മെറ്റ് ഓഫീസർമാർ വാട്ട്‌സ്ആപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ പങ്കിട്ട സന്ദേശങ്ങള്‍ ഐഒപിസി പുറത്തുവിട്ടു. അതിലൊരു പൊലീസുദ്യോഗസ്ഥന്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് പറയുന്നത്, 'ഞാൻ നിന്നെ സന്തോഷത്തോടെ ബലാത്സംഗം ചെയ്യും' എന്നാണ്.

സ്ത്രീവിരുദ്ധതയില്ലാത്ത ഇടങ്ങളുണ്ടോ? ഉണ്ടാവില്ല. എന്നാല്‍, യുകെ -യിലെ മെട്രോപൊളിറ്റന്‍ പൊലീസ്(Metropolitan Police) ഉദ്യോഗസ്ഥര്‍ പരസ്പരം പങ്കുവച്ച സന്ദേശങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കയാണ് ജനങ്ങള്‍. സ്ത്രീകളെ മർദ്ദിക്കുന്നതിനെ കുറിച്ചും ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചും, കറുത്ത വര്‍ഗക്കാരായ കുഞ്ഞുങ്ങളുടെ മരണം, ഹോളോകോസ്റ്റ് എന്നിവയെയെല്ലാം സംബന്ധിച്ചും പൊലീസ് ഓഫീസര്‍മാര്‍ പരസ്‍പരം അയച്ചിരിക്കുന്ന മെസേജുകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. 'സേനയെ സ്ത്രീവിരുദ്ധതയുടെ സംസ്കാരം ബാധിച്ചു' എന്ന് വിമര്‍ശനം ഉയര്‍ന്നുവന്നതോടെ മെട്രോപൊളിറ്റൻ പൊലീസ് ആരോപണങ്ങള്‍ നിഷേധിച്ചു. 

ഇൻഡിപെൻഡന്റ് ഓഫീസ് ഫോര്‍ പൊലീസ് കോണ്ടക്ട് (Independent Office for Police Conduct -ഐഒപിസി) വാച്ച്ഡോഗ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. 2016 -നും 2018 -നും ഇടയിലാണ് ഈ സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടത്. സന്ദേശം അയച്ചവരില്‍ ഭൂരിഭാഗം പേരും സെൻട്രൽ ലണ്ടനിലെ ഷേറിം​ഗ് ക്രോസ് പൊലീസ് സ്‌റ്റേഷനിലെ(Charing Cross police station) ഉദ്യോഗസ്ഥരാണ്. വാച്ച്ഡോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ കുറിച്ച് ഹോം സെക്രട്ടറി പ്രിതി പട്ടേല്‍ 'അത്തരമൊരു സംഭവമുണ്ടാവാന്‍ അനുവദിക്കില്ല' എന്നാണ് പ്രതികരിച്ചത്. 

പൊതുജനങ്ങൾക്കെതിരായിവരെ ആക്രമത്തിന് ആഹ്വാനം ചെയ്യുന്നതരത്തിലുള്ള സന്ദേശങ്ങൾ അയച്ച നടപടി ഭീഷണിപ്പെടുത്തലിനും ഉപദ്രവിക്കലിനും തുല്യമാണെന്ന് വാച്ച്ഡോഗ് കണ്ടെത്തി. 19 ഉദ്യോഗസ്ഥര്‍ വരെയുള്ള ഗ്രൂപ്പിലാണ് ഈ സന്ദേശങ്ങൾ പങ്കിട്ടിരിക്കുന്നത്. ഒരു മെട്രോപൊളിറ്റന്‍ പൊലീസിന് ഒരിക്കലും ചേരാത്ത തരത്തിലുള്ള കാര്യമാണ് നടന്നത് എന്നും അത് വേരോടെ പിഴുതെറിയേണ്ടതാണ് എന്നും വാച്ച്ഡോഡ് പറയുന്നു. തങ്ങളുടെ മേലുദ്യോഗസ്ഥര്‍ ഇതൊന്നും കാര്യമായി എടുക്കുകയോ തങ്ങളെ ശിക്ഷിക്കുകയോ ചെയ്യില്ല എന്ന വിശ്വാസത്തിലാണ് പൊലീസുകാര്‍ ഇത് ചെയ്‍തിരിക്കുന്നത് എന്നും വാച്ച്ഡോ​ഗ് ചൂണ്ടിക്കാട്ടി. 

സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോകാനും ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനും ഒരു മെറ്റ് ഓഫീസർ തന്റെ പൊലീസ് അധികാരം ഉപയോഗിച്ചതിനെത്തുടർന്ന് ഡാം എലിഷ് ആൻജിയോലിനിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഹോം സെക്രട്ടറി നേരത്തെ ഉത്തരവിട്ടിരുന്നു. 'മെട്രോപൊളിറ്റന്‍ പൊലീസിനകത്ത് തന്നെ ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കുന്നു എന്നത് വ്യക്തമാണ്. അതിനാലാണ് ആന്‍ജിയോലിനിയെ അന്വേഷണത്തിന് നിയമിച്ചിരിക്കുന്നത്. ആഴത്തില്‍ ശ്രദ്ധ വേണ്ടുന്ന ഈ വിഷയത്തെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്' എന്നും പ്രിതി പട്ടേല്‍ പറയുന്നു. എന്നാൽ, സംരക്ഷിക്കേണ്ട പൊലീസിന്റെ കൈകളാല്‍ തന്നെ സ്ത്രീകൾ കഷ്ടപ്പെടുന്നതായി വനിതാ ഗ്രൂപ്പുകളും വിദഗ്ധരും ചൂണ്ടിക്കാണിച്ചതോടെ പ്രിതി പട്ടേലും സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. 

മെറ്റ് ഓഫീസർമാർ വാട്ട്‌സ്ആപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ പങ്കിട്ട സന്ദേശങ്ങള്‍ ഐഒപിസി പുറത്തുവിട്ടു. അതിലൊരു പൊലീസുദ്യോഗസ്ഥന്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് പറയുന്നത്, 'ഞാൻ നിന്നെ സന്തോഷത്തോടെ ബലാത്സംഗം ചെയ്യും... ഞാൻ അവിവാഹിതനാണെങ്കിൽ... ഞാൻ അവിവാഹിതനാണെങ്കിൽ ഞാൻ സന്തോഷത്തോടെ ക്ലോറോഫോം ചെയ്യും' എന്നാണ്.

മറ്റൊരുദ്യോഗസ്ഥന്‍റെ പ്രകോപനപരമായ വാക്കുകളിങ്ങനെയായിരുന്നു, 'ഒരു സ്ത്രീയെ കിടക്കയിൽ കയറ്റുന്നത് വെണ്ണ വിതറുന്നതിന് തുല്യമാണ്. ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അൽപ്പം പ്രയത്നിച്ചാൽ ഇത് ചെയ്യാൻ കഴിയും. എന്നാൽ ഒരു കത്തി ഉപയോഗിക്കുന്നതാണ് അതിനേക്കാള്‍ വേഗവും എളുപ്പവും.'

അറിയപ്പെടുന്ന ലൈംഗിക കുറ്റവാളികളുടെയും പീഡനത്തിനിരയായ കുട്ടിയുടെയും വേഷം ധരിച്ച് ഒരു ഫെസ്റ്റിവലില്‍ പങ്കെടുത്തതിനെക്കുറിച്ചാണ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥർ എഴുതിയത്. രണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലുമായി ഇങ്ങനെ ബലാത്സംഗത്തെ കുറിച്ചും പരസ്പരം ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചും നിരവധി സന്ദേശങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. 

മറ്റൊരു ഓഫീസര്‍ തന്‍റെ പങ്കാളിയെ ഉപദ്രവിക്കാന്‍ പോവുന്നതിനെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. സ്റ്റിറോയിഡുകൾ ഉപയോഗിക്കുമ്പോൾ ഒരു ലൈംഗികത്തൊഴിലാളിയെ സന്ദർശിച്ചതിനെക്കുറിച്ച് ഒരു ഉദ്യോഗസ്ഥൻ വീമ്പിളക്കുന്നത് മറ്റൊരു സന്ദേശത്തിൽ കാണാം. 

എന്നാല്‍, മെട്രൊപൊളിറ്റന്‍ പൊലീസില്‍ സ്ത്രീവിരുദ്ധ സംസ്കാരം ഉണ്ട് എന്നത് അപ്പോഴും മെറ്റ് നിഷേധിച്ചു. മെറ്റില്‍ 44,000 പേരുണ്ട്. അതില്‍ ചെറിയൊരു ശതമാനം അങ്ങനെ ചെയ്‍തിട്ടുണ്ടാവാം. അത്തരം ആളുകളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല. മെറ്റിലെ ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും നേരെയാക്കുമെന്നുമാണ് മെറ്റ് പറയുന്നത്. ഏതായാലും വിവരങ്ങൾ പുറത്ത് വിട്ടതോടെ വലിയ പ്രതിഷേധമാണ് ഈ മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളെ കുറിച്ച് ഉയർന്നിരിക്കുന്നത്.