2020 എന്ന ദുരിത വർഷത്തെ ഓർമയാക്കി നമ്മൾ 2021 -ലേക്ക് കടന്നിരിക്കുകയാണ്. ഈ നവവർഷം പോയവർഷത്തേക്കാൾ മെച്ചമായിരിക്കും എന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും. കൊവിഡ് എന്ന മഹാവ്യാധി ഇന്നും നമ്മളെ വിട്ടകന്നിട്ടില്ലെങ്കിലും, വാക്സിൻ കണ്ടെത്തിക്കഴിഞ്ഞു എന്നതും അധികം വൈകാതെ തന്നെ അത് വിതരണം തുടങ്ങും എന്നതും  ശുഭോദർക്കമായ കാര്യങ്ങളാണ്. 

ഈ വേളയിൽ, പുതുവർഷപ്പുലരിയിലെ 'ഉദയസൂര്യന്റെ വെളിച്ചത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം' എന്നാഹ്വാനം ചെയ്തുകൊണ്ട്, താൻ തന്നെ രചിച്ച 'അഭീ തോ സൂരജ് ഉഗാ ഹേ...' എന്ന കവിത പങ്കുവെച്ചിരിക്കുകയാണ്. സങ്കടങ്ങളുടെ കൂരിരുളിലും പ്രതീക്ഷയുടെ തിരിനാളത്തിന്റെ വെളിച്ചം നമുക്ക് തുണയാകും എന്നാണ് പ്രധാനമന്ത്രി മോദി തന്റെ കവിതയിലൂടെ പറഞ്ഞു വെക്കുന്നത്. 

 

 

മോദിയുടെ കവിതയുടെ മലയാളം :

ആകാശത്ത്, തലയുയർത്തി
കാർമേഘങ്ങളെ കീറിമുറിച്ച്,
പുലരൊളിയുടെ ഗാംഭീര്യവുമായി 
സൂര്യനിപ്പോൾ ഉദിച്ചതല്ലേയുള്ളൂ..! 

ദൃഢനിശ്ചയം ഉള്ളിലേന്തി, 
വിഷമങ്ങളെല്ലാം മറികടന്ന്, 
കൂരിരുളിലും വെട്ടം പടർത്തുവാൻ
സൂര്യനിപ്പോൾ ഉദിച്ചതല്ലേയുള്ളൂ..! 

വിശ്വാസത്തിന്റെ നാളം തെളിച്ച്, 
വികസനത്തിന്റെ ദീപവുമേന്തി,
സ്വപ്നങ്ങളെ സാക്ഷാത്കരിക്കുവാൻ,
സൂര്യനിപ്പോൾ ഉദിച്ചതല്ലേയുള്ളൂ..! 

സ്വന്തമെന്നോ, അന്യമെന്നോ കരുതാതെ
എന്റെ നിന്റെയെന്നോർക്കാതെ
സകലർക്കും വെളിച്ചം പകരുവാൻ 
സൂര്യനിപ്പോൾ ഉദിച്ചതല്ലേയുള്ളൂ..! 

കെടാതെ കത്തുന്ന അഗ്നിയായി, 
ഉലകിൽ പ്രകാശം പടർത്തിനിർത്തി,
അനവരതം ചലിച്ചുകൊണ്ട് 
സൂര്യനിപ്പോൾ ഉദിച്ചതല്ലേയുള്ളൂ..! 

പ്രകൃതിയെ ഞെരിച്ചുടയ്ക്കുംവികൃതി,
സ്വന്തം മക്കളാൽ നശിക്കുന്നു ഭൂമിതൻ 
ഭാവിയെ രക്ഷിക്കാൻ, ശോഭനമാക്കുവാൻ 
സൂര്യനിപ്പോൾ ഉദിച്ചതല്ലേയുള്ളൂ..!