Asianet News MalayalamAsianet News Malayalam

ശരീരം ചുരുങ്ങുന്നു, ചിറകുകള്‍ നീളത്തില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു, പക്ഷികളുടെ രൂപം മാറുന്നു?

ഡോ. വില്ലാർഡ് ഈ പഠനത്തിനായി ആകെ 52 ഇനങ്ങളെ പ്രതിനിധീകരിച്ച് 70,716 പക്ഷികളെ അളക്കുകയും ആ വിവരങ്ങൾ ഒരു ബുക്കിൽ എഴുതിവക്കുകയും ചെയ്തു. ശേഖരിച്ച പക്ഷികളിൽ കൂടുതലും ദേശാടന പക്ഷികളായിരുന്നു. അവയെ പരിശോധിച്ചപ്പോൾ പക്ഷികളുടെ വലുപ്പം പത്ത് മില്ലിമീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.

migratory birds are shrinking because of global warming
Author
Chicago, First Published Dec 12, 2019, 12:14 PM IST

കാലാവസ്ഥ വ്യതിയാനം മനുഷ്യരെ മാത്രമല്ല പക്ഷികളെയും മൃഗങ്ങളെയും വരെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അടുത്തകാലത്തായി നടത്തിയ ഒരു പഠനത്തിൽ വടക്കേ അമേരിക്കയിലെ ദേശാടനപ്പക്ഷികൾക്ക് രൂപമാറ്റം സംഭവിക്കുന്നു എന്ന ഭയപ്പെടുത്തുന്ന വസ്തുത കണ്ടെത്താനായി. അവയുടെ ശരീരം ചുരുങ്ങുകയാണെന്നും ചിറകുകൾ നീളത്തിൽ വളരുകയാണെന്നും ഏകദേശം 40 വർഷത്തെ ഡാറ്റ പരിശോധിച്ചത്തിൽ നിന്ന് ഗവേഷകർക്ക് മനസിലാക്കാൻ സാധിച്ചു. ശരീരഭാരം കുറയുന്നതിനൊപ്പം പക്ഷികളുടെ കാലുകൾ ചെറുതാകുന്നതായും പഠനങ്ങൾ തെളിയിക്കുന്നു.

പക്ഷിനീരീക്ഷകനായ ഡോ. ഡേവിഡ് വില്ലാർഡ് യാദൃച്ഛികമായിട്ടാണ് ഈ പഠനം ആരംഭിച്ചത്. പക്ഷികളെ നീരിക്ഷിക്കാനായി അദ്ദേഹം എല്ലാ ദിവസവും ചിക്കാഗോയുടെ തടാകത്തിന് എതിരെയുള്ള മക്കാർമിക് പ്ലേസ് എന്ന കൺവെൻഷൻ സെന്റ്ററിലേക്ക് പോകാറുണ്ട്. ചിക്കാഗോയിലും പരിസരപ്രദേശത്തും അരണ്ടവെളിച്ചമാണ്‌ ഉള്ളത്. ദിവസവും ഈ അരണ്ടവെളിച്ചത്തിൽ ഒരുപാട് പക്ഷികൾ അവിടെയുള്ള കെട്ടിടങ്ങളുടെ ജനാലകളിൽ ഇടിച്ച് മരണപ്പെട്ടിരുന്നു.  

ഡോ. ഡേവിഡ് ഈ പക്ഷികളെ കുറിച്ച് മനസ്സിലാക്കാനാണ് പഠനം ആരംഭിച്ചത്. പതിയെ കൂടുതൽ ആളുകൾ ഈ പഠനത്തിൽ ചേരാൻ തുടങ്ങി. ചിക്കാഗോ ബേർഡ് കോളിഷൻ മോണിറ്റേഴ്‌സ് എന്ന ഒരു കൂട്ടം പക്ഷിനീരീക്ഷകരും ഇതിൽ ചേർന്നു. അങ്ങനെ ആ സന്നദ്ധപ്രവർത്തകർക്കും വില്ലാർഡിനും ഒരു ദിവസം ഒരുലക്ഷം ചത്ത പക്ഷികളെയാണ് ശേഖരിച്ചത്. ജീവനുണ്ടായ ചിലതിനെ അവർ രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചു. കൂടുതലും പക്ഷെ ചത്തവയായിരുന്നു.  മ്യൂസിയത്തിലെ പക്ഷി ശേഖരത്തിന്‍റെ 20 ശതമാനത്തോളം ഇങ്ങനെ ശേഖരിച്ച പക്ഷികളാണ്.

ഡോ. വില്ലാർഡ് ഈ പഠനത്തിനായി ആകെ 52 ഇനങ്ങളെ പ്രതിനിധീകരിച്ച് 70,716 പക്ഷികളെ അളക്കുകയും ആ വിവരങ്ങൾ ഒരു ബുക്കിൽ എഴുതിവക്കുകയും ചെയ്തു. ശേഖരിച്ച പക്ഷികളിൽ കൂടുതലും ദേശാടന പക്ഷികളായിരുന്നു. അവയെ പരിശോധിച്ചപ്പോൾ പക്ഷികളുടെ വലുപ്പം പത്ത് മില്ലിമീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.

1978 -നും 2016 -നും ഇടയിൽ പക്ഷികളുടെ ശരീര വലുപ്പങ്ങൾ ക്രമേണ കുറഞ്ഞുവരുന്നതായി പഠനങ്ങളിൽ തെളിഞ്ഞു. ഉദാഹരണത്തിന്, 52 ഇനം പക്ഷികളിൽ 49 എണ്ണത്തിന് ശരാശരി 2.6 ശതമാനം ശരീരഭാരം നഷ്ടപ്പെട്ടതായും അവയുടെ കാലിന്‍റെ അസ്ഥികളുടെ നീളം 2.4 ശതമാനമായി കുറഞ്ഞതായും അവർ കണ്ടെത്തി.  അതിശയകരമെന്നു പറയട്ടെ, പക്ഷിമൃഗാദികളുടെ 52 ചിറകുകളിൽ 40 എണ്ണവും ഒരേ സമയം 1.3 ശതമാനം വർദ്ധിച്ചിരുന്നു.  

ഉയർന്ന താപനിലയാണ് പക്ഷികളുടെ ഈ രൂപമാറ്റത്തിന് കാരണമാകുന്നത്. എന്നാല്‍, അത് മാത്രമല്ല ഇവയുടെ ശരീരശോഷണത്തിന് കാരണമാകുന്നത്. ഭക്ഷ്യലഭ്യതയുടെ കുറവും, സൂര്യതാപവും ഇതിന് കാരണങ്ങളാകാം എന്ന് ഗവേഷകർ കണ്ടെത്തി. കുറച്ചുനാളുകൾക്ക് മുമ്പ്, മറ്റൊരു ഗവേഷക സംഘം വടക്കേ അമേരിക്കയിൽ കുടിയേറ്റപ്പക്ഷികളുടെ കണക്കെടുക്കുകയുണ്ടായി. കഴിഞ്ഞ 40 വർഷത്തെ കണക്കെടുത്തപ്പോൾ പക്ഷികളുടെ എണ്ണത്തില്‍ 29 ശതമാനം കുറവുണ്ട് എന്ന് അവർ കണ്ടെത്തി. കൃത്യമായി പറഞ്ഞാൽ ഈ കണക്ക്‌ പ്രകാരം 40 വർഷത്തിനുള്ളിൽ 2.9 ബില്യൺ പക്ഷികൾ ചത്തതായി അനുമാനിക്കാം.

ഇതിനു അടിവരയിടുന്നതാണ് ഹവായിൽ വച്ച് നടത്തിയ മറ്റൊരു പഠനവും. ആ പഠനത്തിലും പക്ഷികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുന്നുവെന്നുതന്നെയാണ് തെളിഞ്ഞത്. ഇത് വാർഷിക പ്രത്യുത്പാദന നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്നും പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു.  

നിലവിലുള്ളതും ഭാവിയിലുമുള്ള ഗവേഷകർക്ക് ഈ മ്യൂസിയം, അറിവിന്‍റെയും കണ്ടെത്തലിന്‍റെയും ഒരു വലിയ നിധി ശേഖരമാണെന്ന് ഓർമപ്പെടുത്തുകയാണ് അദ്ദേഹത്തിന്‍റെ പഠനം. ഇതുപോലുള്ള ഗവേഷങ്ങൾ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആശങ്കാജനകമായ മാറ്റങ്ങൾക്ക് ഒരു വഴികാട്ടിയായി തീരുന്നു. 


 

Follow Us:
Download App:
  • android
  • ios