നാല് വർഷം മകൾ അമ്മയെ പരിചരിച്ചു. പിന്നീട്, ജിൻ കുറച്ചുകാലം ഒരു നഴ്സിം​ഗ് ഹോമിൽ കഴിഞ്ഞു. അവിടെ നിന്നും തിരികെ ഒരു വാടകവീട്ടിലേക്കാണ് വന്നത്.

കുടുംബത്തിലുള്ളവർ തമ്മിലുള്ള സ്വത്ത് തർക്കം ഒരു പുതിയ കാര്യമല്ല. അതിപ്പോൾ ഇന്ത്യയിലായാലും അങ്ങ് ചൈനയിലായാലും. അതേ, അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്നും പുറത്ത് വരുന്നത്. മകൾക്കെതിരെയാണ് അമ്മ താൻ നൽകിയ പണം തിരികെ തരാനായി കേസ് കൊടുത്തത്. ഒടുവിൽ കോടതി വിധി അമ്മയ്ക്ക് അനുകൂലമായി വരികയും ചെയ്തു. അമ്മ മകൾക്ക് നൽകിയ 4.8 മില്ല്യൺ യുവാൻ (5,84,63,808 ഇന്ത്യൻ രൂപ) ആണ് തിരികെ കൊടുക്കാനായി കോടതി ഉത്തരവിട്ടത്. പ്രായമായ, അസുഖമുള്ള തന്നെ നോക്കാമെന്ന കരാറിലാണത്രെ ഈ പണം അമ്മ മകൾക്ക് കൈമാറിയത്.

സംഭവം ഇങ്ങനെയാണ്, ജിൻ എന്ന സ്ത്രീ പലവിധ ആരോ​ഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടിലായിരുന്നു. അങ്ങനെ അവരുടെ മകളോട് ജോലി രാജിവച്ച് തന്നെ നോക്കാനായി വരാമോ എന്നും അതിനുള്ള പണം കൈമാറാം എന്നും ജിൻ പറഞ്ഞു. അങ്ങനെ മകൾ ലു, ഗ്വാങ്‌ഷൂവിലെ തന്റെ ജോലി ഉപേക്ഷിച്ച് ബെയ്ജിംഗിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

മകൾക്ക് ജോലി ഉപേക്ഷിക്കുമ്പോഴും തന്നെ പരിചരിക്കുമ്പോഴും വരുന്ന നഷ്ടം പരിഹരിക്കുന്നതിനായിട്ടാണ് ഈ തുക ജിൻ കൈമാറിയത്. 2023 ഡിസംബർ 21-ന്, രേഖാമൂലമുള്ള കരാറിലും രണ്ടുപേരും ഒപ്പുവച്ചു. അതിൽ, ജിന്നിന്റെ ചികിത്സ, വാടക, മരിച്ചാൽ ശവസംസ്കാര ചടങ്ങിനുള്ള ചെലവ് എല്ലാം പെടും.

നാല് വർഷം മകൾ അമ്മയെ പരിചരിച്ചു. പിന്നീട്, ജിൻ കുറച്ചുകാലം ഒരു നഴ്സിം​ഗ് ഹോമിൽ കഴിഞ്ഞു. അവിടെ നിന്നും തിരികെ ഒരു വാടകവീട്ടിലേക്കാണ് വന്നത്. ആ വീടിന്റെ വാടക കൊടുക്കുന്നതിൽ മകൾ മുടക്കം വരുത്തി എന്നും താൻ നൽകിയ തുക മകൾ സ്വന്തമായി സ്വത്ത് വാങ്ങുന്നതിന് ഉപയോ​ഗിച്ചു എന്നുമാണ് ജിന്നിന്റെ ആരോപണം.

ലു പറഞ്ഞത്, താൻ നഴ്സിം​ഗ് ഹോമിലെ ചിലവുകളെല്ലാം നോക്കിയതാണ്. അതിനാൽ തനിക്കിനി കൂടുതൽ നോക്കാനാവില്ല എന്നാണ്. അങ്ങനെ ജിൻ മകൾക്കെതിരെ കേസ് കൊടുത്തു. ഇരുവരും തമ്മിലുള്ള ചാറ്റ് ഹിസ്റ്ററിയും ഹാജരാക്കി. താൻ അമ്മയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നു. ഭക്ഷണവും, വസ്ത്രവും, മരുന്നും എല്ലാം നൽകി. നേരത്തെ ഒരു ഫ്ലാറ്റിന് വാടകയും നൽകിയിരുന്നു എന്നാണ് ലു പറഞ്ഞത്.

എന്തായാലും, ആദ്യത്തെ വിചാരണയിൽ കരാർ റദ്ദാക്കുകയും ലു തന്റെ അമ്മയ്ക്ക് തുക തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു. യഥാർത്ഥ തുകയായി പറഞ്ഞത് 4.9 മില്ല്യൺ യുവാൻ ആയിരുന്നെങ്കിലും, പിന്നീട് അത് 4.8 ദശലക്ഷം യുവാൻ ആണെന്ന് ജിൻ വ്യക്തമാക്കി. അങ്ങനെ, ബെയ്ജിംഗ് ഫസ്റ്റ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി ലു 4.8 മില്ല്യൺ യുവാൻ അമ്മയ്ക്ക് തിരികെ നൽകണമെന്ന് പറയുകയുമായിരുന്നു.