ആദ്യം സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം സന്ദേശങ്ങൾ വരാൻ തുടങ്ങിയത് ലിക്കാരിയുടെ കൗമാരക്കാരിയായ മകൾക്കും അന്നത്തെ അവളുടെ ആൺ സുഹൃത്തിനും ആണ്.

സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആളുകളെ അധിക്ഷേപിക്കുന്നത് ഇപ്പോൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള അനേകം അനേകം കേസുകളാണ് ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്നുള്ളത്. ഇതേ കേസിൽ യുഎസ്സിൽ ഒരു സ്ത്രീ അറസ്റ്റിലായിരിക്കുകയാണ്. എന്നാൽ, ഇതിലെ അത്ഭുതം ഈ സ്ത്രീ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അധിക്ഷേപിച്ചത് കൗമാരക്കാരിയായ സ്വന്തം മകളേയും അവളുടെ കൂട്ടുകാരനേയും ആണ് എന്നതാണ്. 

സാമൂഹിക മാധ്യമങ്ങളിൽ വ്യാജ ഐഡിയിലൂടെ വന്ന് ഇങ്ങനെ പെൺകുട്ടികളെ അധിക്ഷേപിച്ചതിന് മിഷി​ഗൺ പൊലീസാണ് സ്ത്രീയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേന്ദ്ര ലിക്കാരി എന്ന സ്ത്രീയാണ് പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിന്തുടർന്ന് അവരെ നിരന്തരം അധിക്ഷേപിക്കുക, നീതി നിർവ​ഹണം തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് 42 -കാരിയായ ലിക്കാരിക്ക് നേരെ ചുമത്തിയിരിക്കുന്നത്. 

ആദ്യം സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം സന്ദേശങ്ങൾ വരാൻ തുടങ്ങിയത് ലിക്കാരിയുടെ കൗമാരക്കാരിയായ മകൾക്കും അന്നത്തെ അവളുടെ ആൺ സുഹൃത്തിനും ആണ്. ഇതോടെയാണ് ഇക്കാര്യം അവർ ശ്രദ്ധിച്ച് തുടങ്ങിയത്. പെൺകുട്ടിയും കൂട്ടുകാരനും എവിടെയെല്ലാം പോകുന്നുവോ അതേ ലോക്കേഷനുകളിൽ നിന്നുമാണ് ഇവർക്ക് മെസേജ് വന്നു കൊണ്ടിരുന്നത്. അധിക്ഷേപ കമന്റുകൾ സ്ഥിരമായി വന്ന് തുടങ്ങിയതോടെ ലികാരിയുടെ മകളും സുഹൃത്തും പൊലീസിൽ പരാതി നൽകി. 

അന്വേഷണം തുടങ്ങിയതോടെ കണ്ടെത്തിയത് തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ്. പരാതി നൽകിയ പെൺകുട്ടിയുടെ അമ്മ തന്നെയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഇവരെ അധിക്ഷേപിക്കുന്നത് എന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. 2021 -ലാണത്രെ കേന്ദ്ര ലിക്കാരി ഈ വ്യാജ അക്കൗണ്ട് ഉണ്ടാക്കി കുട്ടികളെ അധിക്ഷേപിക്കാൻ തുടങ്ങിയത്. ആ നേരത്ത് മകളുടെ സ്കൂളിൽ തന്നെ ബാസ്കറ്റ് ബോൾ പരിശീലകയായി ജോലി ചെയ്ത് വരികയായിരുന്നു ലിക്കാരിയും.