പോസ്റ്റിൽ പറയുന്നത്, ഷുനാലി ഹോട്ടൽ ബാൽക്കണിയിൽ രാവിലെ തന്റെ കാപ്പി ആസ്വദിച്ച് കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു കുരങ്ങൻ ബാൽക്കണിയിലേക്ക് ചാടി, അവളെ തള്ളിമാറ്റി ഹോട്ടൽ റൂമിലേക്ക് പോയി എന്നാണ്.
മലകളിലും കാടിനോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിലും ഒക്കെ ജീവിക്കുന്ന മനുഷ്യർക്ക് കുരങ്ങന്മാരെ കാണുക എന്നാൽ അത്ര പുതുമയുള്ള കാര്യമല്ല. ചിലപ്പോൾ രസകരമെന്നൊക്കെ പുറത്തുള്ളവർക്ക് തോന്നുമെങ്കിലും വലിയ ബുദ്ധിമുട്ടുകളും ചിലപ്പോൾ ആളുകൾക്ക് കുരങ്ങന്മാരുണ്ടാക്കാറുണ്ട്. എന്നാൽ, ടൂറിസ്റ്റുകളെ സംബന്ധിച്ച് ചിലപ്പോൾ കുരങ്ങന്മാരെ തങ്ങൾ താമസിക്കുന്നതിന്റെ അടുത്ത് കാണുക എന്നത് കുറച്ച് ഭയമുണ്ടാക്കുന്ന കാര്യം തന്നെ ആയിരിക്കാം. അങ്ങനെ ഒരു അനുഭവമാണ് മുസ്സൂറിയിലെത്തിയ ഈ ടൂറിസ്റ്റ് ദമ്പതികൾക്കും ഉണ്ടായത്.
ഒരു ഹോട്ടലിൽ വച്ച് രാവിലെ കാപ്പി കുടിക്കുന്നതിനിടെയാണ് ദമ്പതികൾക്ക് ഇങ്ങനെ ഒരു അനുഭവമുണ്ടായത്. സംഭവം ക്യാമറയിൽ പകർത്തി ഇവർ സോഷ്യൽ മീഡിയയിലും ഷെയർ ചെയ്തിട്ടുണ്ട്. എഴുത്തുകാരിയും പോഡ്‌കാസ്റ്ററുമായ ഷുനാലി ഖുള്ളർ ഷറോഫ് ആണ് വീഡിയോ ഷെയർ ചെയ്തത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്സൂറിയിലെ മനോഹരമായ സാവോയ് ഹോട്ടലിൽ വച്ചാണ് ഈ അനുഭവം ഉണ്ടായത് എന്നും ഒരു കുരങ്ങൻ കൂടി വന്നതോടെ തങ്ങളുടെ പ്രഭാതം സാഹസികമായി തീർന്നു എന്നുമാണ് ഇവർ പറയുന്നത്.
പോസ്റ്റിൽ പറയുന്നത്, ഷുനാലി ഹോട്ടൽ ബാൽക്കണിയിൽ രാവിലെ തന്റെ കാപ്പി ആസ്വദിച്ച് കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു കുരങ്ങൻ ബാൽക്കണിയിലേക്ക് ചാടി, അവളെ തള്ളിമാറ്റി ഹോട്ടൽ റൂമിലേക്ക് പോയി എന്നാണ്. അതോടെ അവൾ കുരങ്ങനെ പുറത്ത് നിന്നും പൂട്ടി. ബാത്ത്‍റൂമിലായിരുന്ന ഭർത്താവിനോട് അതിന്റെ അകത്ത് തന്നെ ഇരിക്കാൻ ആവശ്യപ്പെട്ടു. പിന്നീട്, ഹോട്ടൽ ജീവനക്കാരോട് മുറിയിലേക്ക് വരാനും കുരങ്ങനെ പുറത്താക്കാനും ആവശ്യപ്പെട്ടു എന്നും അവൾ പറയുന്നു.
ആ സമയം താൻ അകത്ത് കുടുങ്ങി എന്ന് മനസിലാക്കിയ കുരങ്ങൻ അവിടെയുണ്ടായിരുന്ന ലഡു എടുത്തു കഴിച്ചു എന്നും വീഡിയോയിൽ പറയുന്നു. വീഡിയോയിൽ ഹോട്ടൽ മുറിക്കകത്തിരിക്കുന്ന കുരങ്ങനെ കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. അതേസമയം, ഷുനാലിക്ക് പരിക്കേൽക്കാത്തത് നന്നായി എന്ന് കമന്റ് നൽകിയവരും ഉണ്ട്.
