ഇന്ത്യൻ വ്യോമസേനയുടെ (IAF) ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ 'പരശുറാം' എന്നറിയപ്പെടുന്ന ഡക്കോട്ട ഡിസി-3 വിമാനങ്ങൾ പറത്തുന്നതിൽ വിദ​ഗ്ധനായിരുന്നു. വ്യോമസേനയിൽ 13000 മണിക്കൂർ വിമാനം പറത്തിയ അപൂർവ പൈലറ്റുമാരിൽ ഒരാളാണ് ചന്ദ്രശേഖർ.

ഴിഞ്ഞ ദിവസം അന്തരിച്ച എയർ കൊമോഡോർ (റിട്ട.) എം.കെ. ചന്ദ്രശേഖർ ഇന്ത്യൻ വ്യോമസേനയിലെ വിശിഷ്ട പൈലറ്റുമാരിൽ ഒരാൾ. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായി രാജീവ് ചന്ദ്രശേഖറിന്‍റെ പിതാവായ ചന്ദ്രശേഖര്‍ ഇന്ത്യൻ വ്യോമസേനയുടെ (IAF) ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ 'പരശുറാം' എന്നറിയപ്പെടുന്ന ഡക്കോട്ട ഡിസി-3 വിമാനങ്ങൾ പറത്തുന്നതിൽ വിദ​ഗ്ധനായിരുന്നു. വ്യോമസേനയിൽ 13000 മണിക്കൂർ വിമാനം പറത്തിയ അപൂർവ പൈലറ്റുമാരിൽ ഒരാളാണ് ചന്ദ്രശേഖർ. 1962-ലെ ഇന്ത്യ-ചൈന സംഘർഷം, 1971ലെ ബം​ഗ്ലാദേശ് യുദ്ധം തുടങ്ങി രാജ്യത്തെ നിർണയിച്ച നിരവധി സൈനിക നീക്കങ്ങളിൽ ഡക്കോട്ട വിമാനങ്ങളുടെ ചുക്കാൻ പിടിച്ചത് ചന്ദ്രശേഖറായിരുന്നു. 1962-ലെ ഇന്ത്യ-ചൈന സംഘർഷത്തിൽ അതീവ ദുര്‍ഘടവും പ്രതികൂലവുമായ സാഹചര്യത്തില്‍ സൈനികർക്ക് എയർലിഫ്റ്റ് ചെയ്യാൻ വിമാനം പറത്തിയതും ചന്ദ്രശേഖര്‍ തന്നെ. ഒന്നിലധികം യുദ്ധങ്ങളിലെ സേവനത്തിന് പുറമേ, എം.കെ. ചന്ദ്രശേഖർ കോണ്‍ഗ്രസ് നേതാവും പൈലറ്റുമായിരുന്ന രാജേഷ് പൈലറ്റിന്റെ ​ഗുരുവാണ്.

ഡക്കോട്ട വിമാനങ്ങള്‍ പറത്തുന്നതില്‍ അദ്ദേഹം അനന്യമായ പാടവം പുലര്‍ത്തിയിരുന്നു. കാലപ്പഴക്കം കാരണം ഡക്കോട്ട വിമാനങ്ങള്‍ 1971ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചെങ്കിലും ചന്ദ്രശേഖറിന് അവയോടുള്ള വൈകാരിക ബന്ധം അങ്ങനെ വിച്ഛേദിക്കാൻ സാധിക്കുമായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം, പിതാവിന്‍റെ ആഗ്രഹപ്രകാരം മകനും മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ അയർലണ്ടിൽനിന്ന് ഒരു ഡക്കോട്ട ഡിസി -3 സ്വന്തമാക്കുകയും 2018 ഫെബ്രുവരി 13ന്, പിതാവിന്റെ സേവനത്തോടുള്ള ആദരസൂചകമായി വ്യോമസേനയ്ക്ക് സമ്മാനിക്കുകയും ചെയ്തു. ഒക്ടോബർ 8 ന്, അദ്ദേഹം ഔദ്യോഗികമായി വിമാനം എയർ ചീഫ് മാർഷൽ ബിഎസ് ധനോവയ്ക്ക് കൈമാറി. എയർ കമ്മഡോർ ചന്ദ്രശേഖറിനും രാജ്യത്തിന് നൽകിയ സംഭാവനകൾക്കും ആദരസൂചകമായി വിമാനത്തിന്റെ പേര് 'പരശുറാം' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. 75ാമത് ഇന്‍ഫെന്‍ററി ദിനത്തില്‍ ശ്രീനഗര്‍ വ്യോമതാവളത്തില്‍ ശൗര്യദിനമായി ആചരിച്ചപ്പോള്‍ പരശുരാമനും പുതുതലമുറ യുദ്ധവിമാനങ്ങള്‍ക്കൊപ്പം പറന്നത് അഭിമാനകരമായി.

കാർഗിൽ വിജയ് ദിവസിൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനാച്ഛാദനം ചെയ്ത ബെംഗളൂരുവിലെ ദേശീയ സൈനിക സ്മാരകത്തിൽ 75 അടി ഉയരവും 700 ടൺ ഭാരവുമുള്ള വീരഗല്ലുവിന്‍റെ (യുദ്ധ സ്മാരക ശില) നിര്‍മാണത്തിലും നിര്‍ണായക പങ്കുവഹിച്ചു. 16 വർഷത്തിലേറെയായി തടസ്സങ്ങൾ നേരിട്ട ഈ പദ്ധതി, എം കെ ചന്ദ്രശേഖറിന്റെ അക്ഷീണ പരിശ്രമം മൂലമാണ് പൂർത്തീകരിച്ചത്. ഭാവി തലമുറകൾക്ക് സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കാൻ കഴിയുന്ന ഒരു പഠന കേന്ദ്രമായിട്ടാണ് ചന്ദ്രശേഖർ ഇതിനെ വിഭാവനം ചെയ്തത്. കല്ലിൽ കൊത്തിവച്ച പേരുകൾ, കൊടിമരം, വീരഗല്ലു, ഭൂഗർഭ മ്യൂസിയം എന്നിങ്ങനെയാണ് രൂപകൽപ്പന ചെയ്തത്.

തൃശൂരിലെ ദേശമം​ഗലമാണ് എം.കെ. ചന്ദ്രശേഖറിന്റെ ജന്മനാട്. 1954-ൽ 63-ാമത് കോഴ്‌സിന്റെ ഭാഗമായി എം.കെ. ചന്ദ്രശേഖർ ഇന്ത്യൻ വ്യോമസേനയിൽ ചേർന്നു. മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം രാജ്യത്തെ സേവിച്ചു. 1986-ൽ എയർ കമ്മഡോർ ആയി വിരമിച്ചു. വിശിഷ്‌ട് സേവാ മെഡൽ, വായുസേന മെഡല്‍ എന്നിവ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചു. ഫ്ലൈയിംഗ് ഓഫീസർ, ഫ്ലൈറ്റ് ലെഫ്റ്റനന്റ്, സ്ക്വാഡ്രൺ ലീഡർ, വിംഗ് കമാൻഡർ, ആക്ടിംഗ് ഗ്രൂപ്പ് ക്യാപ്റ്റൻ, ഗ്രൂപ്പ് ക്യാപ്റ്റൻ, ആക്ടിംഗ് എയർ കൊമോഡോർ, എയർ കൊമോഡോർ എന്നീ ചുമതലകൾ വഹിച്ചു. 1986 ഡിസംബർ 25ന് വിരമിച്ചു.