ചൊവ്വാഴ്ച നടന്ന വെടിവയ്പിൽ 10 പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഒരാൾ ആശുപത്രിയിൽ വച്ച് മരിച്ചതായും ദി മെക്സിക്കോ ഡെയ്‌ലി പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. തോക്കുകളും വാഹനങ്ങളും വെടിയുണ്ടകളും ഉൾപ്പടെ വിവിധ ആയുധങ്ങൾ അധികൃതർ പിടിച്ചെടുത്തു. കൂടാതെ നിരവധി പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മെക്സിക്കോയിൽ കഴിഞ്ഞ ദിവസം ക്രിമിനൽസംഘത്തിലെ 11 പേർ വെടിയേറ്റ് മരിച്ചിരുന്നു, അക്കൂട്ടത്തിൽ ഒരു കുരങ്ങന്റെ മൃതദേഹം കണ്ടെത്തിയത് വലിയ ചർച്ചയായി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റടക്കം ധരിച്ച കുരങ്ങനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെക്‌സിക്കോയിലെ കുപ്രസിദ്ധമായ ലാ ഫാമിലിയ മിക്കോക്കാന കാർട്ടലിന്റെ ഭാഗമായ യുവാവിന്റെ വളർത്തുമൃഗമാണ് ഈ കുരങ്ങെന്ന് കരുതുന്നതായി ദി മെക്സിക്കോ ഡെയ്‌ലി പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച മെക്‌സിക്കോ സിറ്റി സ്റ്റേറ്റിലെ ടെക്‌സ്‌കാൽറ്റിറ്റ്‌ലാൻ പട്ടണത്തിലാണ് ക്രിമിനൽ ഗ്രൂപ്പും അധികൃതരും തമ്മിൽ വെടിവെപ്പുണ്ടായത്. ഇതേ തുടർന്നാണ് ഗുണ്ടാസംഘാംഗങ്ങൾ കൊല്ലപ്പെട്ടത്. കുരങ്ങന്റെ ഉടമയെ നിരവധി വെടിയേറ്റ മുറിവുകളോടെ മരിച്ച നിലയിൽ കണ്ടെത്തി. കുരങ്ങന്റെ നെഞ്ചിൽ വെടിയേറ്റു എന്ന് കരുതപ്പെടുന്നു. സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ കുരങ്ങന്റെ ചിത്രങ്ങൾ പ്രചരിച്ചു. അതിൽ ബുള്ളറ്റ് പ്രൂഫും ഡയപ്പറും ധരിച്ച് കിടക്കുന്ന കുരങ്ങനെ കാണാം. മെക്‌സിക്കൻ അധികൃതർ ചിത്രങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചു, എന്നാൽ, കുരങ്ങൻ വെടിയേറ്റ് തന്നെയാണോ മരിച്ചത് എന്ന് വ്യക്തമല്ലെന്നും എപി എഴുതുന്നു.
"ഒരു കുരങ്ങൻ സംഭവസ്ഥലത്ത് വച്ച് കൊല്ലപ്പെട്ടു, അത് ഒരു കുറ്റവാളിയുടെ ഉടമസ്ഥതയിലുള്ളതായിരിക്കണം, സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്" എന്നാണ് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ പ്രസ്താവനയിൽ പറഞ്ഞത്. ഒരു മൃഗഡോക്ടർ കുരങ്ങന്റെ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും രക്ഷപ്പെട്ട പ്രതികൾക്കെതിരെ മൃഗക്കടത്ത് കുറ്റം ചുമത്തണമോ എന്നത് അധികാരികൾ പരിഗണിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ചൊവ്വാഴ്ച നടന്ന വെടിവയ്പിൽ 10 പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഒരാൾ ആശുപത്രിയിൽ വച്ച് മരിച്ചതായും ദി മെക്സിക്കോ ഡെയ്‌ലി പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. തോക്കുകളും വാഹനങ്ങളും വെടിയുണ്ടകളും ഉൾപ്പടെ വിവിധ ആയുധങ്ങൾ അധികൃതർ പിടിച്ചെടുത്തു. കൂടാതെ നിരവധി പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പടെ തടവിലാക്കപ്പെട്ട പ്രതികളുടെ ചിത്രങ്ങളും സ്റ്റേറ്റ് ഓഫ് മെക്സിക്കോയിലെ അറ്റോർണി ജനറൽ ഓഫീസ് പുറത്തുവിട്ടതായി ഇൻഫോബെ റിപ്പോർട്ട് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു പതിനഞ്ചുകാരനും പെടുന്നു.
കുരങ്ങൻ കൂടി കൊല്ലപ്പെട്ട സാഹചര്യത്തിൽ വന്യമൃഗങ്ങളെ ആളുകൾ വളർത്തുമൃഗങ്ങളാക്കി വയ്ക്കുന്നതിനെ കുറിച്ചുള്ള വലിയ ചർച്ച ഇവിടെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നയരിറ്റിലെ ടെക്വാലയിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലെ നടപ്പാതയിലൂടെ കടുവ നടക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
