Asianet News MalayalamAsianet News Malayalam

പക്ഷികളുടെ ശവപ്പറമ്പായി വേൾഡ് ട്രേഡ് സെന്റർ, കെട്ടിടങ്ങളിലിടിച്ച് ചാവുന്നത് നൂറുകണക്കിന് പക്ഷികൾ

പരിക്ക് പറ്റിയ 77 പക്ഷികളെ ചൊവ്വാഴ്ച അപ്പർ വെസ്റ്റ് സൈഡിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, അവയിൽ ഭൂരിഭാഗവും ട്രേഡ് സെന്റർ പ്രദേശത്ത് നിന്നുള്ളവയാണെന്ന് സെന്റർ ഡയറക്ടർ പറഞ്ഞു. 

migrating song birds died by crash into skyscrapers
Author
New York, First Published Sep 17, 2021, 4:03 PM IST

ഈയാഴ്ച ന്യൂയോർക്ക് നഗരത്തിലൂടെ പറന്ന നൂറുകണക്കിന് ദേശാടന പക്ഷികൾ നഗരത്തിന്റെ ഗ്ലാസ് കെട്ടിടങ്ങളിൽ ഇടിച്ചു ചത്തു. പക്ഷികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ന്യൂയോർക്ക് സിറ്റി ഓഡബൺ. അവിടത്തെ ഒരു സന്നദ്ധസേവകനാണ് ചത്തുകിടക്കുന്ന പക്ഷികളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. വേൾഡ് ട്രേഡ് സെന്റർ പക്ഷികളുടെ ശവപ്പറമ്പായി മാറുന്ന ഭീകരമായ കാഴ്ചയായിരുന്നു അത്.  

മാൻഹട്ടാനിലെ അംബരചുംബികളായ കെട്ടിടങ്ങളിൽ ഇടിച്ച് പക്ഷികൾ ചാവുന്നത് വർഷങ്ങളായി നിലനിൽക്കുന്ന ഒരു പ്രശ്നമാണ്. എന്നാൽ, ഈ ആഴ്ച നടന്ന അപകടത്തിൽ മരിച്ച പക്ഷികളുടെ എണ്ണം വളരെ കൂടുതലാണ്. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച വരെ വീശിയ കാറ്റായിരിക്കാം മരണത്തിന് കാരണമായതാതെന്ന് ഗ്രൂപ്പിന്റെ കൺസർവേഷൻ ആൻഡ് സയൻസ് അസോസിയേറ്റ് ഡയറക്ടർ കൈറ്റ്ലിൻ പാർക്കിൻസ് പറഞ്ഞു.

പ്രക്ഷുബ്ധമായ കാലാവസ്ഥയും, എണ്ണമറ്റ പക്ഷികളും എല്ലാം അതിന് സാഹചര്യമൊരുക്കിയെന്ന് അവർ പറഞ്ഞു. "കൊടുങ്കാറ്റ് കാരണം പക്ഷികൾക്ക് ഉയർന്ന് പറക്കാൻ കഴിഞ്ഞിരിക്കില്ല. അല്ലെങ്കിൽ അവ കാറ്റിൽ വഴിതെറ്റിയിരിക്കാം. കൂടാതെ, രാത്രികാലത്തെ കൃത്രിമ വെളിച്ചവും അവയെ വഴിതെറ്റിച്ചേക്കാം" പാർക്കിൻസ് കൂട്ടിച്ചേർത്തു. വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്ക് ചുറ്റുമുള്ള നടപ്പാതകളിൽ 300 ഓളം ചത്ത പക്ഷികളെ കണ്ടെത്തിയതായി സന്നദ്ധപ്രവർത്തകയായ മെലിസ ബ്രയർ ട്വീറ്റ് ചെയ്തു. ഇത് ഭയാനകമാണെന്ന് അവർ പറഞ്ഞു.  

 

പരിക്ക് പറ്റിയ 77 പക്ഷികളെ ചൊവ്വാഴ്ച അപ്പർ വെസ്റ്റ് സൈഡിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, അവയിൽ ഭൂരിഭാഗവും ട്രേഡ് സെന്റർ പ്രദേശത്ത് നിന്നുള്ളവയാണെന്ന് സെന്റർ ഡയറക്ടർ പറഞ്ഞു. ജീവനക്കാർ പക്ഷികൾക്ക് ഭക്ഷണവും വെള്ളവും ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകളും നൽകി. വീണ്ടെടുത്ത 30 പക്ഷികളെ അടുത്ത ദിവസം ബ്രൂക്ലിൻ പ്രോസ്പെക്ട് പാർക്കിലേയ്ക്ക് വിട്ടയച്ചു.

ഓരോ വർഷവും ന്യൂയോർക്ക് സിറ്റിയിൽ 90,000 മുതൽ 230,000 വരെ ദേശാടനപക്ഷികൾ കെട്ടിട ഗ്ലാസുകളിൽ ഇടിച്ച് കൊല്ലപ്പെടുന്നുവെന്ന് കണക്കാക്കുന്നു. ദേശാടന സീസൺ വെറും ആറ് ആഴ്ചകൾ മാത്രമാണ് നീണ്ടുനിൽക്കുന്നത്. അതിനിടയിലാണ് ഇത്രയും മരണമെന്നത് ഇതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ചില്ല് ജാലകങ്ങളിൽ കൂട്ടിയിടിക്കുന്ന പക്ഷികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്ന് സൂചനയുണ്ട്. വൈൽഡ് ബേർഡ് ഫണ്ടിന്റെ ഡയറക്ടർ റീത്ത മക്മഹോൺ പറയുന്നതനുസരിച്ച്, അവിടെ ചികിത്സിക്കുന്ന പക്ഷികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്. വലിയ അംബരചുംബികളുടേയും മറ്റ് കെട്ടിടങ്ങളുടേയും ഉടമകളോട് രാത്രിയിൽ മങ്ങിയ പ്രകാശം മാത്രം ഉപയോഗിക്കാനും, ഗ്ലാസ് കൂടുതൽ ദൃശ്യമാകുന്ന തരത്തിൽ മാറ്റാനും ഓഡബൺ ആവശ്യപ്പെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios