സിസിടിവി ദൃശ്യങ്ങളിൽ കടയുടമ കസേരയിൽ ഇരിക്കുന്നത് കാണാം. പെട്ടെന്ന് ഏതാനും യുവാക്കൾ കടയിലേക്ക് അതിക്രമിച്ചു കയറുന്നു. തുടർന്ന് അവരിൽ ഒരാൾ കയ്യിൽ ഉണ്ടായിരുന്ന മുളകുപൊടി കടയുടമയുടെ കണ്ണിലേക്ക് ഇടുന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. റിപ്പോർട്ടുകൾ പ്രകാരം ബുധനാഴ്ച വൈകുന്നേരം ജഹാംഗിർപുരി പ്രദേശത്ത് നടന്ന ഈ മോഷണത്തിന് പിന്നിൽ കുപ്രസിദ്ധമായ 'മിർച്ചി ഗ്യാങ്ങ്' ആണത്രെ. തിരക്കേറിയ തെരുവിലെ കടയിലെ കടയുടമയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞാണ് സംഘം മോഷണം നടത്തിയത്.
രാത്രി 7:30 ഓടെ, ബൈക്കുകളിൽ എത്തിയ അഞ്ചോളം അക്രമികൾ കടയിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് ഇവർ ഒരു പലചരക്ക് കടയുടമയുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് കട കൊള്ളയടിക്കുകയായിരുന്നു. കടയിലെയും തെരുവിലെയും സിസിടിവി ക്യാമറകളിൽ മോഷണദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ കടയുടമ കസേരയിൽ ഇരിക്കുന്നത് കാണാം. പെട്ടെന്ന് ഏതാനും യുവാക്കൾ കടയിലേക്ക് അതിക്രമിച്ചു കയറുന്നു. തുടർന്ന് അവരിൽ ഒരാൾ കയ്യിൽ ഉണ്ടായിരുന്ന മുളകുപൊടി കടയുടമയുടെ കണ്ണിലേക്ക് ഇടുന്നു. തുടർന്ന് അക്രമി പണം സൂക്ഷിച്ചിരുന്ന മേശയുടെ ഡ്രോ പൂർണ്ണമായി ഊരിയെടുത്ത് ഒപ്പം ഉണ്ടായിരുന്ന മറ്റൊരു ആക്രമിക്ക് കൈമാറുന്നു.
ശേഷം അവർ കടയിൽ നിന്നും ഇറങ്ങിപ്പോകാൻ ശ്രമിക്കുന്നതിനിടയിൽ കടയുടമ അതിനെ പ്രതിരോധിക്കുന്നുണ്ടെങ്കിലും ദയനീയമായി പരാജയപ്പെടുന്നു. പണവുമായി മോഷ്ടാക്കൾ ബൈക്കുകളിൽ രക്ഷപ്പെടുന്നത് നിസ്സഹായനായി നോക്കിനിൽക്കുന്ന കടയുടമയെയും വീഡിയോയിൽ കാണാം. റോഡിൽ ചിതറി കിടക്കുന്ന ഏതാനും നോട്ടുകളും ദൃശ്യങ്ങളിൽ ഉണ്ട്.
വിവരം ലഭിച്ചയുടൻ ജഹാംഗിർപുരി പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതികളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. മോഷ്ടാക്കളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഈ സംഭവത്തോടെ പ്രാദേശിക വ്യാപാരികൾ ഒന്നടങ്കം ഭയന്നിരിക്കുകയാണ്. പ്രദേശത്ത് പോലീസ് സുരക്ഷ വർധിപ്പിക്കണമെന്നും മോഷ്ടാക്കളെ പിടികൂടണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
ഡൽഹിയിൽ തന്നെ റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ ശനിയാഴ്ച പുലർച്ചെ ലക്ഷ്മി നഗറിലെ ഒരു വീട്ടിൽ നിന്ന് 50 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷണം പോയിരുന്നു. മോഷണത്തിന് പിന്നിൽ റെയിൻ കോട്ട് ഗ്യാംങ്ങ് ആണ് എന്നാണ് പോലീസ് പറയുന്നത്. മോഷണം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് 9 -ന് പുലർച്ചെ ഏകദേശം 4:30 ന് റെയിൻകോട്ട് ധരിച്ചെത്തിയ മോഷണസംഘം വീട് കുത്തിത്തുറന്ന് അകത്തു കയറുന്നത് കാണാം. തുണി ഉപയോഗിച്ച് ഇവർ മുഖം മറച്ചിരുന്നു. വളരെ ആസൂത്രിതമായി നടത്തിയ മോഷണത്തിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.
