കാൺപൂരിലെ ഒരു മുൻ ടെമ്പോ ഡ്രൈവറായിരുന്ന ശ്രാവൺ കുമാർ വിശ്വകർമ, ശംഖ് എയർലൈൻ എന്ന പേരിൽ സ്വന്തമായി വിമാനക്കമ്പനി ആരംഭിക്കുന്നു. സ്റ്റീൽ, സിമൻറ്, ഗതാഗതം തുടങ്ങിയ മേഖലകളിലെ വിജയത്തിന് ശേഷമാണ് അദ്ദേഹം വ്യോമയാന രംഗത്തേക്ക് കടക്കുന്നത്.  

അസാധാരണ വള‍ർച്ചയായിരുന്നു 35 കാരനായ ശ്രാവൺ കുമാർ വിശ്വകർമയുടെത്. 15 -20 വർഷങ്ങൾക്ക് മുമ്പ് കാൺപൂരിൽ നിന്നുള്ള ഒരു ടെമ്പോ ഡ്രൈവറായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ശംഖ് എയർലൈൻ ആരംഭിക്കാനൊരുങ്ങുന്നു. നിശ്ചയദാർഢ്യവും സ്റ്റീൽ, സിമൻറ്, ഗതാഗതം എന്നീ മേഖലകളിലെ ലാഭകരമായ സംരംഭങ്ങളുടെ പിൻബലവും കൊണ്ടാണ് അദ്ദേഹം വ്യോമഗതാഗതത്തിലേക്ക് ചുവട് വയ്ക്കുന്നത്.

ഉത്തർപ്രദേശിലെ ആദ്യത്തെ പ്രാദേശികമായി വികസിപ്പിച്ചെടുത്ത എയർലൈൻ തന്‍റെ ബാല്യകാല സ്വപ്നമായിരുന്നെന്ന് ശ്രാവൺ കുമാർ വിശ്വകർമ പറയുന്നു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ഈ വർഷത്തിന്‍റെ തുടക്കത്തിൽ തന്നെ ശംഖ് എയർ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലഖ്‌നൗവിനെ ദില്ലി, മുംബൈ, മറ്റ് മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്ന് എയർബസ് വിമാനങ്ങളിലൂടെ ആഭ്യന്തര വ്യോമഗതാഗതത്തിനാണ് ആദ്യ ശ്രമം. ജനുവരി ആദ്യ പകുതിയോടെ എയർലൈൻ വിമാന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ചെയർമാൻ ശ്രാവൺ കുമാർ വിശ്വകർമ പറയുന്നു.

Scroll to load tweet…

ടെമ്പോയിൽ നിന്നും വിമാനത്തിലേക്ക്

കാൺപൂരിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ശ്രാവൺ കുമാർ വിശ്വകർമ്മ ജനിച്ചത്. കുട്ടിക്കാലത്ത് പഠനത്തിൽ ശ്രാവൺ വലിയ താൽപ്പര്യം കാണിച്ചില്ല. പഠനം പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. ജീവിക്കാനായി അദ്ദേഹം പിന്നീട് ടെമ്പോ ഓട്ടോ ഓടിച്ചു. 'താഴെ നിന്ന് വരുന്ന ഒരാൾക്ക് എല്ലാം കാണാൻ കഴിയും - സൈക്കിളുകൾ, ബസുകൾ, ട്രെയിനുകൾ, ടെമ്പോകൾ - എല്ലാം' ശ്രാവണ്‍ പറയുന്നു. "ഞാൻ പരിചയക്കാരോടൊപ്പം ഓട്ടോ ഓടിച്ചു, ചില ചെറുകിട ബിസിനസുകൾ പരീക്ഷിച്ചു, അവയിൽ പലതും പരാജയപ്പെട്ടു," എന്നാൽ, 2014 -ൽ സിമന്‍റ് വ്യാപാരത്തിലേക്ക് കടന്നതോടെ ശ്രവണിന്‍റെ യഥാർത്ഥത്തിലുള്ള വ‍ള‍ർച്ച ആരംഭിച്ചു. ടിഎംടി റീബാർ വ്യവസായത്തിലാണ് ശ്രാവണിന്‍റെ ആദ്യത്തെ വിജയം. ആ വിജയത്തിൽ നിന്നും അദ്ദേഹം സിമന്‍റ്, ഖനനം, ഗതാഗത മേഖല എന്നിവയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും ഒടുവിലായി ശംഖ് എയറിലൂടെ വ്യോമയാന ബിസിനസിലേക്കും അദ്ദേഹം പറന്ന് കയറുകയാണ്.

ശംഖ് എയർ

നാല് വർഷം മുമ്പാണ് താൻ വ്യാമയാന ഗതാഗത ബിസിനസിലേക്ക് കടക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്ന് ശ്രാവണ്‍ പറയുന്നു. പിന്നാലെ അതിനുള്ള സാധ്യതകളെ കുറിച്ച്, എൻ‌ഒ‌സി എങ്ങനെ നേടാം, നിയമങ്ങൾ എന്തൊക്കെയാണ്, സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്നിവയെ കുറിച്ച് വിശദമായി പഠിച്ചു. ഒടുവിൽ ഇപ്പോൾ അത് യാഥാർത്ഥ്യമാകാൻ പോകുന്നെന്ന് ശ്രാവണ്‍ കൂട്ടിച്ചേർക്കുന്നു. കുട്ടിക്കാലത്ത് സ്വപ്നം കാണുന്നത് അപ്രായോഗികമായി കണ്ടിരുന്നു. കാരണം അന്ന്, കുട്ടിക്കാലത്ത് ഉപജീവനമാർഗത്തെ കുറിച്ചായിരുന്നു ചിന്ത മുഴുവനും. തിനപ്പുറം സ്വപ്നം കാണുന്നത് അചിന്തനീയമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു വിമാനം, ബസോ ടൊമ്പോയെ പോലെയുള്ള ഒരു ഗതാഗത മാർഗം മാത്രമാണ് അതിനെ എക്സ്ക്ലൂസീവ് ആയി കാണരുതെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു.