ലോകത്തിലെ ഏറ്റവും പ്രായം ചെന്ന അക്വേറിയം മത്സ്യം ഇതാണ്, വയസ് ഊഹിക്കാമോ?
1938 -ലാണ് ഈ മത്സ്യം സാൻ ഫ്രാൻസിസ്കോ അക്വേറിയത്തിലേക്ക് ആദ്യമായി എത്തുന്നത്. അക്വേറിയത്തിന്റെ നേരത്തെയുള്ള കണക്ക് പ്രകാരം മെതുസെലയ്ക്ക് പ്രായം 84 വയസ്സായിരുന്നു കണക്കാക്കിയിരുന്നത്.

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന അക്വേറിയം മത്സ്യം ഏതാണ്? കാലിഫോർണിയ അക്കാഡമി ഓഫ് സയൻസസിലെ ശാസ്ത്രജ്ഞരാണ് ഇപ്പോൾ അങ്ങനെ ഒരു മത്സ്യത്തിന്റെ വയസ് നിർണയിച്ചിരിക്കുകയാണ്.
സാൻ ഫ്രാൻസിസ്കോയിലെ സ്റ്റെയ്ൻഹാർട്ട് അക്വേറിയത്തിലാണ് മെതുസെല എന്ന ആ മത്സ്യമുത്തശ്ശി ഇപ്പോൾ ഉള്ളത്. ഡിഎൻഎ അടിസ്ഥാനപ്പെടുത്തിയുള്ള രീതി ഉപയോഗിച്ചിട്ടാണ് ഇതിന്റെ പ്രായം ഇപ്പോൾ നിർണയിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മെതുസെല ഒരു പെൺ ഓസ്‌ട്രേലിയൻ ലങ്‍ഫിഷ് ആണ്.
1938 -ലാണ് ഈ മത്സ്യം സാൻ ഫ്രാൻസിസ്കോ അക്വേറിയത്തിലേക്ക് ആദ്യമായി എത്തുന്നത്. അക്വേറിയത്തിന്റെ നേരത്തെയുള്ള കണക്ക് പ്രകാരം മെതുസെലയ്ക്ക് പ്രായം 84 വയസ്സായിരുന്നു കണക്കാക്കിയിരുന്നത്. ലൈവ് സയൻസ് റിപ്പോർട്ട് പ്രകാരം അപ്പോഴും ഗവേഷകർ അതിൽ തെറ്റുണ്ടായിരിക്കാമെന്നും ചിലപ്പോൾ ഈ മത്സ്യത്തിന് 101 വയസ് വരെ പ്രായമുണ്ടായേക്കാം എന്നും പറഞ്ഞിരുന്നു.
പിന്നീട്, മറ്റ് ഓസ്ട്രേലിയൻ ലങ്‍ഫിഷുകളുടെ ഡിഎൻഎയുമായി താരതമ്യപ്പെടുത്തുന്നതിനും എത്രമാത്രം തേയ്‍മാനം സംഭവിച്ചു എന്ന് അറിയുന്നതിനും വേണ്ടിയാണ് വീണ്ടും പരിശോധന നടത്തിയത്. അതിലാണ് ഈ മത്സ്യത്തിന് 92 വയസായിരിക്കണം പ്രായം എന്ന് കണ്ടെത്തിയത്. എന്നാൽ, ഇതിലും ചെറിയ പിഴവുകൾ ഉണ്ടായിരിക്കാം എന്നും ഗവേഷകർ സമ്മതിക്കുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, 30 ഓസ്‌ട്രേലിയൻ ലംഗ് ഫിഷുകളുടെയും, സ്റ്റെയിൻഹാർട്ട് അക്വേറിയത്തിൽ നിന്നുള്ള മറ്റ് രണ്ട് ലംഗ് ഫിഷുകളുടെയും ഡിഎൻഎ -യാണ് ഗവേഷകർ താരതമ്യം ചെയ്തത്.
'1930 -കളുടെ അവസാനത്തിലാണ് മെതുസെല ഞങ്ങളുടെ അടുത്തെത്തിയതെന്ന് ഞങ്ങൾക്കറിയാം. പക്ഷേ, അവളുടെ പ്രായം നിർണ്ണയിക്കാൻ അക്കാലത്ത് ഒരു രീതിയും ഇല്ലായിരുന്നു. അതിനാൽ തന്നെ അവളുടെ യഥാർത്ഥ പ്രായത്തെക്കുറിച്ച് ശാസ്ത്രീയമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ കിട്ടുന്നത് അത്യന്തം ആവേശകരമാണ്' എന്നാണ് സ്റ്റെയ്ൻഹാർട്ട് അക്വേറിയം അക്വേറിയം പ്രോജക്ടുകളുടെ ക്യൂറേറ്റർ ചാൾസ് ഡെൽബീക്ക് പറഞ്ഞത്.
ഈ വർഷം ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിക്കും.