മകള്‍ ജനിച്ചപ്പോള്‍ അവളെക്കൊണ്ട് നിങ്ങള്‍ ഒരുപാട് കഷ്ടപ്പെടുമെന്ന് എല്ലാവരും പറഞ്ഞതായി ബെത്തിന്റെ അമ്മ ഫിയോണ മാത്യൂസ് പറയുന്നു. എന്നാല്‍ നേരെ വിപരീതമാണ് സംഭവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടു വര്‍ഷം മുമ്പ് ലോകപ്രശസ്ത ബ്രാന്‍ഡായ ഗുച്ചി അവരുടെ ഒരു സൗന്ദര്യവര്‍ധക ഉല്‍പ്പന്നത്തിന്റെ പരസ്യമോഡലായി തിരഞ്ഞെടുത്തത് ഡൗണ്‍സ് സിന്‍ഡ്രോം ഉള്ള ഒരു സ്ത്രീയെയായിരുന്നു. അതും അന്താരാഷ്ട്ര ഫാഷന്‍ മാസികയായ വോഗ് ഇറ്റാലിയയ്ക്കു വേണ്ടിയുള്ള പരസ്യം. ഗുച്ചിയുടെ ഫാഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു അത്. സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല, മറിച്ച് ചേര്‍ത്ത് നിര്‍ത്തപ്പെടേണ്ടവരാണ് അവരെന്നും, സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം നല്‍കേണ്ടവരാണ് അവരെന്നും നമ്മളെ ഓര്‍മിപ്പിച്ച സംഭവമായിരുന്നു അത്.
ആ മോഡലിന്റെ പേര് എല്ലി ഗോള്‍ഡ്സ്റ്റീന്‍. ഇപ്പോള്‍ അവളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബ്രിട്ടനിലെ 22 വയസ്സുള്ള ബെത്ത് മാത്യൂസ് ഫാഷന്‍ രംഗത്തേയ്ക്ക് ചുവട് വച്ചിരിക്കയാണ്. അവളും ഡൗണ്‍സ് സിന്‍ഡ്രോം ബാധിതയാണ്. പ്രമുഖ മോഡലിംഗ് ഏജന്‍സിയായ സെബഡിയുമായുള്ള കരാറില്‍ ഒപ്പുവച്ചിരിക്കയാണ് അവള്‍.
ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് മോഡലിങ് രംഗത്ത് അവസരം നല്‍കുന്ന സെബഡി പരസ്യ കമ്പനി അഞ്ച് വര്‍ഷം മുന്‍പാണ് ആരംഭിച്ചത്. വൈകല്യമുള്ള നിരവധി പ്രതിഭകളെ ലോകത്തിന് സംഭാവന ചെയ്യാന്‍ ഏജന്‍സിക്കായിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ ഭിന്ന ശേഷിക്കാര്‍ മോഡലിംഗ് രംഗത്ത് കൂടുതലായി കടന്ന് വന്നതോടെയാണ് ബെത്തിന്റെ കുടുംബം മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. അവിടെ നിന്നാണ് മോഡലിംഗിലേക്കുള്ള ബെത്തിന്റെ യാത്ര ആരംഭിച്ചത്. തുടര്‍ന്ന്, ഒരു പ്രാദേശിക സ്‌റ്റൈലിസ്റ്റിനെയും ഫോട്ടോഗ്രാഫറെയും കണ്ടെത്തി അരമണിക്കൂര്‍ ചിലവഴിച്ച് അവളുടെ ഒരു ഫോട്ടോഷൂട്ട് വീട്ടുകാര്‍ നടത്തി.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സെബഡി അവളെ തേടിയെത്തി, കരാര്‍ ഒപ്പിട്ടു. അതിനുശേഷം ബെത്ത് നിരവധി ഫോട്ടോഷൂട്ടുകളില്‍ പങ്കെടുത്തു കഴിഞ്ഞു. 'നമ്മുടെ ജനസംഖ്യയുടെ ഇരുപത് ശതമാനവും ഭിന്നശേഷിക്കാരാണ്. അതിനാല്‍ ഞങ്ങളുടെ പരസ്യങ്ങളില്‍ അത്തരക്കാരെ പ്രതിനിധീകരിക്കണം എന്ന് ഞങ്ങള്‍ കരുതുന്നു. അങ്ങനെ ആളുകള്‍ അതിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുകയും മാറാന്‍ തുടങ്ങുകയും ചെയ്യുന്നു. എല്ലാത്തരം ആളുകളെയും മാധ്യമങ്ങള്‍ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,' ഏജന്‍സിയിലെ എല്ല സിംഗിള്‍ടണ്‍-റെഡ്മണ്ട് പറഞ്ഞു. ഭിന്നശേഷിയുള്ളവരുടെയും ശാരീരിക പരിമിതിയുള്ളവരുടെയും ട്രാന്‍സുകളുടെയും പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.
തന്റെ മകള്‍ ജനിച്ചപ്പോള്‍ അവളെക്കൊണ്ട് നിങ്ങള്‍ ഒരുപാട് കഷ്ടപ്പെടുമെന്ന് എല്ലാവരും പറഞ്ഞതായി ബെത്തിന്റെ അമ്മ ഫിയോണ മാത്യൂസ് പറയുന്നു. എന്നാല്‍ നേരെ വിപരീതമാണ് സംഭവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'എല്ലാ മാതാപിതാക്കളെയും പോലെ ഞങ്ങള്‍ക്കും ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവള്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു. വളര്‍ന്നപ്പോള്‍ അവള്‍ ഒരു മിടുക്കിയായിത്തീര്‍ന്നു,' ഫിയോണ പറഞ്ഞു. മോഡലിംഗില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഗ്ലാമറസ് വസ്ത്രങ്ങളും മേക്കപ്പുമൊക്കെയാണ് എന്ന് ബെത്ത് പറയുന്നു.
വെറും 22 വയസ്സില്‍ സാധാരണക്കാരന് സ്വപ്‌നം കാണാന്‍ പോലും ആവാത്ത ഉയരങ്ങളില്‍ എത്തിയ ബെത്ത് ഇപ്പോള്‍ അവളെപ്പോലുള്ള മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാണ്.
യുകെയില്‍ ഏകദേശം 47,000 ത്തോളം ഡൗണ്‍സ് സിന്‍ഡ്രോം ബാധിച്ച ആളുകളുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. ബുദ്ധിമുട്ടുകളേറെ തരണം ചെയ്യേണ്ടി വരാറുണ്ടെങ്കിലും ഡൗണ്‍സ് സിന്‍ഡ്രോം ഉള്ള മിക്ക ആളുകളും ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കുകയും, ഉയരങ്ങളില്‍ എത്തുകയും ചെയ്യുന്നു. അവരില്‍ കൂടുതലും, ജോലിയ്ക്ക് പോവുകയും, ഏറെക്കുറെ സ്വതന്ത്രമായി ജീവിക്കുന്നവരുമാണ്.
