അഞ്ചടി അഞ്ചിഞ്ചാണ് അലീനയുടെ നീളം. എന്നാൽ അവളുടെ മുടിക്ക് നീളം അവളേക്കാൾ കൂടുതലുണ്ട് -ആറടി അഞ്ചിഞ്ച്. 32 വർഷമായി അലീന മുടി മുറിച്ചിട്ടില്ല.
റാപുൻട്സെലിന്റെ കഥ നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. അതിൽ റാപുൻട്സെലിന്റെ ഏറ്റവും വലിയ പ്രത്യേകത അവളുടെ മുടിയാണ്. നീണ്ട് നീണ്ട് കിടക്കുന്ന ആ മുടിക്ക് കഥയിൽ വളരെ വലിയ സ്ഥാനമുണ്ട്. റാപുൻട്സെലിന്റെ നീണ്ട മുടിയിൽ പിടിച്ചാണ് അവളെ വളർത്തുന്ന ദുർമന്ത്രവാദിനി ആ കെട്ടിടത്തിനകത്തേക്ക് കയറുന്നത് തന്നെ. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ അത്രയും നീണ്ട മുടിയുള്ള ആളുകൾ കുറവായിരിക്കും അല്ലേ? കാരണം വെറൊന്നുമല്ല, അത് വളർത്തിയെടുക്കാനും പരിചരിക്കാനും ഏറെ പാടാണ്. എന്നിരുന്നാലും അതുപോലെ നീണ്ട മുടിയുള്ള ആളുകളും ലോകത്തുണ്ട്. അതിലൊരാളാണ് ഉക്രെയ്നിലെ ഒഡെസയിൽ നിന്നുള്ള മോഡലായ അലീന ക്രാവ്ചെങ്കോ.
നീണ്ട് കാലിന്റെ ഉപ്പൂറ്റിയും കടന്ന് എത്തുന്ന മുടിയാണ് അലീനയ്ക്ക്. അലീനയുടേത് മാത്രമല്ല മക്കളായ വലേറിയയും മിറോസ്ലാവയും നീണ്ട മുടിക്കാർ തന്നെ. പത്ത് വയസാണ് ഇരട്ടകളായ ഇവർക്ക്. ഇരുവർക്കും തങ്ങളുടെ നീണ്ട മുടിയെ ചൊല്ലി അഭിമാനമാണ് എന്നും അവർക്ക് വേദനിക്കുന്നത് കൊണ്ട് തന്നെ താനത് മുറിക്കാൻ തയ്യാറായിട്ടില്ല എന്നും അലീന പറയുന്നു. തന്റെ കുട്ടിക്കാലത്ത് മുടി നോക്കാനാവാത്തത് കൊണ്ട് അമ്മ തന്റെ മുടി മുറിച്ച് കളഞ്ഞു. അന്ന് തന്നിൽ അത് വളരെ വലിയ വേദനയുണ്ടാക്കി. ആ വേദന തന്റെ മക്കൾക്ക് ഉണ്ടാവാതിരിക്കാനാണ് താൻ അവരുടെ മുടി മുറിക്കാത്തത് എന്നാണ് അലീന പറയുന്നത്.
അഞ്ചടി അഞ്ചിഞ്ചാണ് അലീനയുടെ നീളം. എന്നാൽ അവളുടെ മുടിക്ക് നീളം അവളേക്കാൾ കൂടുതലുണ്ട് -ആറടി അഞ്ചിഞ്ച്. 32 വർഷമായി അലീന മുടി മുറിച്ചിട്ടില്ല. തന്റെ മക്കൾ തന്നെയാണ് റോൾ മോഡലായി കാണുന്നത്. അതുകൊണ്ട് അവരും മുടി മുറിക്കാതെ വളർത്താനാണ് ആഗ്രഹിക്കുന്നത് എന്നും അലീന പറയുന്നു.
