വിവാഹിതരോ, അവിവാഹിതരോ, അമ്മമാരോ, വിവാഹമോചിതരോ ഒക്കെയായ എല്ലാ സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാം എന്നും പറയുന്നു.

സൗന്ദര്യ മത്സരം എന്ന് കേൾക്കുമ്പോൾ തന്നെ 'മിസ്' എന്ന വാക്കായിരിക്കും ആദ്യം മനസിൽ വരുന്നത്. മിക്ക സൗന്ദര്യ മത്സരങ്ങളും അവിവാഹിതരായ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. മാത്രമല്ല, വേറെയുമുണ്ടാവും ഒരുപാട് മാനദണ്ഡങ്ങൾ. എന്നാൽ, അതിൽ ചരിത്രപരമായ ഒരു മാറ്റം വരുത്തിയിരിക്കുകയാണ് സിം​ഗപ്പൂർ. മിസ് യൂണിവേഴ്സ് സിം​ഗപ്പൂർ ഇനി അവിവാഹിതർക്ക് മാത്രമുള്ളതല്ല. 

മത്സരത്തിൽ പങ്കെടുക്കുന്നവർ‌ വിവാഹിതരാണോ അല്ലയോ എന്നതൊന്നും ഇനിയവിടെ വിഷയമല്ല. അതുപോലെ തന്നെ ഉയർന്ന പ്രായത്തിന് പരിധിയും ഇല്ല. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാം എന്നാണ് പറയുന്നത്. മിസ് യൂണിവേഴ്സ് മലേഷ്യ 2003 ഉം, മിസ് യൂണിവേഴ്സ് സിംഗപ്പൂരിൻ്റെ ദേശീയ ഡയറക്ടറുമായ എലെയ്ൻ ഡാലി ഒരു പ്രസ്താവനയിൽ പറഞ്ഞത്, ഈ മത്സരം വെറുമൊരു കിരീടം എന്നതിലുപരിയായ കാര്യമാണ് എന്നാണ്. 

'ഉത്കർഷേച്ഛ നിറഞ്ഞവരും ബുദ്ധിയും ആത്മവിശ്വാസവുമുള്ളവരും സുന്ദരികളുമായ സിം​ഗപ്പൂരിലെ എല്ലാ സ്ത്രീകൾക്കും സ്വാ​ഗതം' എന്നാണ് അവർ തന്റെ പോസ്റ്റിൽ പറയുന്നത്. അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, 2024 സെപ്റ്റംബർ 1 -ന് മുമ്പായി കുറഞ്ഞത് ആറ് മാസമായിട്ടെങ്കിലും സിംഗപ്പൂരിൽ താമസിക്കുന്ന, പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും മത്സരത്തിന് അപേക്ഷിക്കാം എന്നാണ്.

View post on Instagram

വിവാഹിതരോ, അവിവാഹിതരോ, അമ്മമാരോ, വിവാഹമോചിതരോ ഒക്കെയായ എല്ലാ സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാം എന്നും പറയുന്നു. സിംഗപ്പൂർ നടൻ മാർക്ക് ലീയുടെ നേതൃത്വത്തിലുള്ള കിംഗ് കോങ് മീഡിയ പ്രൊഡക്ഷനുമായി സഹകരിച്ചുകൊണ്ട് മലേഷ്യൻ കമ്പനിയായ ബിയോണ്ട് എൻ്റിറ്റിയാണ് മിസ് യൂണിവേഴ്സ് സിംഗപ്പൂർ 2024 സംഘടിപ്പിക്കുന്നത്.