ദിനംപ്രതി സന്ദർശിക്കുന്ന പത്ത് അണ്ണാൻമാരെ കൂടാതെ കുറുക്കന്മാരെയും നിരവധി പക്ഷികളെയും ഒക്കെ പോൾ കണ്ടിട്ടുണ്ട്. 

അണ്ണാനോ(Squirrels)ടും മറ്റ് ജീവികളോടും ഉള്ള ഇഷ്‍ടം കാരണം ഒരാള്‍ ചെയ്‍തത് എന്താണ് എന്ന് അറിയാമോ? തന്‍റെ തോട്ടത്തില്‍ അവയ്ക്ക് വേണ്ടി ഒരു ഗ്രാമം തന്നെ സൃഷ്ടിച്ചെടുത്തു. വെറുമൊരു ഗ്രാമമല്ല, അതിമനോഹരമായൊരു ഗ്രാമം. അതില്‍ പൂളും ക്രിസ്‍മസ് കാബിനും ഒക്കെ ഉണ്ട്. 

38 -കാരനായ പോൾ എവെരിറ്റ്(Paul Everitt), അണ്ണാനടക്കമുള്ള ജീവികൾക്ക് വേണ്ടിയുള്ള 1.5 മീറ്റർ ഉയരമുള്ള പ്ലാറ്റ്‌ഫോമുകളുള്ള ഈ അവിശ്വസനീയമായ ​ഗ്രാമം സൃഷ്ടിക്കാനായി 18 മാസങ്ങളാണ് ചെലവഴിച്ചത്. അതിലേക്ക് പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങളുമുണ്ട്. ഇതിനൊക്കെ പുറമെയാണ് ഇന്‍ഫിനിറ്റി പൂളും ക്രിസ്‍മസ് കാബിനും. ഇതിനെല്ലാം ഒപ്പം പ്രാവുകൾക്ക് ഇറങ്ങാൻ 'P' എന്ന അക്ഷരത്തിൽ ഒരു ലാൻഡിംഗ് പാഡ് പോലും അദ്ദേഹം സൃഷ്ടിച്ചു. 

ഒപ്പം അതിൽ ഒരു ടവറും ഉണ്ട്, അതിനെ പോൾ "ദി സ്വിംഗേഴ്സ് ക്ലബ്" എന്ന് വിളിക്കുന്നു, അതിൽ പെർസ്പെക്‌സ് കൊണ്ട് നിർമ്മിച്ച ഒരു ഇൻഫിനിറ്റി പൂൾ, കറങ്ങുന്ന കോൺ ടോസർ, ഫീഡിംഗ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു. 

ദിനംപ്രതി സന്ദർശിക്കുന്ന പത്ത് അണ്ണാൻമാരെ കൂടാതെ കുറുക്കന്മാരെയും നിരവധി പക്ഷികളെയും ഒക്കെ പോൾ കണ്ടിട്ടുണ്ട്. “കൊവിഡിന് മുമ്പ്, ഞാൻ ധാരാളം യാത്ര ചെയ്യുമായിരുന്നു - ദീർഘദൂര യാത്രകൾ, അലാസ്ക, ഫിൻലാൻഡ്, സ്വീഡൻ എന്നിവിടങ്ങളിൽ കയാക്കിംഗ് അല്ലെങ്കിൽ ഭൂഖണ്ഡങ്ങളിലൂടെ സൈക്കിൾ ചവിട്ടുക അങ്ങനെയൊക്കെ. ഞാൻ കാനഡയിൽ കുറച്ചുകാലം താമസിച്ചു, കരടികളും ചെന്നായ്ക്കളും എന്റെ അടുത്തേക്ക് വരുന്നത് പതിവായിരുന്നു. അതെല്ലാം എനിക്ക് മിസ് ചെയ്‍തു ” പോൾ പറഞ്ഞു. 

“കൊവിഡ് വന്നതോടെ, അത് പോലെ ആശ്വാസം നല്‍കുന്ന എന്തെങ്കിലും ചെയ്യേണ്ടതായി വന്നു. അങ്ങനെ ഇരുന്നു വന്യജീവികളെ കാണുന്നു - ഇതൊരു നല്ല ചെറിയ കേന്ദ്രമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിലെ ഗ്രിംസ്‌ബിയിൽ മൂന്ന് കിടപ്പുമുറികളുള്ള ഒരു ബംഗ്ലാവ് വാങ്ങി അതിന്റെ പടർന്ന് പിടിച്ച പൂന്തോട്ടം വൃത്തിയാക്കാൻ തുടങ്ങിയതിന് ശേഷമാണ് ഈ സ്ഥലത്തിന്‍റെ ജോലി ആരംഭിച്ചതെന്ന് പോൾ പറഞ്ഞു.