സിൽവെയ്ൻ തന്റെ മോണകളും കൺപോളകളും ഉൾപ്പടെ ശരീരം മുഴുവൻ ടാറ്റൂകളിൽ മറച്ചിട്ടുണ്ട്. ടാറ്റൂവിന്റെ ആദ്യ ലെയർ പാരീസിൽ പൂർത്തിയാക്കിയ ഇയാൾ ഇപ്പോൾ നാലാമത്തെ ലെയർ ടാറ്റൂ ചെയ്യാനുള്ള ഒരുക്കത്തിലാണ്.
ടാറ്റൂകളോടുള്ള സ്നേഹം വളരെക്കാലമായി ലോകമെമ്പാടും പ്രചാരത്തിലുണ്ട്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ ശരീരത്തിൽ ഇഷ്ടപ്പെട്ട വാക്കുകളും ചിത്രങ്ങളുമൊക്കെ ടാറ്റൂ ചെയ്യുന്നത്. നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ ചെറിയ ടാറ്റൂ ചെയ്യുന്നതാണ് ട്രെന്റെങ്കിൽ വിദേശരാജ്യങ്ങളിൽ അത് അങ്ങനെയല്ല. ശരീരം മുഴുവൻ ടാറ്റു കൊണ്ട് നിറച്ച് ബോഡി മോഡിഫിക്കേഷൻ നടത്തുന്ന നിരവധി ആളുകളുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇവരിൽ പലരും ഇത്തരത്തിൽ തങ്ങളുടെ ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ചിലവഴിക്കുന്നത്. 37 കാരനായ സിൽവെയ്ൻ എച്ച് ലെയ്ൻ എന്ന സ്‌കൂൾ അധ്യാപകൻ അക്കൂട്ടത്തിൽ ഒരാളാണ്.
തന്റെ ശരീരം മുഴുവൻ ടാറ്റൂകൊണ്ട് നിറയ്ക്കാൻ യുകെ സ്വദേശിയായ ഇയാൾ ഇതുവരെ ചിലവഴിച്ചത് 58,00,000 രൂപയാണ്. കഴിഞ്ഞ പത്ത് വർഷത്തോളമായി ഇയാൾ തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്ത് തുടങ്ങിയിട്ടുണ്ട്. ദ മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മറ്റൊരു വിചിത്രമായ കാര്യം ഇയാൾ ടാറ്റൂ ചെയ്യാൻ കൂടുതൽ സ്ഥലം കിട്ടുക എന്ന ലക്ഷ്യത്തോടെ തന്റെ മുലക്കണ്ണുകളടക്കം നീക്കം ചെയ്തത്രെ.
മോഡലും പെർഫോമറും കൂടിയായ സിൽവെയ്ൻ 10 വർഷം മുമ്പാണ് ശരീരം മുഴുവൻ ടാറ്റൂകളാൽ മറച്ച് തുടങ്ങിയത്. എച്ച്എസ്ബിസിയിലെ ഒരു ബാങ്കറെയും മക്ഡൊണാൾഡിലെ ഒരാളെയും കണ്ടതാണ് ടാറ്റൂ ചെയ്യാൻ തനിക്ക് പ്രചോദനമായത് എന്നാണ് ഇയാൾ പറയുന്നത്. സിൽവെയ്ൻ തന്റെ മോണകളും കൺപോളകളും ഉൾപ്പടെ ശരീരം മുഴുവൻ ടാറ്റൂകളിൽ മറച്ചിട്ടുണ്ട്. ടാറ്റൂവിന്റെ ആദ്യ ലെയർ പാരീസിൽ പൂർത്തിയാക്കിയ ഇയാൾ ഇപ്പോൾ നാലാമത്തെ ലെയർ ടാറ്റൂ ചെയ്യാനുള്ള ഒരുക്കത്തിലാണ്. പലപാളികളായി ശരീരം മുഴുവൻ ടാറ്റുകൊണ്ട് നിറച്ചതോടെ ഇയാളെ കാണുമ്പോൾ നാട്ടുകാർ പേടിച്ച് മാറിപ്പോകുന്ന അവസ്ഥയാണ് ഇപ്പോൾ.
