അലക്സാണ്ടർ ലിറ്റ്‍വിനെങ്കോ റഷ്യയുടെ സംസ്ഥാന സുരക്ഷാ സംഘടനയുടെ ഏജന്റായിരുന്നു. 2006 നവംബർ 1 -ന് ലണ്ടനിലെ സുഷി റെസ്റ്റോറന്റായ ഇറ്റ്സുവിൽ നിന്ന് ഗ്രീൻ ടീ  കുടിച്ച ലിറ്റ്‍വിനെങ്കോ രോഗബാധിതനായി. നവംബർ മൂന്നിന് ലിറ്റ്‍വിനെങ്കോയുടെ നില വഷളായതിനാൽ അദ്ദേഹത്തെ ലണ്ടനിലെ ബാർനെറ്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചു. ചായ കുടിച്ച് കുറച്ചുമാത്രം മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അലക്‌സാണ്ടര്‍ക്ക് ഛര്‍ദ്ദിയും അതിഭയങ്കര ശരീരവേദനയുമനുഭവപ്പെടുകയായിരുന്നു. കുറച്ചു ദിവസത്തിനുള്ളില്‍ അയാളുടെ മുടിയെല്ലാം കൊഴിഞ്ഞുപോയി. ശ്വേതരക്താണുക്കള്‍ തീരെ ഇല്ലാതായി. 22 ദിവസത്തിനു ശേഷം അവയവങ്ങള്‍ ഒരോന്നോരാന്നായി പ്രവര്‍ത്തനം നിലച്ചാണ് അലക്‌സാണ്ടര്‍ മരിച്ചത്.

ഒരുപാട് ലോക ശ്രദ്ധ നേടിയ ഒരു കൊലപാതകമായിരുന്നു അത്. ന്യൂക്ലിയർ ബോംബുകളിൽ ഉപയോഗിച്ചിരുന്ന റേഡിയോ ആക്ടീവ് പോളോണിയം -210 എന്ന മാരകവിഷം ഉള്ളിൽ ചെന്നാണ് അദ്ദേഹം മരിച്ചതെന്ന് പിന്നീടുള്ള അന്വേഷണത്തിൽ തെളിഞ്ഞു. ഹോളിവുഡ് ചാര സിനിമകളോട് സാമ്യം തോന്നിക്കുന്ന ഈ കൊലപാതകം ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ വലിയ വാർത്തയാക്കി. കൊലപാതകത്തെക്കാൾ ലോകത്തെ അത്ഭുതപ്പെടുത്തിയത് അതിനായി തെരഞ്ഞെടുത്ത രീതിയാണ്.  

ചരിത്രത്തിലുടനീളം നോക്കിയാൽ ഒരുപാട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി കാണാം. ജോൺ എഫ് കെന്നഡി മുതൽ  മഹാത്മാഗാന്ധി വരെ അതിൽ പെടുന്നു. കുടുതലും വെടിയേറ്റു മരിച്ചവരാണ്. എന്നാൽ, ചിലർ വളരെ അസ്വാഭാവികമായ രീതികളിലൂടെ കൊല്ലപ്പെട്ടവരാണ്. ലോകശ്രദ്ധ ആകർഷിച്ച പല കൊലപാതങ്ങളും വളരെ വിചിത്രമായ ആയുധങ്ങൾ ഉപയോഗിച്ചു നടത്തിയിട്ടുള്ളതാണ്. കൊലയാളികൾ ഉപയോഗിച്ച ആയുധങ്ങളിൽ പൊളോണിയം ചായ മുതൽ വിഷം തളിച്ച തൂവാലകൾ വരെ ഉൾപ്പെടുന്നു.

കുട

ബൾഗേറിയൻ വിമതനായ ജോർജി മാർക്കോവ് 1978 സെപ്റ്റംബർ 7 -ന് വാട്ടർലൂ ബസിനായി കാത്തുനിൽക്കുമ്പോഴാണ് തുടയിൽ കുത്തേറ്റപോലെ അനുഭവപ്പെട്ടത്. തിരിഞ്ഞു നോക്കിയപ്പോഴാകട്ടെ ഒരാള്‍ ഒരു കുടയുമായി ഓടിപ്പോകുന്നത് കണ്ടു. 49 -കാരനായ മാർക്കോവ് എന്നയാളായിരുന്നു അത്. ബൾഗേറിയയിലെ അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ എതിരാളിയായിരുന്ന മാർക്കോവ് നാല് ദിവസത്തിന് ശേഷം മരിച്ചു. റിസിൻ എന്ന വിഷം കുട ഉപയോഗിച്ച് ജോര്‍ജ്ജി മാര്‍ക്കോവിന്‍റെ തുടയിൽ കുത്തിവച്ചതായി ഉദ്യോഗസ്ഥർ പിന്നീട് കണ്ടെത്തി. ഏറ്റവും കുപ്രസിദ്ധമായ  ഈ കൊലപാതകത്തിൽ ആരെയും കുറ്റം ചുമത്തിയില്ല, എന്നാൽ മാർക്കോവിന് തന്നെ ആക്രമിച്ചതിൽ റഷ്യൻ സർക്കാരിന് പങ്കുണ്ടെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ഡോക്ടമാർ പറഞ്ഞു.

കോടാലിയേന്തിയ കരടി

സ്വിറ്റ്സർലൻഡിന്‍റെ യുദ്ധകാലത്തെ പ്രമുഖനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു യോർഗ് ജെനാറ്റ്ഷ്. 1639 -ൽ ചുറിലെ ഒരു ഹോസ്റ്റലിൽ വെച്ച് ജെനാറ്റ്ഷ് മരിച്ചു. ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും അപ്പുറം അദ്ദേഹത്തിനെ അവിസ്മരണീയനാക്കിയത് ആ മരണമാണ്. നഗരത്തിലെ ഒരു പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു ജെനാറ്റ്ഷന്‍റെ  അടുത്തേക്ക് ഒരു സംഘം വന്നു. അവരുടെ നേതാവ് കരടിയായി വസ്ത്രം ധരിച്ചിരുന്നു. കരടിയെ തിരിച്ചറിയും മുൻപേ അത് ജെനാറ്റ്ഷിനെ കോടാലി ഉപയോഗിച്ച് കൊല്ലുകയായിരുന്നു.

മഞ്ഞുകട്ട

റഷ്യൻ വിപ്ലവകാരിയായ ലിയോൺ ട്രോട്‌സ്‍കിയുടെ മരണം 1940 -ൽ ഒരു മഞ്ഞുകട്ട കൊണ്ടായിരുന്നു. ട്രോട്‌സ്‌കി ഉയർന്ന രക്തസമ്മർദ്ദം ബാധിച്ച് അവശനായി അദ്ദേഹത്തിന്‍റെ കിടപ്പുമുറിയിൽ ശയിക്കുകയായിരുന്നു. ആരാധകനായി  നടിച്ച് ഒരാൾ ഇടത് കയ്യിൽ റെയിൻകോട്ടുമായി വീട്ടിലെത്തി. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ റെയിൻകോട്ടിൽ നിന്ന് ഒരു വലിയ ഐസ് കട്ട  പുറത്തെടുത്ത് ട്രോട്‍സ്‍കിയുടെ തലയിൽ ഇടിച്ചു. രക്തത്തിൽ കുളിച്ച ട്രോട്‍സ്‍കിയെ ആശുപത്രിയിയിൽ എത്തിച്ചു. പിറ്റേന്ന് രാത്രി അദ്ദേഹം മരിച്ചു. ഈ കൊലപാതകത്തിൽ റഷ്യൻ സർക്കാരിന് പങ്കുണ്ടെന്നു പറയപ്പെടുന്നു.

ചരിത്രത്തിൽ ഇങ്ങനെ വിജയിച്ച കൊലപാതക മാർഗ്ഗങ്ങൾ മാത്രമല്ല പരാജയപ്പെട്ട ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. അമേരിക്കയുടെ സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി ഫിഡൽ കാസ്‌ട്രോയെ കൊലപ്പെടുത്താൻ പല നൂതന മാര്‍ഗങ്ങളും അവലംബിച്ചിരുന്നു. പക്ഷേ, അവയെല്ലാം പരാജയപ്പെടുകയായിരുന്നു. വിഷം നിറച്ച സിഗാർ, പൊട്ടിത്തെറിക്കുന്ന സീഷെൽ, വിഷം തളിച്ച ഷൂസ് എന്നിങ്ങന്നെ പരാജപ്പെട്ട അനേകം മാർഗ്ഗങ്ങൾ. എത്ര ശ്രദ്ധിച്ചു ചെയുന്ന പദ്ധതികളും പാളിപ്പോകാം. പക്ഷേ, ലോക ചരിത്രത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്കുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കുമെന്ന് കൂടിയാണ് ചരിത്രം പറയുന്നത്.