശ്വാസ സഹായങ്ങൾ എത്രമാത്രം ഫലപ്രദമായിരുന്നു? അട്ടപ്പാടിയിൽ മധുവിനെപ്പോലുള്ള സാഹചര്യങ്ങളിൽ ഇനിയും ആദിവാസികളുണ്ടോ? തുടങ്ങിയ പല ചോദ്യങ്ങളും ഇന്നും കേരളീയ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അട്ടപ്പാടി കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന 745 ചതുരശ്രകിലോമീറ്ററോളം വരുന്ന പ്രദേശമാണ് അട്ടപ്പാടി എന്ന പേരിൽ അറിയപ്പെടുന്നത്. അതിൽ ഏകദേശം 249 ചതുരശ്രകിലോമീറ്ററോളം അട്ടപ്പാടി റിസർവ് ഫോറസ്റ്റാണ്. മുദുഗ, ഇരുള, കുറുമ്പ, ബഡഗ ഗോത്രങ്ങളിൽ പെട്ട ആദിവാസികളുടെ 192 ഊരുകളാണ് അട്ടപ്പാടിയിലുള്ളത്. ഇവർക്കു പുറമെ കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നുമൊക്കെ വന്നു കുടിയേറിപ്പാർത്തവരും ഇവിടെ താമസമുണ്ട്. കുറുമ്പ ഗോത്രക്കാരനായിരുന്നു മധു. 1940 -കളിൽ ഇവിടത്തെ ഭൂമിയെല്ലാം തന്നെ ഗോത്രവർഗക്കാർക്ക് സ്വന്തമായിരുന്നു. ഊരുകളായി പിരിഞ്ഞ് ഊരുമൂപ്പന്മാരുടെ ഭരണത്തിന് കീഴിലായിരുന്നു ഇവരുടെ സാമൂഹ്യജീവിതം. 1951 -ലെ സെൻസസ് പ്രകാരം  അട്ടപ്പാടിയിൽ അന്ന് 10,200 ആദിവാസികളുണ്ടായിരുന്നു, 1100 കുടിയേറ്റക്കാരും. 1960 മുതൽക്കിങ്ങോട്ട് കുടിയേറ്റക്കാരുടെ എണ്ണം വർഷം ചെല്ലുന്തോറും കൂടിക്കൂടി വരികയായിരുന്നു.  1961 -ലെ കേരള ഫോറസ്റ്റ് ആക്റ്റ് കുടിയേറ്റക്കാരെ സഹായിക്കുന്ന തരത്തിലാണ് ഡ്രാഫ്റ്റ് ചെയ്യപ്പെട്ടത്. 1971 ആയപ്പോഴേക്കും അട്ടപ്പാടിയിലെ കുടിയേറ്റക്കാരുടെ എണ്ണം ആദിവാസികളുടേതിനേക്കാൾ കൂടുതലായി. സെൻസസ് പ്രകാരം 16536 ആദിവാസികളും, 22647 കുടിയേറ്റക്കാരും.

എഴുപതുകളിൽ, അന്നോളം ആദിവാസികൾ വെച്ചനുഭവിച്ചിരുന്ന അട്ടപ്പാടിയിലെ ഭൂമി നിയമത്തിന്റെ സഹായത്തോടെ തന്നെ വനം വകുപ്പും, കുടിയേറ്റക്കാരും കൂടി വീതിച്ചെടുത്തു. കുടിയേറ്റക്കാർക്ക് ഭൂമി കയ്യേറാൻ അട്ടപ്പാടി ഫാർമിംഗ് സ്‌കീമും, വനം വകുപ്പുകാർക്ക് കേരള ഫോറസ്റ്റ് ആക്ടും സഹായകമായി. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അട്ടപ്പാടി പട്ടിണിയുടെയും പിന്നാക്കാവസ്ഥയുടെയും പ്രതീകമായി മാറി. 2012 മുതൽ 2016 വരെ അട്ടപ്പാടിയിൽ നടന്നത് 143 ശിശുമരണങ്ങളാണ് എന്ന് അവിടെ നടന്ന സർവേകൾ സൂചിപ്പിക്കുന്നു. കേരളം വിദ്യാഭ്യാസരംഗത്ത് 90 ശതമാനത്തിനുമേൽ വളർച്ച നേടിയപ്പോഴും അട്ടപ്പാടി മാത്രം 58 ശതമാനം സാക്ഷരതയിൽ തളർന്നുനിന്നു. അതിൽ തന്നെ ആദിവാസികൾക്കിടെ ആ കണക്ക് 25 ശതമാനം മാത്രമായിരുന്നു.

ഇരുപത്തേഴുകാരനായ മധു കുറുക്കത്തിക്കല്ലുകാരനായിരുന്നു എങ്കിലും അച്ഛന്റെ ഊരായ ചിണ്ടക്കിയിലായിരുന്നു താമസം. നൂറ്റെഴുപതോളം കുടുംബങ്ങളാണ് ആ ഊരിൽ ഉണ്ടായിരുന്നത്. അച്ഛന്റെ മരണത്തോടെ ഏഴാം ക്ലാസിൽ വെച്ച് പഠിപ്പുനിർത്തിയ മധു ഐടിഡിപി (Integrated Tribal Development Project)-യുടെ കാർപെന്ററി പരിശീലനം നേടിയിരുന്നു. ട്രെയിനിങ്ങിനു ശേഷം ആലപ്പുഴയ്ക്ക് ജോലിതേടിപ്പോയ മധുവിന് അവിടെ നടന്ന ഒരു സാമുദായിക ലഹളയിൽ തലയ്ക്ക് പരിക്കേൽക്കുന്നു. ആ സംഭവത്തിന് ശേഷം അലഞ്ഞു തിരിഞ്ഞു നടക്കുന്ന മധുവിനെയാണ് നാട്ടുകാർക്ക് കണ്ടുപരിചയം. ഇടക്ക് പൊലീസ് പിടിയിലാവുകയും, മാനസികരോഗമുണ്ട് എന്നു മനസ്സിലാവുകയും ഒക്കെ ചെയ്തു. കാടും മലയും കേറിയിറങ്ങി അലഞ്ഞുനടന്ന മധു മലമുകളിലെ ഒരു ഗുഹയിൽ താമസമാക്കി. വല്ലാതെ വിശക്കുമ്പോൾ മാത്രം ഒന്ന് താഴെ ഗ്രാമത്തിലേക്കെത്തും. അവിടെ നിന്ന് വല്ലതുമൊക്കെ വാങ്ങിത്തിന്ന് വിശപ്പുമാറ്റി വീണ്ടും മലകയറും. മലയിറങ്ങി മുക്കാലി ഗ്രാമത്തിൽ വന്ന് തിന്നാൻ വല്ലതുമൊക്കെ ഒപ്പിച്ച് തിരികെപ്പോവുകയായിരുന്നു മധുവിന്റെ പതിവ്.

സംഭവം നടന്ന ദിവസം മധു മലമുകളിലെ ഗുഹയിലുണ്ടെന്ന് കേട്ടറിഞ്ഞാണ് അക്രമിസംഘം അവിടേക്ക് അന്വേഷിച്ച് ചെന്നത്. അവിടെ നിന്ന് ഒരു ചെറിയ സഞ്ചിയിൽ അരിയും മുളകുപൊടിയും മറ്റും 'തൊണ്ടിമുതലായി' കണ്ടെടുക്കുകയുമുണ്ടായി. അവിടെ കൈകൾ ബന്ധിച്ച് മർദ്ദിച്ചും ഫോട്ടോ എടുത്തുമൊക്കെയാണ് മധുവിനെ താഴേക്ക് മുക്കാലി അങ്ങാടിയിലേക്ക് കൊണ്ടുവരുന്നത്. അവിടെ വെച്ചും തുടർച്ചയായ മർദനത്തിന് മധു വിധേയനായി. ഒടുവിൽ പരിസരവാസികളിൽ ആരോ വിളിച്ചു പൊലീസിൽ അറിയിച്ച ശേഷമാണ് നാട്ടുകാരിൽ നിന്ന് രക്ഷപ്പെടുത്തി മധുവിനെ അഗളിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി പൊലീസ് ജീപ്പിൽ കൊണ്ടു പോകുന്നത്. പോകും വഴി താവളത്തുവെച്ച് മധു ഛർദിച്ചു. പൊലീസ് വെള്ളം കൊടുത്തത് വാങ്ങിക്കുടിച്ചു. അഗളി സിഎച്ച്സിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

അടുത്ത ദിവസമാണ് ഊരുകളിലെ ഗോത്രവർഗക്കാർ വിവരമറിഞ്ഞ് പ്രതിഷേധവുമായി സംഘടിച്ചെത്തുന്നത്. അവരുടെ സമരങ്ങൾക്ക് ശേഷമാണ് മർദ്ദിച്ചവർക്കെതിരെ നടപടിയുണ്ടാകുന്നത്. അഗളി പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ No. 87/2018 എന്ന പേരിലാണ് മധുവിന്റെ കൊലപാതകക്കേസിന് എഫ്‌ഐആർ ഇട്ടത്. ആദ്യം ചാർജ് ചെയ്തത് അസ്വാഭാവികമരണത്തിനുള്ള 174 CrPC ആയിരുന്നു.  പിന്നീട് 143,147,148, 323, 324, 325, 364, 365, 367, 368, 302 r/w149 IPC , SC/ST (Prevention of Atrocities) Act ലെ  3(1) (d), 3 (2) (v) എന്നീ വകുപ്പുകൾ, കേരളാ ഫോറസ്റ്റ് ആക്ടിന്റെ  27 (2) (c) വകുപ്പ് എന്നിവ ചേർത്ത് എഫ്‌ഐആർ പരിഷ്കരിച്ചു. അക്രമവുമായി ബന്ധപ്പെട്ട് അഗളി പൊലീസ് 16 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ആ കേസ് ഇന്നും കോടതിയുടെ പരിഗണനയിലാണ്. മധുവിന്റെ സഹോദരി ചന്ദ്രിക കഴിഞ്ഞ വർഷം നടന്ന സ്‌പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ കേരള പൊലീസ് സേനയുടെ ഭാഗമായി. അട്ടപ്പാടിയിലെ ആദിവാസികളുടെ മാനസികാരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾക്ക് എൻജിഒകളുടെ സഹായത്തോടെ സർക്കാർ നേതൃത്വം നൽകി വരുന്നു.

(കടപ്പാട്: മധുവിന്റെ കേസിൽ നടത്തപ്പെട്ട വസ്തുതാന്വേഷണത്തിന്റെ റിപ്പോർട്ട്) 

വായിക്കാം:

മധുവിന്റെ കൊലയ്ക്ക് ആരാണ് ഉത്തരവാദി?