രാജ്യത്ത് രഹസ്യമായി ഇപ്പോഴും നടക്കുന്നുവെന്ന് വിശ്വസിക്കുന്ന ഒരു ആചാരമാണ് പ്രേതവിവാഹം. എന്നാല്‍, ഇത് രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. 

കഴിഞ്ഞ ദിവസമാണ് ഒരു ചൈനീസ് ഇന്‍ഫ്ലുവന്‍സര്‍(Chinese influencer) ലൈവായി ആത്മഹത്യ ചെയ്തത്. കീടനാശിനി(pesticide) കഴിച്ചുകൊണ്ടായിരുന്നു അവരുടെ ആത്മഹത്യ. എന്നാല്‍, അവരുടെ ചിതാഭസ്മം(Ashes) പിന്നീട് കളവുപോയതായി കണ്ടെത്തി. 'പ്രേതവിവാഹം'(Ghost Marriage) നടത്താനാണ് ചിതാഭസ്മം എടുത്തിരിക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ 'ഡൗയിൻ' എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ലൈവ് സ്ട്രീമിനിടെയാണ് കീടനാശിനി കുടിച്ച് 'ലുവോക്സിയോമോമോമോസി'(Luoxiaomaomaozi) എന്ന പേരിൽ അറിയപ്പെടുന്ന ഇന്‍ഫ്ലുവന്‍സര്‍ ആത്മഹത്യ ചെയ്‍തത്. 

സ്ത്രീ മുമ്പ് ആത്മഹത്യാ പ്രവണതകള്‍ പ്രകടിപ്പിച്ചിരുന്നു, ആപ്പിലെ ചില ഉപയോക്താക്കളാവട്ടെ അവളെ കുപ്പിയിലെ കീടനാശിനി കുടിക്കാൻ പ്രോത്സാഹിപ്പിച്ചുവെന്ന് വൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ പതിനഞ്ചിനാണ് അവര്‍ മരിച്ചത്. അവളെ സംസ്കരിച്ച ശേഷം, ഒരു ഫ്യൂണറൽ ഹോം വർക്കർ അവളുടെ ചിതാഭസ്മം മോഷ്ടിക്കുകയും അവ വിൽക്കാൻ മറ്റ് രണ്ട് പേരുമായി ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് മലായ് മെയിൽ റിപ്പോർട്ട് ചെയ്തു. 

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം അവളുടെ ചിതാഭസ്മം ഏകദേശം 50,000 മുതൽ 70,000 ചൈനീസ് യുവാൻ (5.8 ലക്ഷം മുതൽ 8.2 ലക്ഷം രൂപ വരെ) വരെ വിലയ്ക്ക് വിൽക്കാനായിരുന്നു ശ്രമം. ചിതാഭസ്മം വിൽക്കാനുള്ള അവരുടെ പദ്ധതി പക്ഷേ വിജയിച്ചില്ല. ചിതാഭസ്മം മോഷ്ടിച്ചതായി സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് വിശദമായി ചോദ്യം ചെയ്‍തതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

എന്താണ് പ്രേതവിവാഹം?

രാജ്യത്ത് രഹസ്യമായി ഇപ്പോഴും നടക്കുന്നുവെന്ന് വിശ്വസിക്കുന്ന ഒരു ആചാരമാണ് പ്രേതവിവാഹം. എന്നാല്‍, ഇത് രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. പുരാതന ചൈനയിൽ നിന്ന് ഉത്ഭവിച്ച ഒരു അന്ധവിശ്വാസ പ്രവർത്തനമായിട്ടാണ് ഇതിനെ കാണുന്നത്. ഈ സമ്പ്രദായത്തിൽ, മരിച്ച ഒരാളുടെ കുടുംബം സാധാരണയായി അവര്‍ക്ക് ഇണയായി മരിച്ച മറ്റൊരാളെ കണ്ടെത്തുകയും അവരുടെ ചാരമോ ശരീരമോ മരിച്ചവരോടൊപ്പം കുഴിച്ചിടുകയും ചെയ്യുന്നു. ഒറ്റയ്ക്കുള്ള ശവക്കുഴി കുടുംബത്തെ ദോഷമായി ബാധിക്കും എന്ന് വിശ്വസിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. 

(ചിത്രം പ്രതീകാത്മകം)