Asianet News MalayalamAsianet News Malayalam

ടൂറിസം മേഖല നിശ്ചലം, പട്ടിണിയിലും രോ​ഗങ്ങളിലും ആനകൾ, വേദനിപ്പിക്കുന്ന കാഴ്ച

ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് മൃഗക്ഷേമ ഗ്രൂപ്പുകൾ ആനകളെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നതിനെ അപലപിച്ചു. 

miserable condition of elephants in Thailand
Author
Thailand, First Published Feb 16, 2021, 3:50 PM IST

കൊറോണ വൈറസിന് ശേഷം പല തായ് ടൂറിസ്റ്റ് കേന്ദ്രങ്ങളും പൂട്ടുകയുണ്ടായി. ഇത് ടൂറിസം മേഖലയിലുള്ള മനുഷ്യരെ മാത്രമല്ല, മിണ്ടാപ്രാണികളായ മൃഗങ്ങളെയും മോശമായ രീതിയിൽ ബാധിച്ചു. പ്രത്യേകിച്ച് സവാരിക്ക് കൊണ്ടുപോകാറുള്ള ആനകൾ. അത്തരമൊരു ക്യാമ്പിൽ വ്രണങ്ങളും, എല്ലുന്തിയ ശരീരവുമായി മരണത്തോട് മല്ലിടുന്ന ഒരു ആനയെ രക്ഷാപ്രവർത്തകരെല്ലാം ചേർന്ന് രക്ഷിക്കാൻ ഇപ്പോൾ അശ്രാന്തം പരിശ്രമിക്കുകയാണ്.  

കിഴക്കൻ തായ്‌ലൻഡിലെ ചോൻബുരിയിലെ ചാങ് സിയാം പാർക്കിലാണ് അമ്പത് വയസുള്ള ഖുൻ പാൻ എന്ന് വിളിക്കുന്ന ആന ജോലി ചെയ്തിരുന്നത്. കൊവിഡ് -19 മഹാമാരി വരുന്നതിന് മുൻപ് വിനോദ സഞ്ചാരികളെ പുറത്തിരുത്തി അവൻ സവാരി ചെയ്യുമായിരുന്നു. എന്നാൽ, മഹാമാരിയുടെ വരവോടെ വിനോദ സഞ്ചാര മേഖല കാര്യമായി ബാധിക്കപ്പെട്ടു. അതോടെ അവിടേയ്ക്ക് ആരും വരാതായി, സവാരിയും നിന്നു. വരുമാനം നിന്നതോടെ ആനയ്ക്ക് ഭക്ഷണം കിട്ടാതായി. ഒടുവിൽ പട്ടിണി കിടന്ന് അതിന്റെ എല്ലുകൾ പുറത്തേയ്ക്ക് തള്ളി, ശരീരം ശോഷിച്ചു. തീർത്തും അവഗണിക്കപ്പെട്ടു കിടന്ന അതിന്റെ ശരീരത്തിൽ അവിടെ ഇവിടെയായി വ്രണങ്ങൾ കാണാൻ തുടങ്ങി. മുൻപ് കൂർത്ത നീളമുള്ള അവന്റെ കൊമ്പുകൾ ദുർബലമാവാനും പൊട്ടാനും തുടങ്ങി. വ്രണങ്ങളിൽ പൊടി വന്ന് നിറയുമ്പോൾ വേദന സഹിക്കാൻ പറ്റാതെ അവൻ കരഞ്ഞു. ഏതു നിമിഷം വേണമെങ്കിലും മരണം അതിനെ കീഴടക്കാമെന്ന നിലയായി.

ഒടുവിൽ ആനയുടെ ദാരുണമായ അവസ്ഥ കണ്ട് സഹിക്കാനാവാതെ നാട്ടുകാർ കഴിഞ്ഞ വാരാന്ത്യത്തിൽ വെറ്റുകളെ വിവരം അറിയിച്ചു. അടുത്തുള്ള പട്ടായയിലെ ഒരു അനിമൽ ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടർമാർ ശനിയാഴ്ച ചാങ് സിയാം പാർക്കിൽ എത്തി. സ്വന്തമായി നിൽക്കാൻ കഴിയാത്തത്ര ദുർബലനാണ് ആനയെന്ന് അവർ കണ്ടെത്തി. ആനയ്ക്ക് തനിയെ നില്ക്കാൻ സാധിക്കാത്തതുകൊണ്ട് അടുത്തുള്ള മരത്തിൽ ഘടിപ്പിച്ച ലെതർ സ്ട്രാപ്പുകളുപയോഗിച്ച് ആനയെ താങ്ങി നിർത്തിരിക്കയാണ്. ആനയ്ക്ക് നഷ്ടമായ ജലാംശം വീണ്ടെടുക്കാൻ IV ഡ്രിപ്പ് മെഡിക്സ് നൽകി.

അതേസമയം വിനോദസഞ്ചാരികൾ വരാത്തതാണ് ആനയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഖുൻ പാനിന്റെ ഉടമ ലീ പെറ്റ്ക്ല കുറ്റപ്പെടുത്തി. കൊവിഡ് -19 മൂലം കഴിഞ്ഞ മാർച്ചിൽ വിനോദ സഞ്ചാരികളെ നിരോധിച്ച ശേഷം പാനിനെ പോറ്റാൻ താൻ പാടുപെട്ടുകയാണെന്ന് അയാൾ പറഞ്ഞു. "എനിക്ക് 37 ആനകളുണ്ട്, അവയെല്ലാം കഷ്ടപ്പെടുകയാണ്. എന്നിരുന്നാലും, വയസ്സായ പാനാണ് ഏറ്റവും കഷ്ടത അനുഭവിക്കുന്നത്. വിനോദസഞ്ചാരികൾ ഒന്നും വരാത്ത കാരണം അവയ്ക്ക് ഭക്ഷണം നൽകാൻ എനിക്ക് വരുമാനമില്ലാതായി. ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല" ലീ പറഞ്ഞു.    

'ഞാൻ അവരെ പരിപാലിക്കാൻ പരമാവധി ശ്രമിക്കും. അവർക്ക് ഒരു വിദഗ്ദ്ധനിൽ നിന്ന് ശരിയായ പരിചരണം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സഞ്ചാരികളില്ലെങ്കിൽ ഞാൻ അവരെ എന്റെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോകും' അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച പാർക്കിലെത്തിയ ഡോക്ടർമാരും ദയയുള്ള നാട്ടുകാരും പട്ടിണിയായ ആനയ്ക്ക് ആവശ്യമുള്ള വാഴപ്പഴവും കരിമ്പും നൽകി. "പതിറ്റാണ്ടുകളായി ആനകളെ കഷ്ടപ്പെടുത്തി ലാഭം കൊയ്യുന്ന ആന ക്യാമ്പുകളിൽ നിന്ന് പട്ടിണി കിടന്ന് ചാവും മുൻപ് അവയെ BLES പോലുള്ള പ്രശസ്തമായ സങ്കേതങ്ങളിലേയ്ക്ക് മാറ്റി പാർപ്പിക്കണം" ആനയുടെ ചിത്രങ്ങളോട് പ്രതികരിച്ച മൃഗങ്ങളുടെ അവകാശ ഗ്രൂപ്പായ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് (പെറ്റ) പറഞ്ഞു.

ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് മൃഗക്ഷേമ ഗ്രൂപ്പുകൾ ആനകളെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നതിനെ അപലപിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആനകളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് അവർ പ്രചരണം നടത്തി. അത്തരം ഷോകളിലേക്ക് ടിക്കറ്റ് വിൽക്കുന്നത് നിർത്താൻ ടൂർ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു. ഏകദേശം 2,000 ആനകളാണ് ഇത്തരം രീതിയിൽ തായ്‌ലൻഡിലെ ക്യാമ്പുകളിൽ ജോലി ചെയ്യുന്നത്. വിവാഹങ്ങളിലും ഉത്സവങ്ങളിലും അവയെ കൊണ്ട് പോയി ഉടമകൾ കാശുണ്ടാകുന്നു. എന്നാൽ ഈ മേഖലയ്ക്ക് കിട്ടിയ ഓർക്കാ പുറത്തെ അടിയായി കൊവിഡ് -19. ഇപ്പോൾ നിരവധി സങ്കേതങ്ങളും ക്യാമ്പുകളും ആനകളെ പരിപാലിക്കാൻ പാടുപെടുകയാണ്.

 

Follow Us:
Download App:
  • android
  • ios