എന്നാൽ, പിതാവിന് പെട്ടെന്ന് ശാരീരികാസ്വസ്ഥത ഉണ്ടാവുകയും ഐ.സി.യുവിലാവുകയും ചെയ്തതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. അഡ്മിഷൻ സമയത്ത് ആശുപത്രി അധികൃതർ മുൻകൂറായി 2.5 ലക്ഷം രൂപ ഡെപ്പോസിറ്റ് ആവശ്യപ്പെട്ടു.
മാസം 1.8 ലക്ഷം രൂപ ശമ്പളം കിട്ടുന്നുണ്ട്. എന്നാൽ, പെട്ടെന്ന് കുടുംബത്തിൽ ഒരു അത്യാവശ്യം വന്നപ്പോഴാണ് താൻ എത്രത്തോളം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് മനസിലാകുന്നത് എന്ന് യുവാവ്. പലപ്പോഴും നമ്മൾ പെട്ടുപോകുന്നത് നമുക്കോ നമ്മെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യർക്കോ എന്തെങ്കിലും അസുഖം വരുമ്പോഴാണ് അല്ലേ? അതിനാൽ തന്നെ ഒരു എമർജൻസി സേവിംഗ് അത്യാവശ്യമാണ്. അത് തന്നെയാണ് ഈ യുവാവിന്റെ പോസ്റ്റിൽ നിന്ന് മനസിലാകുന്നതും. ബെംഗളൂരുവിൽ നിന്നുള്ള ഐ.ടി ജീവനക്കാരനാണ് പോസ്റ്റ് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. ഉയർന്ന ശമ്പളം കൊണ്ടുമാത്രം സാമ്പത്തികമായിട്ടുള്ള സുരക്ഷിതത്വമുണ്ടാകില്ലെന്ന യാഥാർത്ഥ്യത്തെ കുറിച്ചാണ് പോസ്റ്റ്.
'മാസം 1.8 ലക്ഷം രൂപ സമ്പാദിക്കുന്ന ഒരു വ്യാജ സമ്പന്നനെപ്പോലെയാണ് ഞാൻ ജീവിച്ചിരുന്നത്, ഐ.സി.യു എമർജൻസി വന്നപ്പോഴാണ് ഞാൻ എത്രത്തോളം പണക്കാരനല്ലെന്ന് ബോധ്യപ്പെടുന്നത്' എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
രണ്ട് വർഷം മുമ്പ് താൻ സാമ്പത്തികമായി മികച്ച നിലയിലാണെന്നായിരുന്നു വിശ്വാസം എന്ന് യുവാവ് പറയുന്നു. മാസത്തിൽ 80,000 രൂപ എസ്.ഐ.പി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പിതാവിന് പെട്ടെന്ന് ശാരീരികാസ്വസ്ഥത ഉണ്ടാവുകയും ഐ.സി.യുവിലാവുകയും ചെയ്തതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. അഡ്മിഷൻ സമയത്ത് ആശുപത്രി അധികൃതർ മുൻകൂറായി 2.5 ലക്ഷം രൂപ ഡെപ്പോസിറ്റ് ആവശ്യപ്പെട്ടു. ലാപ്‌ടോപ്പ് വാങ്ങിയതിനെ തുടർന്ന് ക്രെഡിറ്റ് കാർഡിന്റെ ലിമിറ്റ് തീർന്നതും, സേവിങ്സ് അക്കൗണ്ടിൽ 32,000 രൂപ മാത്രമുണ്ടായിരുന്നതും പ്രതിസന്ധി ഗുരുതരമാക്കി. മ്യൂച്വൽ ഫണ്ടിലെ പണം പിൻവലിക്കാനുള്ള കാലതാമസവും ഇൻഷുറൻസ് നടപടികളിലെ തടസ്സങ്ങളും കാരണം പെട്ടെന്ന് പണം കിട്ടിയില്ല. അർദ്ധരാത്രിയിൽ ആശുപത്രിയിലിരുന്ന് ബന്ധുക്കളെ വിളിച്ച് യു.പി.ഐ വഴി പണം കടം വാങ്ങേണ്ടി വന്നെന്നും അദ്ദേഹം ഓർമിച്ചു. 'കയ്യിൽ പണമില്ലാത്തപ്പോൾ ഉയർന്ന ശമ്പളത്തിന് യാതൊരു വിലയുമില്ലെന്ന് മനസ്സിലായി' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. എന്തുകൊണ്ട് ഒരു എമർജൻസി ഫണ്ട് നാം തയ്യാറാക്കി വയ്ക്കണം എന്ന ഉപദേശങ്ങളുമായിട്ടാണ് പലരും എത്തിയത്. എപ്പോഴാണ് ഇതുപോലെ അടിയന്തിരഘട്ടങ്ങൾ വരുന്നത് എന്ന് പറയാനാവില്ല, അതിനാൽ സേവിംഗ്സിനെ കുറിച്ച് പോലും ചിന്തിക്കുന്നതിന് മുമ്പ് തന്നെ നാം അത്യാവശ്യഘട്ടങ്ങൾക്ക് വേണ്ടി എമർജൻസി ഫണ്ട് തയ്യാറാക്കി വയ്ക്കണമെന്നാണ് ആളുകൾ അഭിപ്രായപ്പെട്ടത്.
