പൈലറ്റ് ലൈസൻസ് നേടിയ ശേഷം, മകൾ 2017 -ൽ സൗത്ത് വെസ്റ്റ് എയർലൈൻസിൽ ഇന്റേൺഷിപ്പിന് ചേർന്നു. അതിനുശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇത് തനിക്കൊരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ക്യാപ്റ്റൻ ഹോളി പറഞ്ഞു.
യുഎസ്സിൽ ഒരമ്മയും മകളും ഒരുമിച്ച് വിമാനം പറത്തിയതിന്റെ ഹൃദയസ്പർശിയായ ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലാവുകയാണ്. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ 55 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു അമ്മയും മകളും ഒരുമിച്ച് ഒരേ വിമാനം പറത്തുന്നത്. ക്യാപ്റ്റൻ ഹോളി പെറ്റിറ്റും ഫസ്റ്റ് ഓഫീസർ കീലി പെറ്റിറ്റുമാണ് ഈ അതുല്യമായ നേട്ടം കൈവരിച്ചത്. ജൂലൈ 23 -ന് ഡെൻവറിൽ നിന്ന് സെന്റ് ലൂയിസിലേക്കുള്ള 3658 നമ്പർ വിമാനത്തിലാണ് ഹോളിയും കീലിയും ഒരുമിച്ച് പറന്നത്.
'നൗ ദിസ് ഓൺ' അവരുടെ ട്വിറ്ററിൽ ഇതിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിപ്പോൾ വൈറലാണ്. വിമാനത്തിലെ യാത്രക്കാരെ ഹോളി പെറ്റിറ്റ് സ്വാഗതം ചെയ്യുകയും ഈ ചരിത്ര നേട്ടം അവരോട് വെളിപ്പെടുത്തുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. “ഇവിടെ വന്നതിന് എല്ലാവർക്കും നന്ദി. ഇത് ഞങ്ങൾക്കും സൗത്ത് വെസ്റ്റ് എയർലൈൻസിനും വളരെ ആവേശകരമായ ഒരു ദിവസമാണ്, വളരെ വിശേഷപ്പെട്ട ദിവസമാണ്. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് ഡെക്കിലെ ആദ്യത്തെ അമ്മയും മകളുമാണ് ഞങ്ങൾ" ഹോളി പെറ്റിറ്റ് യാത്രക്കാരോട് പറഞ്ഞു.
വിമാനം പുറപ്പെടുന്നതിന് മുമ്പ്, ക്യാപ്റ്റൻ ഹോളി തന്റെ മകളെ യാത്രക്കാർക്ക് പരിചയപ്പെടുത്തുന്നത് യാത്രക്കാരിൽ ഒരാളാണ് ക്യാമറയിൽ പകർത്തിയത്. ഈ നിമിഷം 'ഗുഡ് മോർണിംഗ് അമേരിക്ക' വീഡിയോ വഴിയും സംപ്രേഷണം ചെയ്തിട്ടുണ്ട്. വീഡിയോയിൽ അമ്മയും മകളും ഒരു പഴയ ചിത്രവും പങ്കുവച്ചു.
വീഡിയോയിൽ പറയുന്നതനുസരിച്ച്, കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം വ്യോമയാന വിഭാഗത്തിൽ ജോലി ചെയ്യുകയാണ് ഹോളി. ആദ്യം ഫ്ലൈറ്റ് അറ്റൻഡന്റായി തുടങ്ങിയ ഹോളി പിന്നീട് വിമാനം പറത്താൻ ആഗ്രഹിച്ചു. തുടർന്ന്, ഫ്ലൈയിംഗ് ക്ലാസുകളിൽ ചേർന്ന് പഠിച്ചു. ഒരു വീട്ടമ്മയായി കുടുംബം നോക്കുന്നതിനിടയിലാണ് അവർ സർട്ടിഫിക്കറ്റുകൾ നേടിയത്. കഴിഞ്ഞ 18 വർഷമായി അവർ സൗത്ത് വെസ്റ്റേൺ എയർലൈൻസിലാണ് ജോലി നോക്കുന്നത്. കീലിയും അമ്മയുടെ പാത തന്നെ പിന്തുടർന്നു. 14 വയസ്സായപ്പോൾ മുതൽ അമ്മയെ പോലെ വിമാനം പറത്താൻ അവൾ ആഗ്രഹിച്ചിരുന്നു.
പൈലറ്റ് ലൈസൻസ് നേടിയ ശേഷം, മകൾ 2017 -ൽ സൗത്ത് വെസ്റ്റ് എയർലൈൻസിൽ ഇന്റേൺഷിപ്പിന് ചേർന്നു. അതിനുശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇത് തനിക്കൊരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ക്യാപ്റ്റൻ ഹോളി പറഞ്ഞു. തനിക്ക് പറക്കാൻ ഒരുപാട് ഇഷ്ടമാണ് എന്നും ഇപ്പോഴിതാ മകളും തന്റെ പാത പിന്തുടരുന്നുവെന്നും അവർ പറഞ്ഞു. "സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് ഡെക്കിൽ സഹ പൈലറ്റുമാരായി ഈ അമ്മയും മകളും ചരിത്രം സൃഷ്ടിച്ചു" എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇരുവരും ഇനി എപ്പോൾ ഒരുമിച്ച് വീണ്ടും പറക്കുമെന്നത് അറിയില്ലെങ്കിലും, അവർ അതിനായുള്ള കാത്തിരിപ്പിലാണ്. അതിനനുസരിച്ച് അവരുടെ ഷെഡ്യൂളുകൾ ഒരുപോലെയാക്കാനും അവർ ശ്രമിക്കുന്നു.
