കാലിഫോര്‍ണിയ: പോപ് സംഗീത ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സന്റെ പ്രേതം അലഞ്ഞുനടക്കുന്നുവെന്ന് വ്യാപകമായ പ്രചാരണമുള്ള കാലിഫോര്‍ണിയയിലെ നെവര്‍ലാന്‍ഡ് എസ്‌റ്റേറ്റ് ഒടുവില്‍ വില്‍പ്പനയായി. 2700 ഏക്കര്‍ വരുന്ന എസ്‌റ്റേറ്റ് 21 മില്യന്‍ ഡോളറിനാണ് (161 കോടി രൂപ) വില്‍പ്പനയായത്. നാലു കൊല്ലം മുമ്പ് 100 മില്യന്‍ ഡോളര്‍ (736 കോടി രൂപ) വിലയിട്ട എസ്‌റ്റേറ്റാണ് കാല്‍ഭാഗം വിലയ്ക്ക് ഒടുവില്‍ വിറ്റത്. ജാക്‌സന്റെ മുന്‍കാല സുഹൃത്തും അമേരിക്കന്‍ കോടീശ്വരനുമായ റോണ്‍ ബര്‍ക്കിള്‍ ആണ് എസ്‌റ്റേറ്റ് വിലയ്ക്ക് വാങ്ങിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

 

 

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് 1987-ല്‍ മൈക്കല്‍ ജാക്‌സണ്‍ ഈ എസ്‌റ്റേറ്റ് വിലയ്ക്ക വാങ്ങിയത്. 143 കോടി രൂപയാണ് അന്ന് അദ്ദേഹം മുടക്കിയത്. 12500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവും 3700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നീന്തല്‍കുളവും അടങ്ങുന്ന എസ്‌റ്റേറ്റില്‍ ഒരു എസ്‌റ്റേറ്റ് അമ്യൂസ്‌മെന്റ് പാര്‍ക്കുമുണ്ട്. വലിയൊരു മൃഗശാലയും കുട്ടികള്‍ക്കുള്ള പാര്‍ക്കും കളിത്തീവണ്ടിയും അടങ്ങുന്നതാണ് ഈ എസ്‌റ്റേറ്റ്. 15 വര്‍ഷത്തോളം ജാക്‌സണും കുടുംബവും ഇവിടെയാണ് താമസിച്ചത്. കുട്ടികള്‍ക്കുള്ള പാര്‍ക്കില്‍ എത്തിയ ഒരു ബാലനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നെവര്‍ലാന്റ് എസ്‌റ്റേറ്റ് വിവാദത്തില്‍ അകപ്പെട്ടത്. കുട്ടികളോട് ലൈംഗിക താല്‍പ്പര്യമുള്ള ജാക്‌സന്‍ അതിനായി കുട്ടികളെ പാര്‍പ്പിക്കാനാണ് എസ്‌റ്റേറ്റിനെ ഉപയോഗിച്ചത് എന്നും ആരോപണമുയര്‍ന്നു. തുടര്‍ന്ന് കേസ് നടന്നുവെങ്കിലും, എല്ലാ കുറ്റങ്ങളില്‍നിന്നും ജാക്‌സന്‍ മോചിതനായി. എന്നാല്‍, കേസിനു ശേഷം, അദ്ദേഹത്തിന് പിന്നീട് ആ എസ്‌റ്റേറ്റിലേക്ക് തിരിച്ചുപോവാന്‍ കഴിഞ്ഞില്ല. 2009-ല്‍ അദ്ദേഹം മരണമടഞ്ഞു. തുടര്‍ന്ന്, 11 വര്‍ഷമായി എസ്‌റ്റേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. 

 

 

എസ്‌റ്റേറ്റ് ഉടമസ്ഥതയില്‍ 40 ശതമാനം ഓഹരിയുള്ള ജാക്‌സന്റെ മാതാവ് കാതറീന്റെ നേൃത്വത്തിലാണ് എസ്‌റ്റേറ്റ് വില്‍പ്പനയ്ക്ക് ശ്രമങ്ങള്‍ ആരംഭിച്ചത്. അതിനിടെയാണ് ജാക്‌സന്റെ പ്രേതം ബംഗ്ലാവില്‍ അലഞ്ഞു നടക്കുന്നതായി പ്രചാരണം ഉണ്ടായത്.  ബംഗ്ലാവിലെ ജോലിക്കാരും അയല്‍ക്കാരുമടക്കം നിരവധി പേര്‍ ഇവിടെ ജാക്‌സനെ കണ്ടതായി ആരോപിച്ചു. ഇതിനു ശേഷം, നിരവധി വ്യാജ വീഡിയോകള്‍ പ്രചരിച്ചു. അതിനിടെ, എസ്‌റ്റേറ്റിനകത്ത് കടന്നുകയറി ഫോട്ടോകള്‍ പകര്‍ത്തിയ നാലു ഫോട്ടോഗ്രാഫര്‍മാര്‍ പ്രേതബാധയുടെ അടയാളങ്ങളൊന്നും കണ്ടില്ലെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

ഈ പ്രചാരണം എസ്‌റ്റേറ്റ് വില്‍പ്പനയെ സാരമായി ബാധിച്ചു. താല്‍പ്പര്യം പ്രകടിപ്പിച്ചെത്തിയ പല കോടീശ്വരന്‍മാരും പിന്‍വലിച്ചു. തുടര്‍ന്നാണ് എസ്‌റ്റേറ്റിന് 2015-ല്‍ 100 മില്യന്‍ ഡോളര്‍ (736 കോടി രൂപ) വിലയിട്ടത്. എന്നിട്ടും എസ്‌റ്റേററ് വില്‍പ്പന നടന്നില്ല. അതിനിടെയാണ്, വില്‍പ്പന നടന്നതായി റിപ്പോര്‍ട്ട് വരുന്നത്. നെവര്‍ലാന്‍ഡ് എസ്‌റ്റേറ്റിന്റെ പേര് കുറച്ചുകാലങ്ങള്‍ക്കു മുമ്പ് സൈകാമോര്‍ വാലി റാഞ്ച് എന്നാക്കി മാറ്റി.  കോടീശ്വരന്‍മാര്‍ക്കായുള്ള ക്ലബ് ഉടമസ്ഥനായ റോണ്‍ ബര്‍ക്കിള്‍ ഇവിടെ വമ്പന്‍മാര്‍ക്കു വേണ്ടി റിസോര്‍ട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.