കൃഷി ചെയ്യുക, നടക്കാനായി പോവുക, വായിക്കുക എന്നിവയെല്ലാം ചെയ്തുകൊണ്ടാണ് ഇന്ന് മിൻ തന്റെ ജീവിതം ജീവിക്കുന്നത്.
ജോലി ചെയ്യുക, വിവാഹം കഴിക്കുക ഇതൊക്കെ വെറും അർത്ഥമില്ലാത്ത കാര്യങ്ങളാണ് എന്ന് ചൈനയിൽ നിന്നുള്ള ഒരു 35 -കാരൻ. അതുകൊണ്ട് തന്നെ ഇതിനൊക്കെ പകരമായി ഒരു ഗുഹയിൽ ഒറ്റയ്ക്ക് കഴിയുകയാണത്രെ ഇയാൾ.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള മിൻ ഹെങ്‌കായ് ആണ് ജോലിയും വിവാഹവും രണ്ടും അനാവശ്യമായ കാര്യങ്ങളാണ് എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ നാല് വർഷമായി ഒരു ഗുഹയിൽ താമസിക്കുന്നത് എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എഴുതുന്നത്.
2021 വരെ ഒരു കാബ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. അതിലൂടെ മാസം $1,400 (ഒരു ലക്ഷത്തിന് മുകളിൽ വരും ഇത്) ഇയാൾ സമ്പാദിക്കുന്നുമുണ്ടായിരുന്നു. 10 മണിക്കൂറുകൾ ജോലി ചെയ്തിട്ടും ഇതെല്ലാം ലോൺ അടയ്ക്കാനെ തികയുന്നുള്ളൂ എന്ന് മനസിലായപ്പോഴാണത്രെ ഇതിലൊന്നും ഒരു അർത്ഥവും ഇല്ല എന്ന് മിന്നിന് തോന്നുന്നത്.
അങ്ങനെ ഭൗതികമായ ഈ ലോകം ഉപേക്ഷിക്കാൻ ഇയാൾ തീരുമാനിച്ചു. പക്ഷേ, അപ്പോഴും മിന്നിന് 42,000 ഡോളർ (35,89,068) കടമുണ്ടായിരുന്നു. എന്നാൽ, എന്നെങ്കിലും ആ കടം അടച്ചു തീർക്കാമെന്ന ഒരു പ്രതീക്ഷയും അയാൾക്ക് ഇല്ലായിരുന്നു. ബന്ധുക്കൾ ഒടുവിൽ ഇയാളുടെ സ്വത്തുക്കൾ വിൽക്കുകയും ആ കടങ്ങൾ വീട്ടിത്തീർക്കുകയും ആയിരുന്നു.
പിന്നീട് മിൻ തന്റെ സ്ഥലം ഗ്രാമത്തിലുള്ള ഒരാളുമായി കൈമാറുകയും അടുത്തുള്ള ഒരു ഗുഹയിൽ താമസിക്കാനായി പോവുകയും ചെയ്തു. 50 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള ഈ ഗുഹയെ മിൻ തന്റെ പുതിയ വീടാക്കി മാറ്റി. അതിനായി തന്റെ 6,000 ഡോളർ (5,12,763.30) സമ്പാദ്യവും ചെലവഴിച്ചു.
കൃഷി ചെയ്യുക, നടക്കാനായി പോവുക, വായിക്കുക എന്നിവയെല്ലാം ചെയ്തുകൊണ്ടാണ് ഇന്ന് മിൻ തന്റെ ജീവിതം ജീവിക്കുന്നത്. രാവിലെ എട്ട് മണിക്ക് എഴുന്നേൽക്കുകയും രാത്രി 10 മണിക്ക് ഉറങ്ങുകയും ചെയ്യുക എന്നതാണ് മിന്നിന്റെ രീതി. കഴിക്കാനുള്ളത് അത്യാവശ്യം കൃഷി ചെയ്തുണ്ടാക്കും.
'വിവാഹം വെറും സമയവും പണവും കളയലാണ്' എന്നാണ് മിന്നിന്റെ അഭിപ്രായം. ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ ജീവിതം മിൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 4 ലക്ഷം ഫോളോവർമാർ ഇയാൾക്കുണ്ട്. ഇതിന്റെ പേരിൽ വലിയ വിമർശനവും മിൻ കേൾക്കുന്നുണ്ട്. 'ഭൗതിക കാര്യങ്ങളിൽ താല്പര്യമില്ല എന്ന് പറയും എന്നിട്ട് സോഷ്യൽ മീഡിയയിൽ പണമുണ്ടാക്കും' എന്നതാണ് പ്രധാന വിമർശനം.
(ചിത്രം പ്രതീകാത്മകം)


