കഴിഞ്ഞ ഓഗസ്റ്റ് 28 -ന് ഉത്തര്‍പ്രദേശിലെ രാംപൂർ ജില്ലയിലെ ഖേംപൂരിൽ താമസിക്കുന്ന നാമേ അലിയുടെ വീട്ടിലെ ടെലിഫോൺ ബെല്ലടിക്കുന്നു. "നിങ്ങളുടെ മകൻ ഹസൻ അലിയെ ധനോരി ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ ചേർന്ന് കുട്ടികളിപ്പിടുത്തക്കാരൻ എന്ന് ധരിച്ച് പിടിച്ചു കെട്ടി മർദ്ദിച്ച് അവശനാക്കിയിട്ടുണ്ട്.'' അവർ ആകെ അമ്പരന്നു പോയി. മാനസികമായി വേണ്ടത്ര വളർച്ചയില്ലാത്ത തങ്ങളുടെ മകൻ എങ്ങനെയാണ് ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതിന് പദ്ധതിയിടുക.

നാമേ അലി തന്റെ രണ്ടാമത്തെ മകൻ കൈസർ അലിയുമൊത്ത് ഓടിപ്പിടച്ച് ഗ്രാമത്തിലെത്തി. ഗ്രാമീണരുടെ മർദ്ദനമേറ്റ് ആകെ അവശനിലയിലായിക്കഴിഞ്ഞിരുന്നു ഹസൻ അപ്പോഴേക്കും. ഹസൻ അലിയുടേത് ഒരു ഒറ്റപ്പെട്ട കേസല്ല. ഇങ്ങനെ ദിനംപ്രതി നിരവധി പേര്‍ ഉത്തർപ്രദേശിൽ അഭ്യൂഹങ്ങളുടെ പേരിൽ ആൾക്കൂട്ടങ്ങളുടെ മർദ്ദനങ്ങൾക്ക് വിധേയരാകുന്നുണ്ട്. പലപ്പോഴും കാരണം ഒന്നുകിൽ കുട്ടികളെ കടത്തുന്നവർ എന്നതാവും, അല്ലെങ്കിൽ ഗോഹത്യ നടത്തുന്നവർ. എന്തായാലും അഭ്യൂഹത്തിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന നോട്ടമൊന്നും ഇല്ല. ആദ്യം അടി, പിന്നെ സംസാരം എന്നതാണ് അവരുടെ രീതി.

വന്നുവന്ന് നാലാൾ കൂടുന്നിടങ്ങളിൽ സൂക്ഷിച്ചും കണ്ടും നിൽക്കണം എന്ന സ്ഥിതി വന്നിട്ടുണ്ട് ഉത്തർപ്രദേശിൽ. ആൾക്കൂട്ട മർദ്ദനങ്ങൾ ഒരുതരം ഭീകരവാദമായി മാറിയിട്ടുണ്ട്. പലപ്പോഴും ഈ ക്രൂരതകൾക്ക് ഇരയാകുന്നത് മനസികാസ്വാസ്ഥ്യങ്ങളുള്ളവരും, ദരിദ്രരുമാണ്. ലോ ആൻഡ് ഓർഡർ ഐജി പ്രവീൺ കുമാർ പറയുന്നത് കഴിഞ്ഞ  മാസം രജിസ്റ്റർ ചെയ്യപ്പെട്ട 37 കേസുകളിൽ ഇതുവരെ മൂന്നു നിരപരാധികളുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. 140 പേർ അറസ്റ്റു ചെയ്യപ്പെട്ടു എന്നാണ്. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് തുടക്കമിടുന്നവർക്കെതിരെ രാഷ്ട്ര സുരക്ഷാ നിയമം പ്രയോഗിക്കണം എന്നാണ് ഡിജിപി ഓ പി സിങ്ങ് പറയുന്നത്. ഇങ്ങനെ ഒരു നിർദ്ദേശം വന്ന ശേഷവും അഭ്യൂഹങ്ങൾ ഉണ്ടാകുന്നതിന് ഒരു കുറവും വന്നിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലും പോലീസിന്റെ ഇടപെടലുകൾ സജീവമാണെങ്കിലും, കുട്ടിക്കടത്തുമായി ബന്ധപ്പെട്ടുള്ള അക്രമസംഭവങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.

ഈയടുത്ത് നടന്ന  ആൾക്കൂട്ട അക്രമസംഭവങ്ങൾ:

ഓഗസ്റ്റ് 31 

മുസഫർ നഗർ  ജില്ലയിലെ  ആനന്ദപുരി ക്ഷേത്രത്തിൽ തടിച്ചു കൂടിയ ജനക്കൂട്ടം ദില്ലിയിൽ നിന്നുവന്ന ഒരാളെ മർദ്ദിച്ച് അവശനാക്കി. ഗാസിയാബാദിലെ വിജയനഗറിൽ മകൾക്ക് വിവാഹാലോചനയുമായി എത്തിയ ഒരു മധ്യവയസ്കനെ ജനം കുട്ടിക്കടത്തുകാരൻ എന്നാരോപിച്ച് മർദ്ദിച്ചു. ബാംദയിൽ നാല് തൊഴിലാളികൾക്ക് ഇതേ ആരോപണത്തിന്റെ പുറത്ത് മർദ്ദനമേറ്റു. സുൽത്താൻ പൂരിൽ ഒരു സ്ത്രീയെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നവർ എന്നാരോപിച്ച് ജനക്കൂട്ടം മർദ്ദിക്കുകയും അതേത്തുടർന്ന് അവർ മരിക്കുകയും ചെയ്തു. അമേഠി ജില്ലയിലും ഇതേദിവസം ഒരു തൊഴിലാളിക്ക് മർദ്ദനമേറ്റു. വേറെയും എട്ടുപേർക്ക് മർദ്ദനത്തിൽ പരിക്കുകളേറ്റു.

ഓഗസ്റ്റ് 30  

ബലിയയിൽ ഭിക്ഷയാചിച്ചു കൊണ്ടിരുന്ന ഒരു വൃദ്ധയെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നവർ എന്ന് പറഞ്ഞ് ജനക്കൂട്ടം മർദ്ദിച്ചു. നോയിഡയിലെ അന്നേദിവസം തന്നെ മറ്റൊരാൾ ആക്രമിക്കപ്പെട്ടു. ഗോരഖ് പൂരിലെ മോഹരി പൂരിൽ മനസികാസ്വാസ്ഥ്യമുള്ള ഒരു യുവതിക്ക് മർദ്ദനമേറ്റു. ആ ആക്രമണവും കുട്ടികളെ തട്ടിക്കൊണ്ടു പോവാൻ വന്നവരെന്നും പറഞ്ഞായിരുന്നു. എല്ലാ ആരോപണങ്ങളും പോലീസിന്റെ അന്വേഷണത്തിൽ അവാസ്തവം എന്ന് തെളിഞ്ഞിരുന്നു.

ഓഗസ്റ്റ് 28  

ഫത്തേപൂരിൽ ആരോഗ്യവകുപ്പ് ജീവനക്കാരെ ഗ്രാമീണർ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നവർ എന്ന് സംശയിച്ച് തടഞ്ഞുവെച്ചു. പൊലീസിനെപ്പോലും അവർ കല്ലെറിഞ്ഞോടിച്ചു. എസ് ഐ അടക്കം നാലു പോലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. അന്നേദിവസം തന്നെ ബറേലിയിൽ അന്വേഷണത്തിന് വന്ന ദില്ലി പോലീസ് ജവാന്മാരെ ജനം തടഞ്ഞുവെച്ചു. ഖിരിയിൽ ആർടിഓ ഓഫീസറെ ഗ്രാമീണർ തടഞ്ഞുവെച്ചു.

27  ഓഗസ്റ്റ്

സംഭലിൽ റാം  അവതാർ, റാം  ബഹാദൂർ എന്നീ സഹോദരങ്ങൾക്ക് ജനങ്ങളിൽ നിന്നും കടുത്ത മർദ്ദനമേറ്റു. അതിൽ റാം അവതാർ മരണപ്പെട്ടു. അലിഗഢിൽ ഇതേ ആരോപണത്തിന്മേൽ ഒരു യുവാവിനെ അടിച്ച് മൃതപ്രായനാക്കി. മാനസികമായ അസ്വാസ്ഥ്യങ്ങളുള്ള ആ യുവാവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.

റാം ബഹദൂറും, രാം അവതാറും കൂടി ബഹാദൂറിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്കായി വന്നതായിരുന്നു. സ്വന്തം കുഞ്ഞിനെ മടിയിൽ വെച്ചിരിക്കുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നു എന്ന ആരോപണവുമായി ജനം ആക്രമണം തുടങ്ങിയത്. നിലത്ത് തല്ലുകൊണ്ട് കിടന്നു പിടച്ചുകൊണ്ടിരുന്ന രാം അവതാർ കൂടെയുള്ളത്  സഹോദരന്റെ  മകനാണ് എന്ന് കരഞ്ഞു പറഞ്ഞിട്ടും ജനക്കൂട്ടം തല്ലു നിർത്താൻ തയ്യാറാകുന്നുണ്ടായിരുന്നില്ല. തടിച്ചു കൂടിയവർ ഒന്നൊന്നായി വന്ന് അവരുടെ കൈത്തരിപ്പു തീർത്തുകൊണ്ടിരുന്നു. ഒടുവിൽ റാം അവതാർ മർദ്ദനം താങ്ങാനാവാതെ മരിച്ചു പോയി.

ധനേരി ഗ്രാമത്തിൽ കൊല്ലപ്പെട്ട ഹസൻ അലിയുടെ സഹോദരൻ കൈസർ അലിക്ക് സങ്കടം ഒഴിയുന്നില്ല. ആൾക്കൂട്ട ആക്രമണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. അതിൽ നിരവധി യുവാക്കൾ മൊബൈൽ ഫോണിൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കുന്നതായി കാണാം. മനസ്സുറപ്പില്ലാത്ത ഹസ്സന് കരയാൻ മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ. തന്നെ ആ ജനക്കൂട്ടം മർദ്ദിച്ചുകൊണ്ടിരുന്നത് എന്തിനാണെന്നുപോലും ആ പാവത്തിന് മനസ്സിലാവുന്നുണ്ടായിരുന്നില്ല.

ഉത്തർപ്രദേശ് സംസ്ഥാനത്തിലെ സാമൂഹികസാഹചര്യങ്ങളാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പെട്ടെന്ന് പ്രചരിക്കാനും അവയ്ക്കനുസരിച്ച് ജനം ഇളകിമറിഞ്ഞ് അക്രമത്തിലേക്ക് കടക്കാനും കാരണം. മുതിർന്നവരുടെ അപഹരണങ്ങൾ സംസ്ഥാനത്ത് പതിവാണ്. മോചനദ്രവ്യത്തിനായി പണക്കാരുടെ കുട്ടികളെയും നിരന്തരം കടത്തുന്നുണ്ട് ക്രിമിനലുകൾ. എന്നാൽ അതേപ്പറ്റിയുള്ള കഥകൾ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ സമാനമായ ഭീതി സാമ്പത്തികമായും, വിദ്യാഭ്യാസപരമായും , സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ള ഗ്രാമീണരിലേക്കും പരക്കുക സ്വാഭാവികം. എന്നാൽ, ഇന്നത് വളരെ വലിയ ഒരു സാമൂഹിക വിപത്തിന്റെ രൂപത്തിലേക്ക് വളർന്നിട്ടുണ്ട്. രാത്രികാലങ്ങളിൽ ഒരാൾ ഒറ്റക്ക് ഏതെങ്കിലും ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നത് സുരക്ഷിതമല്ല എന്നായിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും സ്വൈര്യമായി തങ്ങളുടെ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ട്. അടിയന്തരമായി ബോധവൽക്കരണ പ്രവർത്തനങ്ങളും, കർശനമായ പോലീസ് നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവന്നില്ലെങ്കിൽ ഇനിയും നിരപരാധികളുടെ ജീവൻ പൊലിയും എന്നത് നിശ്ചയമാണ്.