ഇനി, നമ്മുടെ രാജ്യത്ത് നിന്നുമുള്ള ഏതൊക്കെ ന​ഗരങ്ങളാണ് പട്ടികയിൽ എന്നല്ലേ? ഇന്ത്യയിൽ നിന്ന് ന്യൂഡൽഹിയും മുംബൈയും 141-ാം സ്ഥാനത്തുണ്ട്.

കൊവിഡ് 19 പകർച്ചവ്യാധി ലോകത്തെ ആകെ തന്നെ പിടിച്ചുലച്ചു, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഓരോ രാജ്യവും കടന്നുപോയത്. എന്നാൽ, അതൊക്കെ പതുക്കെ മാറി ഇപ്പോൾ വീണ്ടും ലോകം നിവർന്ന് നിൽക്കാൻ ശ്രമിക്കുകയാണ്. ലോകത്തിലെ പല നഗരങ്ങളിലും ജീവിത നിലവാരം വീണ്ടും ഉയർന്നുവരുന്നു എന്നതും ആശ്വാസകരം തന്നെ. 

ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ വാർഷിക ഗ്ലോബൽ ലൈവബിലിറ്റി സൂചിക (Economist Intelligence Unit's annual Global Liveability Index) പ്രകാരം സ്ഥിരത, ആരോഗ്യ സംരക്ഷണം, സംസ്കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

വിയന്ന, ഓസ്ട്രിയ

പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ്. ആദ്യമായിട്ടല്ല വിയന്ന ഇങ്ങനെ ഒന്നാം സ്ഥാനത്ത് വരുന്നത്. മിക്കവാറും ഈ ന​ഗരം ജീവിക്കാൻ ഉതകുന്ന ന​ഗരങ്ങളിൽ ഒന്നാമത് തന്നെയാണുണ്ടാവാറ്. 2021 -ലെ കൊവിഡ് വ്യാപനസമയത്ത് മ്യൂസിയങ്ങളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടേണ്ടി വന്നപ്പോൾ മാത്രമാണ് ഈ അം​ഗീകാരം നഷ്ടപ്പെട്ടത്. ആരോ​ഗ്യസംരക്ഷണത്തിലും, വിദ്യാഭ്യാസത്തിലും, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും എല്ലാം മികച്ചു നിൽക്കുന്ന ഇടമാണ് വിയന്ന. 

കോപ്പൻഹേഗൻ, ഡെന്മാർക്ക്

തുടർച്ചയായി രണ്ടാം സ്ഥാനത്ത് തുടരുന്ന ന​ഗരം കൂടിയാണ് കോപ്പൻഹേ​ഗൻ. ഡെന്മാർക്ക് സ്ഥിരമായി ജീവിക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും സന്തോഷകരമായ രാജ്യങ്ങളിലൊന്നായി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന രാജ്യമാണ്. അതിനാൽ തന്നെ കോപ്പൻഹേ​ഗൻ മികച്ച സ്കോറുകളോടെ ജീവിക്കാൻ കൊള്ളാവുന്ന ന​ഗരങ്ങളിൽ രണ്ടാമതെത്തി. 

മെൽബൺ, ഓസ്‌ട്രേലിയ

കൊവിഡ് കാര്യമായി ബാധിച്ച ന​ഗരങ്ങളിൽ ഒന്നാണ് മെൽബൺ. അതിനാൽ തന്നെ പട്ടികയിൽ മെൽബണിന്റെ റാങ്കിം​ഗും തകർന്നു. എന്നാൽ, മെൽബൺ ഈ വർഷം സ്കോർ മെച്ചപ്പെടുത്തുകയും പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 

സിഡ്നി, ഓസ്ട്രേലിയ

ഓസ്ട്രേലിയയിലെ തന്നെ ന​ഗരമാണ് മൂന്നാം സ്ഥാനത്തും, സിഡ്നി. കൊവിഡ് സിഡ്‍നിയേയും കാര്യമായി ഉലച്ചിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ ന​ഗരം തിരിച്ചുവന്നു. ആരോ​ഗ്യസംരക്ഷണത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നൂറിൽ നൂറാണ് സിഡ്നിക്ക്. 

വാൻകൂവർ, കാനഡ

സ്ഥിരമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ന​ഗരമാണ് കാനഡയിലെ വാൻകൂവർ. കൊവിഡിന്റെ സമയത്ത് ഒന്നുലഞ്ഞുവെങ്കിലും 2023 -ലെ പട്ടികയിലും ന​ഗരം അഞ്ചാം സ്ഥാനത്ത് തന്നെയാണ്. 

സൂറിച്ച്- സ്വിറ്റ്സർലൻഡ്, കാൽഗറി- കാനഡ, ജനീവ- സ്വിറ്റ്സർലൻഡ്, ടൊറന്റോ- കാനഡ, ഒസാക്ക- ജപ്പാൻ എന്നിങ്ങനെയാണ് പട്ടികയിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ന​ഗരങ്ങൾ. 

ഇനി, നമ്മുടെ രാജ്യത്ത് നിന്നുമുള്ള ഏതൊക്കെ ന​ഗരങ്ങളാണ് പട്ടികയിൽ എന്നല്ലേ? ഇന്ത്യയിൽ നിന്ന് ന്യൂഡൽഹിയും മുംബൈയും 141-ാം സ്ഥാനത്തുണ്ട്. അതുപോലെ, 144 -ാം സ്ഥാനത്ത് ചെന്നൈയും ഉണ്ട്. അഹമ്മദാബാദും ബെംഗളൂരുവും 147ഉം 148ഉം സ്ഥാനത്താണ്.