സ്വന്തം അച്ഛനെ കണ്ട ഓര്‍മ്മ പോലുമില്ലാത്ത അനേകം കുഞ്ഞുങ്ങളുണ്ടാവാം. എന്നാല്‍, അവരിലൊരാള്‍ മാത്രമല്ല ഡീനന്‍. യുദ്ധത്തിന്‍റെയും കൂട്ടക്കുരുതിയുടെയും ഫലമായി പ്രിയപ്പെട്ടവരെ നഷ്‍ടമായ നിരവധിപ്പേരില്‍ ഒരാള്‍ കൂടിയാണ്. കഴിഞ്ഞമാസം അതായത് ജൂലൈയിലാണ് സ്രെബ്രെനിക്ക കൂട്ടക്കൊല നടന്നിട്ട് 25 വര്‍ഷം തികഞ്ഞത്. സ്രെബ്രെനിക്കയുടെ മിലിറ്ററി പൊലീസ് സേനയിലെ കമാന്‍ഡറായിരുന്ന അച്ഛനെ ഓര്‍ക്കുകയാണ് ഡീനൻ ഹാലിലോവിക് എന്ന ഇരുപത്തിയെട്ടുകാരന്‍. 

 

സ്രെബ്രെനിക്ക കൂട്ടക്കൊല

കിഴക്കൻ ബോസ്‍നിയ ഹെർസഗോവിനയിലെ സ്രെബ്രെനിക്ക മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമത്തിലാണ് ഡീനന്‍ ജനിച്ചത്. 1980 -ൽ ടിറ്റോയുടെ മരണത്തെത്തുടർന്നുണ്ടായ ഒരു ദശാബ്‍ദക്കാലത്തെ വംശീയസംഘർഷങ്ങൾക്കുശേഷം 1992 -ൽ ബോസ്‍നിയ യുഗോസ്ലാവിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ക്രമേണ, ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു, ഡീനന്‍റെ കുടുംബത്തിന് പിതാവ് മിർസയെ ഉൾപ്പടെ പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് ആ മണ്ണില്‍നിന്നും പലായനം ചെയ്യേണ്ടി വന്നു. 'അച്ഛനെ കുറിച്ചുള്ള ഒരോര്‍മ്മയും എനിക്കില്ല' -ഡീനന്‍ പറയുന്നു. 

മൂന്ന് പ്രധാന വംശീയ വിഭാഗങ്ങളാണ് ബോസ്‍നിയയിലുള്ളത്. കത്തോലിക്കരായ ക്രൊയേഷ്യക്കാര്‍, ബോസ്‍നിയാക് മുംസ്ലിംകള്‍, ക്രിസ്‍ത്യന്‍ ഓര്‍ത്തഡോക്സായ സെര്‍ബുകള്‍. രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ ബോസ്‍നിയയിലെ സെര്‍ബുകള്‍ ആയുധങ്ങളെടുക്കുകയും 'രാജ്യം ഞങ്ങളുടെയാണ്' എന്ന് പ്രഖ്യാപിക്കുകയും ചെയ്‍തു. സെര്‍ബിയന്‍ റിപ്പബ്ലിക്കുണ്ടാക്കുന്നതിനായി സെര്‍ബിയന്‍ ട്രൂപ്‍സിന്‍റെ സഹായത്തോടെ മറ്റ് വിഭാഗക്കാരെയെല്ലാം അവര്‍ തുടച്ചുനീക്കാനൊരുങ്ങി. മൂന്നുവർഷത്തെ പോരാട്ടത്തിൽ തലസ്ഥാനമായ സരജേവോ ഉപരോധത്തിലായി, പതിനായിരക്കണക്കിന് ആളുകൾ അവിടെനിന്നും പലായനം ചെയ്‍തു.

1995 ജൂലൈയിൽ, അതായത് 25 വർഷം മുമ്പ്, സ്രെബ്രെനിക്ക പട്ടണവും അതിനു ചുറ്റുമുള്ള മുനിസിപ്പാലിറ്റിയും 'രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊല' എന്ന് വിളിക്കപ്പെട്ട സംഭവത്തിന് സാക്ഷികളായി. ഈ പ്രദേശം യുഎൻ ഒരു സുരക്ഷിത മേഖലയായി നിശ്ചയിച്ചിരുന്നതിനാൽ സെർബിയൻ സൈന്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകള്‍ അവിടേക്കാണ് ഓടിയെത്തിയിരുന്നത്. ഡച്ച് സമാധാന സേനാംഗങ്ങളുടെ ഒരു ബറ്റാലിയൻ സ്രെബ്രെനിക്കയിൽ നിലയുറപ്പിച്ചിരുന്നുവെങ്കിലും അവർക്ക് ആയുധങ്ങൾ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല.

ദിവസങ്ങൾക്കുള്ളിൽ, സെർബിയൻ പട്ടാളക്കാർ നഗരം കയ്യടക്കുകയും ബോസ്‍നിയൻ മുസ്‌ലിംകളോട് അവരുടെ സുരക്ഷയ്ക്ക് പകരമായി ആയുധങ്ങൾ ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്‍തു. പിന്നീടവര്‍ 12 -നും 77-നും വയസിനിടയില്‍ പ്രായമായ പുരുഷന്മാരെ ലക്ഷ്യമിട്ടു. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ എട്ടായിരത്തിലധികം പുരുഷന്മാരെ വധിക്കുകയും 23,000 സ്ത്രീകളെ നിര്‍ബന്ധിതമായി കയറ്റി അയക്കുകയും ചെയ്‍തു. സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‍തിരുന്നു. സെര്‍ബിയ നിഷേധിച്ചുവെങ്കിലും യുഎന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത് 'വംശീയമായ കൂട്ടക്കുരുതി' എന്ന് തന്നെയാണ്. 

പിതാവിനെ ഉപേക്ഷിച്ച് പോകേണ്ടി വരുന്നു

യുദ്ധമടുത്തെത്തിയതോടെ ഡീനന്‍റെ കുടുംബം അയല്‍ക്കാരുടെ ബേസ്മെന്‍റില്‍ അഭയം തേടി. ഒരുമാസമായപ്പോഴേക്കും സംഘര്‍ഷം അവരുടെ ഗ്രാമത്തിലേക്കും എത്തി. സ്രെബ്രെനിക്കയുടെ മിലിറ്ററി പൊലീസ് സേനയിലെ കമാന്‍ഡറായിരുന്നു അവന്‍റെ പിതാവ്. യുദ്ധത്തിന്‍റെ ഭാഗമായി നടക്കുന്ന കൊടുംക്രൂരതകളെ കുറിച്ച് വിവരം കിട്ടിയിരുന്നതിനാല്‍ത്തന്നെ അദ്ദേഹം തന്‍റെ നവജാതശിശുവിനെയും ഭാര്യയെയും റെഡ് ക്രോസിന്‍റെ ബസില്‍ കയറ്റി സ്ലോവേനിയയിലേക്ക് അയക്കുന്നു. തന്‍റെ വിഭാഗത്തില്‍പെട്ടവരെ സംരക്ഷിക്കുന്നതിനായും ബോസ്‍നിയന്‍ സെര്‍ബിയന്‍ ചെക്ക്പോയിന്‍റുകളില്‍ ബോസ്‍നിയന്‍ മുസ്ലിം പുരുഷന്മാരെ വധിക്കുന്നുവെന്ന് കേട്ടതിനാലും അദ്ദേഹം അവിടെത്തന്നെ തുടര്‍ന്നു. 

വഴിയേ, ഡീനന്‍റെ കുടുംബം നെതര്‍ലന്‍ഡില്‍ അഭയം കണ്ടെത്തി. സെബ്രെനിക്കയില്‍ നിന്നും വളരെയധികമൊന്നും കൂടെക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് ഡീനന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ പിതാവ് മിര്‍സയുടേതായി അവര്‍ കൂടെ കരുതിയത് ഒരു ബെല്‍റ്റും ഒരു പോക്കറ്റ്‍വാച്ചും മാത്രമാണ്. ഇന്നും ഡീനന്‍ അത് തന്‍റെ മുറിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. തന്‍റെ അച്ഛന്‍ എങ്ങനെയായിരുന്നിരിക്കും ഉണ്ടായിട്ടുണ്ടാവുക എന്ന് എപ്പോഴും അവന്‍ ചിന്തിച്ചിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ അദ്ദേഹം ഗൂഗിളില്‍ തന്‍റെ പിതാവിന്‍റെ ഫോട്ടോയും വീഡിയോയും പരതിനോക്കും. 'പിതാവിനെ അറിയാവുന്നവര്‍ എപ്പോഴും എന്നോട് പറയാറുള്ളത് ഞാന്‍ അദ്ദേഹത്തെപ്പോലെ തന്നെയാണ് ഇരിക്കുന്നതെന്നാണ്' ഡീനന്‍ പറയുന്നു. അത് കേള്‍ക്കുമ്പോള്‍ അവന്‍ വികാരാധീനനാവും. പലായനം ചെയ്‍തശേഷം അവിടെ എന്താണ് സംഭവിച്ചതെന്നും പിതാവിനെന്തുപറ്റിയെന്നും പലതരത്തിലുള്ള സംസാരങ്ങളും അവന്‍ കേട്ടു. എല്ലാത്തിന്‍റെയും അവസാനം ഒന്നു തന്നെയായിരുന്നു അവന്‍റെ പിതാവ് മിര്‍സ കൊല്ലപ്പെട്ടു. 

പിന്നീട്, അവന്‍ അവന്‍റെ അച്ഛനെ കണ്ടത് യൂട്യൂബ് വീഡിയോകളിലാണ്. വീഡിയോയില്‍ കുറച്ച് സൈനികര്‍ക്കൊപ്പം അദ്ദേഹം നടന്നുപോകുന്നതാണ് കാണുന്നത്. ഒരു ജേണലിസ്റ്റ്, മിര്‍സയോട് അദ്ദേഹമിപ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് ചോദിക്കുന്നതും കാണാം. 'ആ വീഡിയോ കാണുമ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ പോലെ തന്നെയാണിരിക്കുന്നതെന്നെനിക്ക് തോന്നും' എന്നും ഡീനന്‍ പറയുന്നു. ആ കുറച്ചുനേരം മാത്രമുള്ള വീഡിയോയില്‍ നിന്നും ഡീനന്‍ അവന്‍റെ അച്ഛന്‍റെ ദൃശ്യമുള്ള ഒരു സ്ക്രീന്‍ഷോട്ടെടുത്തു. അത് പെയിന്‍റിംഗാക്കി ലിവിംഗ് റൂമില്‍ സ്ഥാപിച്ചു. 'എപ്പോഴൊക്കെ ഞാന്‍ ലിവിംഗ് റൂമിലേക്ക് കയറുന്നോ അപ്പോഴൊക്കെ ഞാനാ ചിത്രം കാണും' ഡീനന്‍ പറയുന്നു. 

ഈ വര്‍ഷങ്ങള്‍ക്കിടയിലെല്ലാം തന്‍റെ പിതാവിനെ അറിയുന്ന പലരെയും ഡീനന്‍ കണ്ടു. അവരെല്ലാം അച്ഛനെ കുറിച്ചുള്ള കഥകളവനോട് പങ്കുവെച്ചു. ചിലപ്പോള്‍ ചിലരൊക്കെ അവനെ ഫേസ്ബുക്കില്‍ സുഹൃത്തുക്കളാക്കി, മിര്‍സയുടെ മകനായതിനാലാണ് റിക്വസ്റ്റ് അയച്ചത് എന്നറിയിച്ചു. പിതാവിനെ മാത്രമല്ല, വേറെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഡീനന് ആ കൂട്ടക്കൊലയുടെ ഭാഗമായി നഷ്‍ടപ്പെട്ടിട്ടുണ്ട്. അതിലവന്‍റെ അമ്മാവന്മാരും അയല്‍ക്കാരും എല്ലാം പെടുന്നു. അവന്‍റെ കുടുംബത്തിന് താങ്ങാനാവാത്ത നഷ്‍ടമാണ് ഇതുണ്ടാക്കിയത്. 

എല്ലാ വർഷവും കൂട്ടക്കൊല നടന്ന ദിവസത്തെ അനുസ്‍മരണത്തിനായി അവന്‍ ഹേഗിലെ അച്ഛന്‍റെ സ്‍മാരകത്തിലെത്തുന്നു. 11 കിലോമീറ്റർ ദൂരമുള്ള സമാധാന മാർച്ചിൽ പങ്കെടുക്കുന്നു. “എനിക്ക് പത്ത് വയസ്സുള്ളപ്പോൾ, എന്‍റെ കുട്ടിക്കാലത്തെക്കുറിച്ച് ഞാൻ റാപ്പ് വരികൾ എഴുതിത്തുടങ്ങി” അവന്‍ പറഞ്ഞു. ഇപ്പോള്‍  Mastah D എന്ന അപരനാമത്തില്‍ തന്‍റെ അച്ഛനെ കുറിച്ചും സെബ്രെനിക്കയെ കുറിച്ചും എഴുതുന്നു ഡീനന്‍. തന്റെ പിതാവിന്റെ സ്‍മാരകം സന്ദർശിക്കാൻ ഡീനൻ പലപ്പോഴും സെബ്രെനിക്കയിലേക്ക് പോകാറുണ്ട്, യുദ്ധം അവശേഷിപ്പിച്ച വേദനാജനകമായ ഓർമ്മകൾ ഇന്നും ബോസ്‍നിയയിൽ വളരെ ദൃശ്യമാണ്. ഇപ്പോഴും ആളുകള്‍ മതപരമായ ചിഹ്നങ്ങള്‍ സൂക്ഷിക്കുന്നുവെന്നും ഡീനന്‍ പറയുന്നു. 

ഡീനന്‍ പറയുന്നത്, പുതുതലമുറ ഈ യുദ്ധത്തെ കുറിച്ച് പഠിക്കുകയും അതില്‍ നിന്നും പാഠമുള്‍ക്കൊള്ളുകയും ചെയ്യണമെന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് സ്രെബ്രെനിക്കയിലേത്. ഒരുപാട് അകലെ അല്ലാതിരുന്നിട്ടും നെതര്‍ലന്‍ഡിലുള്ളവര്‍ക്കുപോലും അറിയില്ല അവിടെ എന്താണ് സംഭവിച്ചത് എന്ന് കൂടി ഡീനന്‍ കൂട്ടിച്ചേര്‍ക്കുന്നു.