മനുഷ്യരുടെ ശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറച്ച് കാലങ്ങളായി ലോകത്തിന്‍റെ വിവിധ ഭാഗത്ത് നടക്കുന്നുണ്ട്. ഇങ്ങനെ ഘടിപ്പിക്കുന്ന മൈക്രോചിപ്പുകള്‍ക്ക് ആളുകളെ പിന്തുടരാനും അവരെവിടയൊക്കെപ്പോയി എന്നറിയാനും അവരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താനും പറ്റുമോ? ഏതായാലും ഇന്ത്യയില്‍ നിലവില്‍ ആളുകള്‍ ഈ മൈക്രോചിപ്പിങ്ങിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ടില്ല. ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്നതിന്‍റെ ആശങ്കകളടക്കം നിലനില്‍ക്കുന്നൊരു രാജ്യമാണ് ഇന്ത്യ. ഭാവിയിലെന്നെങ്കിലും ആരുടെയെങ്കിലും സ്വാര്‍ത്ഥ താല്‍പര്യത്തിന്‍റെ ഭാഗമായി ഓരോ മനുഷ്യരെയും നിരീക്ഷിക്കുന്ന അവസ്ഥ വന്നാലെന്ത് എന്ന ചോദ്യം അത്ര അപ്രസക്തമൊന്നുമല്ല. കാരണം, ചിപ്പുകളുപയോഗിച്ചൊന്നുമല്ലെങ്കിലും മനുഷ്യര്‍ നിരീക്ഷിക്കപ്പെടുന്ന സാഹചര്യം ചിലപ്പോഴെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട് എന്നതുതന്നെ. ഏതായാലും ഇവിടെ വിഷയം ഇതല്ല, സ്വീഡനില്‍ അയ്യായിരത്തോളം പേര്‍ ഈ മൈക്രോചിപ്പുകള്‍ ധരിച്ചവരാണത്രെ. അതിലേറെയും വിവിധ കമ്പനികളിലെ ജോലിക്കാരാണ്. 

മൈക്രോചിപ്പ് ഘടിപ്പിച്ച് മനുഷ്യശരീരം

'ആദ്യമായി വിവാഹമോതിരമിട്ട നാളുകളില്‍ തോന്നിയതുപോലെ' എന്നാണ് ചിപ്പ് ധരിച്ച ആദ്യദിവസങ്ങളെ കുറിച്ച് അലക്സാണ്ടര്‍ ഹബര്‍ പറയുന്നത്. അതായത്, ഇടയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും തൊട്ടും അനക്കിയുമൊക്കെ നോക്കും. പക്ഷേ, കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ അതവിടെ ഉണ്ട് എന്നതുതന്നെ മറന്നുപോകും. അതുപോലെ തന്നെയാണ് ഈ ചിപ്പ് ധരിച്ചതും. 'അതിപ്പോള്‍ എന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം തന്നെയാണ്' എന്നാണ് ഹബര്‍ പറയുന്നത്.  

ഒരു അരിമണിയോളം വലിപ്പത്തില്‍ ഇടതുകയ്യിലെ തൊലിക്കടിയിലാണ് ഈ ചിപ്പ് ധരിച്ചിരിക്കുന്നത്. അത് ഡിജിറ്റല്‍ ലോകത്തിലേക്കുള്ള അയാളുടെ യാത്ര സുഗമമാക്കുന്നുവെന്നാണ് പറയുന്നത്. ജോലിക്ക് വേണ്ടിയാണ് ഹബര്‍ ഈ ചിപ്പ് ഉപയോഗപ്പെടുത്തുന്നത്. സ്‍റ്റോക്ക്ഹോമിലുള്ള TUI എന്ന സ്ഥാപനത്തിലാണ് ഹബര്‍ ജോലി ചെയ്യുന്നത്. അതൊരു ടൂര്‍ ഓപ്പറേറ്റിങ് കമ്പനിയാണ്. ഓഫീസിലെത്തുമ്പോള്‍ ഡോറുകള്‍ തുറന്നുവരും, പ്രിന്‍ററുകള്‍ പ്രവര്‍ത്തനത്തിന് സജ്ജമാകും, കാബിനുകളിലെ ഇലക്ട്രോണിക് ലോക്കുകള്‍ തുറക്കും, സ്‍നാക്ക് വെന്‍ഡിങ് മെഷീനുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഇതിനെല്ലാം ഈ കയ്യിലെ ചിപ്പ് മതിയാകും. നേരത്തെ, ശനിയാഴ്‍ചകളിലോ ഞായറാഴ്‍ചകളിലോ ഹബര്‍  ഐഡി കാര്‍ഡ് മറന്ന് ഓഫീസിലെത്തിയാല്‍ അകത്തേക്ക് പ്രവേശിക്കാനാകാതെ തിരികെ പോവുകയായിരുന്നു പതിവ്. എന്നാല്‍, ഇപ്പോള്‍ അങ്ങനെയൊരു സാധ്യതയേയില്ല എന്നാണ് ഹബര്‍ പറയുന്നത്. 

TUI -യില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ച ജോലിക്കാരനാണ് ഹബര്‍. ഇന്ന് കമ്പനിയിലെ 500 ജോലിക്കാരില്‍ 115 പേരും ശരീരത്തില്‍ ചിപ്പ് ബന്ധിപ്പിച്ചവരാണ്. 10.2 മില്ല്യണ്‍ ജനസംഖ്യയുള്ള സ്വീഡനില്‍ 5000 പേര്‍ ചിപ്പ് ധരിച്ചവരാണ്. വിവിധ വാതിലുകള്‍ തുറക്കാനും ഡിജിറ്റല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്കും ഒക്കെ വേണ്ടി അവരീ ചിപ്പുകളുപയോഗപ്പെടുത്തുന്നു. 

എന്നാല്‍, ശരീരത്തിലെ ഈ ചിപ്പ് ബന്ധിപ്പിക്കല്‍ വിവിധ തരത്തിലുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഐഡി ആവശ്യങ്ങൾക്കായി വളർത്തുമൃഗങ്ങളെ പോലും ചിപ്പ് ചെയ്യണോ എന്ന വിഷയത്തിൽ ആളുകൾ സമരം ചെയ്യുന്ന ജർമ്മനിയിൽ, ഇത് ഭയാനകമായ ഒരു സാഹചര്യമായിരിക്കും. ഒരു കമ്പനിക്ക് എല്ലാത്തരത്തിലും തങ്ങളുടെ ജോലിക്കാരെ നിയന്ത്രിക്കാനുള്ള വഴിയല്ലേ ഈ ചിപ്പ് ധാരണത്തിലൂടെ തുറന്നിരിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. ഇപ്പോള്‍, കമ്പനിയിലെ ചില കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ മാത്രമാണ് ചിപ്പ് ഉപയോഗപ്പെടുന്നതെങ്കിലും ഭാവിയില്‍ ഏതൊക്കെ കാര്യങ്ങളുടെ നിയന്ത്രണം ചിപ്പില്‍ വരും? ചിപ്പ് ധരിച്ചിരിക്കുന്ന ആളുകളുടെ എല്ലാത്തരത്തിലുള്ള വിവരങ്ങളും ലഭ്യമാകുമോ എന്ന ഭയവും അസ്ഥാനത്തല്ല. ജോലിക്കാരെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി പിന്നീടിത് മാറിയേക്കാമെന്നും ചിലരൊക്കെ മുന്നറിയിപ്പും നല്‍കുന്നുണ്ട്. 

അമേരിക്കൻ ഐക്യനാടുകളിൽ, ത്രീ മാർക്കറ്റ് സ്ക്വയർ എന്ന സോഫ്റ്റ്‍വെയർ ഡെവലപ്മെന്‍റ് കമ്പനി അതിന്റെ 200 ജീവനക്കാരിൽ പകുതി പേർക്കും ചിപ്പുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ പറഞ്ഞപോലെ വാതിലുകള്‍ തുറക്കാനും, കമ്പ്യൂട്ടറുകളില്‍ ലോഗിന്‍ ചെയ്യാനും മറ്റുമായാണ് ഈ ചിപ്പുകള്‍ ആവശ്യമായി വരുന്നത്. എന്തിനാണ് ഇങ്ങനെയൊരു സംവിധാനം എന്ന ചോദ്യത്തിന് കമ്പനി സിഇഒ വെസ്റ്റ്ബൈയുടെ മറുപടി 'വെറുതെ ഒരു രസത്തിന്' എന്നാണ്. എന്നാല്‍, ഈ പുതിയ സാങ്കേതിക വിദ്യയുടെ തുടക്കാരായിട്ടാണ് കമ്പനി അവരെത്തന്നെ കാണുന്നതും. ഇത് ഭാവിയില്‍ പാസ്‍പോര്‍ട്ടുകളായോ, പേയ്മെന്‍റ് സംവിധാനത്തിനായോ ഉപയോഗിക്കാമെന്നാണ് വെസ്റ്റ്ബി വിശ്വസിക്കുന്നത്.  

ഈ ചിപ്പ് ധാരണം ജീവനക്കാർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യകളോട് എളുപ്പത്തിലിടപഴകാനുള്ള അവസരം നല്‍കുമെന്നാണ് സ്റ്റോക്ക്ഹോമിലെ TUI -യിലെ മാനേജർമാർ പ്രതീക്ഷിക്കുന്നതെന്നും ഇത് വിശാലമായ ചർച്ചയ്ക്ക് തുടക്കമിട്ടതായും ഹബർ പറയുന്നു. 'ഉദാഹരണത്തിന്, വിമാനത്തിലും മറ്റും ഒരു തിരിച്ചറിയൽ കാർഡിനു പകരം ചിപ്പാണ് പരിശോധിക്കുന്നതെങ്കില്‍ ആളുകൾക്ക് എന്തു തോന്നും? അത് രസകരമായിരിക്കില്ലേ?' എന്നാണ് ചോദ്യം. 2017 നവംബർ മുതൽ ചിപ്പ് ധരിക്കുന്ന ആളാണ് ഹബര്‍.

അക്കാലത്ത്, TUI നോർഡിക് അതിന്റെ ജീവനക്കാർക്കായി ഒരു 'ഡിജിറ്റൽ സഫാരി' സംഘടിപ്പിച്ചിരുന്നു. സ്റ്റോക്ക്ഹോമിലെ കമ്പനിയുടെ പഴയ ഇഷ്ടിക കെട്ടിടത്തിൽ, വിദഗ്ധർ വെർച്വൽ റിയാലിറ്റി ഗ്ലാസുകള്‍, സിരി പോലുള്ള ഭാഷാ സഹായികൾ, ബ്രെയിൻ സ്കാനറുകൾ ഉൾക്കൊള്ളുന്ന ഹെഡ്ബാൻഡുകൾ എന്നിവ അന്ന് പ്രദർശിപ്പിച്ചു. ജോവാന്‍ ഓസ്റ്റര്‍ലണ്ട് എന്നൊരു മനുഷ്യനും അന്നതില്‍ പങ്കെടുത്തിരുന്നു.

ഈ ഓസ്റ്റര്‍ലണ്ടാണ് സ്വീഡന്‍റെ 'ചിപ്പ് ഗുരു' എന്നറിയപ്പെടുന്നത്. പ്രൊഫഷന്‍ കൊണ്ട് ബോഡി പിയേഴ്‍സറാണെങ്കിലും ചിപ്പുകള്‍ ധരിപ്പിച്ച് നല്‍കുക, ഇത്തരം വിഷയങ്ങളില്‍ ക്ലാസുകളെടുക്കുക എന്നതും അദ്ദേഹം ചെയ്യുന്നുണ്ടായിരുന്നു. ഓസ്റ്റര്‍ലാണ്ട് പറയുന്നത്, ആയിരക്കണക്കിന് പേര്‍ക്ക് താന്‍ ചിപ്പ് ഘടിപ്പിച്ച് നല്‍കിയിട്ടുണ്ട് എന്നാണ്. അവിടെവെച്ച് ഒരു വലിയ സിറിഞ്ച് ഉപയോഗിച്ച് TUI മാനേജരുടെ കയ്യില്‍ ഓസ്റ്റര്‍ലണ്ട് ആ ചിപ്പ് ധരിപ്പിച്ച് നല്‍കി. അങ്ങനെ കമ്പനിയിലെ ചിപ്പ് ധരിച്ച ആദ്യത്തെ ആളായി മാനേജര്‍ മാറി. ആദ്യം നേരിയൊരു തരിപ്പുണ്ടായിരുന്നുവെങ്കിലും പിന്നെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. 'ചിപ്പ് ധരിച്ച കാര്യം ഭാര്യയോട് പറഞ്ഞപ്പോള്‍ അവരുടെ മുഖത്തുണ്ടായ ഭാവമൊഴികെ മറ്റൊരു പ്രശ്‍നവും ഉണ്ടായില്ല' എന്നാണ് അതിനെ കുറിച്ച് മാനേജര്‍ പറയുന്നത്. 

പിന്നീട്, ഓരോ ജോലിക്കാരായി വരിനിന്ന് ചിപ്പ് ധരിച്ചു. ഇന്നും ചിപ്പ് ധരിക്കാന്‍ ഏതെങ്കിലും തൊഴിലാളി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ ചെലവ് മുഴുവനും വഹിക്കാന്‍ കമ്പനി തയ്യാറാണ്. പക്ഷേ, പിന്നീട് എന്ത് പ്രശ്നമുണ്ടായാലും അതിന് കമ്പനി ഉത്തരവാദിയല്ല എന്നൊരു കണ്ടീഷണും കൂടിയുണ്ട്. ഓരോ ചിപ്പിനും 90 യൂറോ (ഏകദേശം 7,066.01 ഇന്ത്യന്‍ രൂപ) ആണ് ചെലവ് വരിക. 

എന്നാല്‍, സ്വന്തം ഓഫീസുകളില്‍ മാത്രമല്ല, സ്റ്റോക്ക്ഹോമിലെ രണ്ട് ജിമ്മുകളിലും ഈ ചിപ്പുപയോഗിച്ച് പ്രവേശനമുണ്ട്. ഇവിടെ ചെക്ക് ഇന്‍ ചെയ്യാന്‍ ഈ ചിപ്പുപയോഗിക്കാം. ഈ ചിപ്പ് സ്വീഡിഷ് നാഷണല്‍ റെയില്‍വെ കമ്പനിയുമായി ബന്ധിപ്പിച്ചാല്‍ അതുവഴി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യമാവും. കണ്ടക്ടറെത്തിയാല്‍ ചിപ്പ് സ്‍കാന്‍ ചെയ്യുകയാണ് ചെയ്യുക. സ്വീഡനില്‍ ഈ മൈക്രോചിപ്പ് ഒരു തരംഗമാവുന്നതില്‍ വലിയ അതിശയോക്തി ഒന്നുമില്ല. സാങ്കേതിക വിദ്യകളിലും അധികാരികളിലും വലിയ വിശ്വാസമുള്ളവരാണ് ഇവിടത്തുകാര്‍. കാഷ്‍ലെസ്സ് പേയ്‍മെന്‍റിന്‍റെ കാര്യത്തിലൊക്കെ മറ്റ് സ്ഥലങ്ങളേക്കാള്‍ ഏറെ മുന്നിലായിരുന്നു ഇവര്‍. ചെറിയ ചെറിയ തുകകള്‍ പോലും കാര്‍ഡോ, മൊബൈല്‍ ഫോണോ ഉപയോഗിച്ചായിരുന്നു നല്‍കിയിരുന്നത്. TUI -യുടെ സ്റ്റോക്ക്ഹോം ഓഫീസിനെ അവര്‍ കാണുന്നത് തന്നെ ഒരു ഡിജിറ്റല്‍ ടെസ്റ്റിങ് ലബോറട്ടറി ആയിട്ടാണ്. 

വിവരങ്ങള്‍ ചോര്‍ത്തുമോ?

എന്നാല്‍, എല്ലാ തൊഴിലാളികളും ഈ ചിപ്പിങിനെ അംഗീകരിക്കുന്നവരല്ല. ജര്‍മ്മനിയിലെ അവരുടെ ഹെഡ് ഓഫീസിലുള്ളവരില്‍ പലരും ഇതിനോട് നോ പറഞ്ഞിട്ടുണ്ട്. ഇത് സ്വകാര്യതയ്ക്ക് തടസമാകുമോ എന്നത് തന്നെയാണ് ഇവരുടെ പ്രധാന സംശയം. ഇതുവഴി തൊഴിലാളികള്‍ എവിടെയൊക്കെ സഞ്ചരിക്കുന്നു, അവരെവിടെയാണ് ഉള്ളത് തുടങ്ങിയ കാര്യങ്ങള്‍ ട്രാക്ക് ചെയ്‍‍ത് കണ്ടെത്താനാകുമോ എന്നും അവര്‍ ഭയക്കുന്നുണ്ട്. എന്നാല്‍, കമ്പനി മാനേജര്‍ പറയുന്നത്, ഒരിക്കലും അങ്ങനെ ചെയ്യില്ലായെന്നാണ്. മാത്രവുമല്ല, ഈ ചിപ്പ് ഉപയോഗിച്ച് ആരെയെങ്കിലും നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. 10 സെന്‍റിമീറ്ററിനപ്പുറത്തുള്ള ഒരു നിയന്ത്രണവും അതിന് സാധിക്കില്ലായെന്നും മാനേജര്‍ പറയുന്നു. 

എന്നാല്‍, TUI സ്റ്റോക്ക്ഹോമിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറയുന്നത് ആദ്യമായി മൈക്രോചിപ്പിനെ കുറിച്ച് കേട്ടപ്പോള്‍ തന്നെ താന്‍ ജാഗരൂകനായിരുന്നുവെന്നാണ്. ഡാറ്റ പ്രൊട്ടക്ഷന്‍റേയും സ്വകാര്യതയുടേയും കാര്യമെടുത്താല്‍ അതിപ്പോള്‍ അപകടകരമല്ല എന്നും അയാള്‍ പറയുന്നുണ്ട്. എന്നാല്‍, അപ്പോഴും താന്‍ ആരോടും ചിപ്പ് ധരിക്കാനായി ശുപാര്‍ശ ചെയ്യില്ലായെന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതൊക്കെ ഓരോ തൊഴിലാളിയുടെയും സ്വന്തം തീരുമാനമാണ് എന്ന് പറയുന്നതോടൊപ്പം താന്‍ അത്തരമൊരു ചിപ്പ് ധരിച്ചിട്ടില്ലായെന്നും ധരിക്കാനുദ്ദേശിച്ചിട്ടില്ലായെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതിന് കാരണമായി പറയുന്നത് അലര്‍ജിയും മറ്റുമൊക്കെയാണെങ്കിലും ചിപ്പിന്‍റെ കാര്യത്തില്‍ തനിക്കുള്ള നിലപാടുകളില്‍ അയാള്‍ക്ക് സംശയമൊന്നുമില്ല. 

യൂറോപ്യന്‍ പാര്‍ലമെന്‍റ് ഇക്കാര്യത്തിന് വേണ്ടത്ര ഗൗരവം നല്‍കുന്നുണ്ട്. 2018 -ല്‍ പാര്‍ലമെന്‍റ് ഒരു പഠനസംഘത്തെ നിയോഗിച്ചിരുന്നു. 'തൊഴിലാളികള്‍ക്കിടയിലെ ചിപ്പ് ധാരണ'മായിരുന്നു വിഷയം. ആ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഓരോ യൂറോപ്യന്‍ യൂണിയന്‍ പൗരനും അവന്‍റെ ശരീരത്തില്‍ പൂര്‍ണമായ അധികാരമുണ്ട്. ഒരു കമ്പനിക്കും ചിപ്പ് ധരിക്കാന്‍ തങ്ങളുടെ തൊഴിലാളികളോട് ആവശ്യപ്പെടാനുള്ള അധികാരമില്ല എന്നാണ്. ഒപ്പംതന്നെ ചിപ്പ് അത്ര സുരക്ഷിതമല്ലെന്നും പഠനം നിഗമനത്തിലെത്തുന്നുണ്ട്. ഹാക്ക് ചെയ്യപ്പെടാനോ, വിവരങ്ങള്‍ ചോര്‍ത്താനോ, ക്ലോണിംഗിനോ, നിര്‍ജ്ജീവമാക്കാനോ, കൃത്രിമം കാണിക്കാനോ ഒക്കെയുള്ള സാധ്യത ഈ ചിപ്പിലുണ്ട് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

ജര്‍മ്മന്‍ ബിസിനസ് രംഗത്ത് ചിപ്പ് ഘടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നയാളാണ് പാട്രിക് കാര്‍മര്‍. ഈ 49 -കാരനും ചിപ്പിങ് നടത്തിക്കൊടുക്കുന്ന ആളാണ്. 'ജനങ്ങളെ നവീകരിക്കുക' എന്ന വിഷയത്തില്‍ വിവിധ ക്ലാസുകളും കാര്‍മര്‍ എടുക്കുന്നുണ്ട്. കാര്‍മറിന്‍റെ കണക്കില്‍ 4000 മുതല്‍ 5000 പേര്‍ വരെ ജര്‍മ്മനിയില്‍ സ്വകാര്യമായി ചിപ്പ് ധരിച്ചിട്ടുണ്ട്. കാര്‍മര്‍ സംഘടിപ്പിക്കുന്ന പരിശീലനങ്ങളില്‍ ചിപ്പ് ധരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അതിനായി, ഗ്ലൗസ്, സിറിഞ്ച് എന്നിവയെല്ലാം അവിടെ വില്‍ക്കപ്പെടുന്നു. എന്നാല്‍, ഇതൊരു ട്രെന്‍ഡായി കൊണ്ടുനടക്കുന്നവരുമുണ്ട്. നേരത്തെ ഒരു കമ്പനിയില്‍ 30 പേര്‍ക്ക് ഇതുപോലെ ചിപ്പ് ഘടിപ്പിച്ചിരുന്നു. എന്നാല്‍, അതിലൊരു അപ്ലിക്കേഷനും ഇല്ലായിരുന്നു. 

ഏതായാലും ചിപ്പുകള്‍ മനുഷ്യരെ അടിമകളാക്കി മാറ്റുമോ എന്ന ആശങ്ക സ്വീഡനിലും ഇല്ലാതില്ല. അതിനെ സംബന്ധിച്ച ചര്‍ച്ചകളും ആശങ്കകളും അവിടെയും നിലനില്‍ക്കുന്നുണ്ട്.