Asianet News MalayalamAsianet News Malayalam

മെയ് രണ്ടിന് ലോക്ക്ഡൗണ്‍  പ്രഖ്യാപിച്ചാലെന്താണ്?

ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ അത്രയ്‌ക്കൊന്നുമുള്ള ഉല്‍ക്കണ്ഠകള്‍ രാഷ്ട്രീയ നേതാക്കള്‍ക്കില്ല എന്നാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും മനസ്സിലാവുന്നത്. എം ജി രാധാകൃഷ്ണന്‍ എഴുതുന്നു

MG Radhakrishnan on lock down and covid crisis
Author
Thiruvananthapuram, First Published Apr 26, 2021, 5:29 PM IST

ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനം കടക്കുന്ന ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ വേണമെന്ന് എയിംസ് തലവന്‍ ഡോ. രണ്‍ദീപ് ഗുലേറിയ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ ഇപ്പോഴത്തെ സംഖ്യ 20.35 ശതമാനമാണ്.  കേരളം അഗ്‌നിപര്‍വതത്തിന്റെ മുകളിലാണെന്ന് മുഖ്യമന്ത്രി പറയുന്നു. മിഷിഗണ്‍ സര്‍വകലാശാലയിലെ എപ്പിഡെമിയോളജി പ്രൊഫ: ഭ്രമര്‍ മുഖര്‍ജി പറയുന്നത്, കേരളം,  ബംഗാള്‍, യു പി , ബിഹാര്‍ എന്നയിടങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരും എന്നാണ്. കേരളത്തിലെ സ്ഥിതി വീണ്ടും ആശങ്കാജനകമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി കൃത്യം ഒരാഴ്ച. ഫലം എന്തായിരിക്കും എന്ന് ഉറപ്പില്ല. പക്ഷേ  മറ്റൊരു ഫലം ഉറപ്പ്. ഫലം വരുന്ന മെയ് രണ്ടാം തീയതി കേരളത്തിലെ അടുത്ത കൊറോണ സൂപ്പര്‍ സ്‌പ്രെഡര്‍ ദിവസമാകും. മഹാമാരി മൂലം അന്ന് ആഹ്‌ളാദ പ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. പക്ഷേ അത് പോരാ. അന്ന് മുതല്‍ മൂന്ന് ദിവസത്തേക്കെങ്കിലും സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തന്നെ പ്രഖ്യാപിക്കണം. 

എന്ത് വന്നാലും പൂരം നടത്തുമെന്ന് വിവരം കെട്ട വീമ്പ് പറഞ്ഞ ആചാരവാദികള്‍ മഠത്തില്‍ വരവിന്റെ അര്‍ധരാത്രി പാവം പഞ്ചവാദ്യക്കാരുടെ തലയില്‍ ആല്‍മരം വീണപ്പോഴെങ്കിലും പത്തി താഴ്ത്തിയിട്ടുണ്ട്. കരിയും വേണ്ട, കരിമരുന്നും വേണ്ട എന്ന ഗുരുവചനം ഓര്‍മ്മിപ്പിച്ചവരെ പോലും അസഭ്യം പറഞ്ഞവര്‍ രണ്ടും ഉപക്ഷിക്കാന്‍ തയ്യാറായി.  കൃസ്തീയ സഭകളും ആ വഴിക്ക് വന്നു.  മതത്തോടൊപ്പം കൊറോണ പടര്‍ത്തുന്ന രാഷ്ട്രീയ ആചാരവാദികള്‍ക്കാണ് ഇനി ഒരു ആല്‍മരം ആവശ്യം.  

ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനം കടക്കുന്ന ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ വേണമെന്ന് എയിംസ് തലവന്‍ ഡോ. രണ്‍ദീപ് ഗുലേറിയ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ ഇപ്പോഴത്തെ സംഖ്യ 20.35 ശതമാനമാണ്.  കേരളം അഗ്‌നിപര്‍വതത്തിന്റെ മുകളിലാണെന്ന് മുഖ്യമന്ത്രി പറയുന്നു. മിഷിഗണ്‍ സര്‍വകലാശാലയിലെ എപ്പിഡെമിയോളജി പ്രൊഫ: ഭ്രമര്‍ മുഖര്‍ജി പറയുന്നത്, കേരളം,  ബംഗാള്‍, യു പി , ബിഹാര്‍ എന്നയിടങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരും എന്നാണ്. കേരളത്തിലെ സ്ഥിതി വീണ്ടും ആശങ്കാജനകമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

പ്രൊഫ. മുഖര്‍ജി നല്‍കുന്നത് ഭയപ്പെടുത്തുന്ന പ്രവചനങ്ങള്‍ ആണ്. ഇന്ത്യയില്‍ മെയ് പകുതി ആകുന്നതോടെ മഹാമാരി  ഉച്ചാവസ്ഥയില്‍ എത്തുമെന്നും അപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം 8 - 10 ലക്ഷം വരെ എത്തുമെന്നുമാണ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കുന്നത്. മരണം 4500 വരെയും. 

ഏപ്രില്‍ 24 ലെ കണക്ക് ഇന്ത്യയിലെ പ്രതിദിന രോഗികള്‍ 3.48 ലക്ഷവും മരണം 2797 ഉം ആണ്. കേരളത്തിന്റെ കണക്കുകള്‍ യഥാക്രമം 26685 ഉം 25 ഉം.  ഇന്ത്യക്ക് ഒപ്പം മെയ് പകുതിയോടെ കേരളത്തിലും ഈ നിരക്ക് മൂന്ന് ഇരട്ടിയാകാനാണ് സാധ്യത.  അതോടെ കേരളത്തിലെ ചികിത്സാ സംവിധാനങ്ങള്‍ മാത്രമല്ല  പ്രാണവായു ലഭ്യതയും താണ മരണ നിരക്കും  പോലും മറ്റ് സംസ്ഥാനങ്ങളിലെ പോലെയാകാം. 

മറ്റുള്ളവരോടൊക്കെ കൊവിഡ് അച്ചടക്കം പാലിക്കാന്‍ ആവശ്യപ്പെടുകയും സ്വന്തം കാര്യത്തില്‍ അത് ലംഘിക്കുകയും വാക്‌സിന്റെ പേരില്‍ പരസ്പരം ആക്രമിക്കുകയും ചെയ്യുന്ന രാഷ്ടീയ നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ മെയ് രണ്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ട് മാതൃക സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ അത്രയ്‌ക്കൊന്നുമുള്ള ഉല്‍ക്കണ്ഠകള്‍ രാഷ്ട്രീയ നേതാക്കള്‍ക്കില്ല എന്നാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും മനസ്സിലാവുന്നത്. 

കലാശക്കൊട്ട് റദ്ദാക്കിയ നാടകം പോലെ ആകരുത് നമ്മുടെ സര്‍വ്വകക്ഷി യോഗ തീരുമാനങ്ങള്‍. 

Follow Us:
Download App:
  • android
  • ios