'കേരളത്തില്‍ ചാള (മത്തി), കൊഴുവ എന്നീ മത്സ്യങ്ങളില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക്കിന്റെ അംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചെറിയ മീനില്‍ നിന്നാണ് മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ കേരളീയര്‍ മത്സ്യത്തിന്റെ കുടല്‍ ഒഴിവാക്കി വൃത്തിയാക്കിയിട്ടാണ് ഭക്ഷണമാക്കാറുള്ളത്. അതുകൊണ്ട് ഇത്തരം വിഷവസ്തുക്കള്‍ ശരീരത്തില്‍ എത്തുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ സാധാരണ കണ്ടുവരുന്നില്ല. പക്ഷേ, ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ പകുതി വേവിച്ചും പച്ചയായുമെല്ലാം മത്സ്യങ്ങള്‍ കഴിക്കുന്ന സാഹചര്യമുള്ളതുകൊണ്ട് അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.' സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിസ്ഥിതി ഗവേഷണ വിഭാഗം മേധാവിയായ ഡോ. കൃപ പറയുന്നത് കേരളത്തിലെ കടല്‍ മത്സ്യങ്ങളും ആരോഗ്യത്തിന് ഹാനികരമായ മൈക്രോപ്ലാസ്റ്റിക്കുകള്‍ ഭക്ഷണമാക്കാറുണ്ടെന്നാണ്.

കടല്‍ മത്സ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരം മൈക്രോപ്ലാസ്റ്റിക്കുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. 'എല്ലാ മത്സ്യങ്ങളിലും ഇത്തരം വസ്തുക്കള്‍ കാണാറില്ല. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ കുറഞ്ഞ അളവിലേ കണ്ടെത്തിയിട്ടുള്ളു.' ഡോ. കൃപ സൂചിപ്പിക്കുന്നു.

2050 ആകുമ്പോള്‍ കടലുകളില്‍ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്കായിരിക്കുമെന്ന് ദാവോസ് വേള്‍ഡ് എക്കണോമിക് ഫോറം പ്രവചിച്ചു കഴിഞ്ഞു.

'ഇത്തരം മൈക്രോപ്ലാസ്റ്റിക്കുകള്‍ ചെറുമീനുകള്‍ അകത്താക്കുന്നതു വഴി അവയെ ഭക്ഷിക്കുന്ന വലിയ മത്സ്യങ്ങളിലേക്കും മനുഷ്യനിലേക്കും പ്ലാസ്റ്റിക്കിന്റെ അംശങ്ങള്‍ എത്തുന്നു. വലിയ മത്സ്യങ്ങളുടെയും കടല്‍ജീവികളുടെയും വയറില്‍ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങല്‍ കണ്ടെത്തിയിട്ടുണ്ട്.' ഡോ.കൃപ തങ്ങളുടെ റിസര്‍ച്ചിനെക്കുറിച്ച് വ്യക്തമാക്കുന്നു.

വയറ്റില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയതിനെത്തുടര്‍ന്നുണ്ടായ അണുബാധ കാരണം തായ്‌ലന്‍ഡില്‍ കടല്‍പ്പശുക്കുഞ്ഞ് ചത്തുപോയത് വാര്‍ത്തയായിരുന്നു. മറൈന്‍ കോസ്റ്റല്‍ വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തിയ കടല്‍പ്പശുവിനെ 40 പേരടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകര്‍ പരിചരിച്ചുവരികയായിരുന്നു. രക്തത്തില്‍ അണുബാധയുണ്ടായാണ് മരണം സംഭവിച്ചത്. കൂടാതെ വയറ്റില്‍ പഴുപ്പും ഉണ്ടായിരുന്നു. വയറ്റില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ദഹനരസവുമായി ചേര്‍ന്ന് പുറപ്പെടുവിച്ച വാതകമാണ് കടല്‍പ്പശുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു വിദഗ്ദ്ധസംഘത്തിന്റെ കണ്ടെത്തല്‍.

തായ്‍ലന്‍ഡില്‍ ചത്തുപോയ കടല്‍പ്പശുക്കുഞ്ഞ്

മനുഷ്യരില്‍ പ്ലാസ്റ്റിക് ശരീരത്തിലെത്തിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ചേര്‍ത്തല ഹോളിക്രോസ് ആശുപത്രിയിലെ ഡോ. നിമ്മി വര്‍ഗീസ് പറയുന്നത്.' പ്ലാസ്റ്റിക്കില്‍ ചില കെമിക്കല്‍സ് അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലുള്ള എന്‍സൈമുകളും ഹോര്‍മോണുകളുമെല്ലാം നമ്മള്‍ സാധാരണ കഴിക്കുന്ന ഭക്ഷണത്തെ വിഘടിപ്പിക്കാന്‍ മാത്രം കഴിവുള്ളവയാണ്. പ്ലാസ്റ്റിക് വയറിനുള്ളില്‍ വെച്ച് വിഘടിക്കപ്പെടില്ല. അങ്ങനെ മനുഷ്യശരീരത്തില്‍ എത്തിയാല്‍ ചെറിയ അംശങ്ങള്‍ രക്തത്തിലൂടെ ആഗിരണം ചെയ്യപ്പെടാം.'

പ്ലാസ്റ്റിക്കിന്റെ അംശം ശരീരത്തിലെത്തിയാല്‍ കാന്‍സര്‍, ചര്‍മരോഗങ്ങള്‍, ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ. നിമ്മി ഓര്‍മിപ്പിക്കുന്നു.

പ്ലാസ്റ്റിക് പരിസരമലിനീകരണമുണ്ടാക്കുന്ന ഏറ്റവും വലിയ കാരണക്കാരനാണ്. ഓസ്‌ട്രേലിയയിലെ ന്യൂ കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത് ഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യ ശരീരത്തിനുള്ളില്‍ എത്തുന്നുണ്ടെന്നാണ്. കുടിക്കുന്ന വെള്ളത്തിലൂടെ ശരീരത്തിലെത്തുന്ന പ്ലാസ്റ്റിക്കിന്റെ അംശമാണ് ഏറ്റവും കൂടുതല്‍. ഷെല്‍ഫിഷ് ഇനത്തിലുള്ള ജലജീവികള്‍ വഴിയും പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നു. ജലജീവികളെ മുഴുവനായും ഭക്ഷിക്കുന്ന അവസ്ഥയിലാണ് അവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ നിന്ന് പ്ലാസ്റ്റിക്കിന്റെ അംശം നമ്മുടെ ശരീരത്തിലെത്തുന്നത്.

ഹവായ് ബീച്ചിലെ കടല്‍ജീവികളില്‍ ഇത്തരത്തില്‍ മൈക്രോപ്ലാസ്റ്റിക്കിന്റെ അംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങളുടെ ലാര്‍വകളെ പരിശോധിച്ചപ്പോള്‍ അവയുടെ വയറ്റില്‍ പ്ലാസ്റ്റിക്കിന്റെ അംശങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടല്‍പ്പക്ഷികളും മുതിര്‍ന്ന മത്സ്യങ്ങളും ഇത്തരം മത്സ്യക്കുഞ്ഞുങ്ങളെ അകത്താക്കുന്നുണ്ട്. മത്സ്യങ്ങളുടെ ലാര്‍വകള്‍ അകത്താക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകള്‍ അവയെത്തന്നെ കൊന്നുകളയുന്നു.

യഥാര്‍ഥത്തില്‍ മത്സ്യങ്ങള്‍ പ്ലാസ്റ്റിക്കുകളെ അവയുടെ ഭക്ഷണമായി തെറ്റിദ്ധരിക്കുകയാണ്. സുതാര്യമായതോ നീലനിറത്തിലുള്ളതോ ആയ ഇത്തരം പ്ലാസ്റ്റിക്കുകള്‍ കാണുമ്പോള്‍ മത്സ്യങ്ങളുടെ ഇരകളാണെന്ന തോന്നലുണ്ടാവുന്നു. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന ഫൈബറുകളാണ് മിക്കവാറും മൈക്രോപ്ലാസ്റ്റിക്കുകള്‍.

ഹവായ് ബീച്ചില്‍ നിന്ന് കണ്ടെത്തിയ മഹി-മഹി, സ്വോര്‍ഡ് ഫിഷ് എന്നീ ഇനങ്ങളിലാണ് വ്യാപകമായി മൈക്രോപ്ലാസ്റ്റിക്കിന്റെ അംശങ്ങള്‍ ലഭിച്ചത്. അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ക്രിസ് ജോര്‍ദാന്‍ പകര്‍ത്തിയ ചിത്രത്തില്‍ നിന്ന് പ്ലാസ്റ്റിക് ഭക്ഷിച്ച ആല്‍ബട്രോസ് പക്ഷിയുടെ ദുരന്തം ലോകത്തിന് കാണാനായതാണ്. മിഡ് വേ അറ്റോള്‍ ദ്വീപിലെ കടല്‍ക്കരയിലാണ് പക്ഷിയുടെ ജീര്‍ണിച്ച ജഡത്തിനുള്ളില്‍ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കാണാനായത്.

ക്രിസ് ജോര്‍ദ്ദാന്‍ പകര്‍ത്തിയ ചിത്രം

പ്ലാസിറ്റിക് ശരീരത്തിലെത്തുന്നത് പ്രത്യുത്പാദന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങളും മാരകരോഗങ്ങളും ഉണ്ടാക്കാന്‍ കഴിവുള്ളവയാണ് പ്ലാസ്റ്റിക്കുകളെന്ന് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. ദേവിക പിള്ള സൂചിപ്പിക്കുന്നു. 'ബിസ്ഫിനോള്‍ എന്ന പദാര്‍ഥത്തിന് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അതേ ഘടനയാണ്. ഇത് ശരീരത്തിലെത്തിയാല്‍ മത്സ്യത്തിലായാലും മനുഷ്യരിയാലും പ്രത്യുത്പാദന വ്യവസ്ഥയെ തകരാറിലാക്കും.  ബിസ്ഫിനോള്‍ യഥാര്‍ഥത്തില്‍ നിരോധിച്ചതാണ്. കുടിവെള്ളം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ ബിസ്ഫിനോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ പ്ലാസ്റ്റിക്കുകളിലെ വളരെ മാരകമായ ഒരു ഘടകമാണ് താലേറ്റ്‌സ്. അലര്‍ജി, ശ്വാസകോശ തകരാര്‍, പ്രത്യുത്പാദന വ്യവസ്ഥയിലെ തകരാര്‍ എന്നിവയ്ക്ക് കാരണമാകാറുണ്ട് ഇത്.'