എല്ലാ വിശേഷാവസരങ്ങളിലും അമ്മ തന്നെയാണ് മകന്റെ പ്രതിമ വൃത്തിയാക്കുന്നത്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ അമ്മ മകന്റെ സ്മാരകം വെള്ള പൂശി.  

പോലീസ് കോണ്‍സ്റ്റബിള്‍ ബേസില്‍ ടോപ്പോ നക്സല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ചിട്ട് പത്തുവര്‍ഷത്തിലേറെയായി. രക്തസാക്ഷിയായ മകനെ ഗ്രാമം എന്നും ഓര്‍ക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. അതിനായി മകന്റെ ഒരു സ്മാരകം തന്നെ ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുകയാണ് ആ അമ്മ. 

മകനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ആ അമ്മയുടെ പേര് സഫിയാന. ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലെ പെര്‍വ ആറ ഗ്രാമത്തിലാണ് ബേസിലിന്റെ പ്രതിമയുള്ളത്. ഇപ്പോള്‍ നാട്ടുകാര്‍ ആ പ്രതിമയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കാന്‍ എത്തുന്നു.

എല്ലാ വിശേഷാവസരങ്ങളിലും അമ്മ തന്നെയാണ് മകന്റെ പ്രതിമ വൃത്തിയാക്കുന്നത്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ അമ്മ മകന്റെ സ്മാരകം വെള്ള പൂശി. 'രക്തസാക്ഷികള്‍ ഒരിക്കലും മരിക്കില്ല, അവര്‍ ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. ഞങ്ങളുടെ ധീരനായ മകന്‍ എല്ലാകാലവും ഓര്‍മ്മിക്കപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അതിനാല്‍ അവന്റെ സ്മാരകം ഞങ്ങളുടെ വീടിന് മുന്നില്‍ നിര്‍മ്മിക്കുകയും അവന്റെ വലുപ്പത്തിലുള്ള ഒരു പ്രതിമ സ്ഥാപിക്കുകയും ചെയ്തു, ''-ബേസിലിന്റെ പിതാവ് നിര്‍മല്‍ ടോപ്പോ പറഞ്ഞു.

2007 -ല്‍ 26 വയസ്സുള്ളപ്പോഴാണ് ബേസില്‍ ഛത്തീസ്ഗഢ് പോലീസ് സേനയില്‍ ചേരുന്നത്. സര്‍വീസില്‍ ചേര്‍ന്ന് നാല് വര്‍ഷത്തിന് ശേഷം അദ്ദേഹം രക്തസാക്ഷിയായി. ബീജാപൂര്‍ ജില്ലയിലെ ഭോപ്പാല്‍പട്ടണം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഭദ്രകാളി പോലീസ് ക്യാമ്പിലാണ് ബേസില്‍ ജോലി ചെയ്തിരുന്നത്. 2011 ഓഗസ്റ്റ് 19 -ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ക്യാമ്പിലേക്ക് പോകുമ്പോള്‍ മാവോയിസ്റ്റുകള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ബേസിലിന്റെ ശരീരത്തില്‍ മൂന്നോ നാലോ വെടിയേറ്റു. മാരകമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 11 പോലീസുകാരില്‍ ഒരാളായി ബേസില്‍.

മരണത്തെ തുടര്‍ന്ന്, ബേസിലിന്റെ ഓര്‍മ്മക്കായി ഒരു സ്മാരകം നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം ആഗ്രഹിച്ചു. പക്ഷെ അവരുടെ അധികാരികള്‍ അവരുടെ അപേക്ഷകള്‍ പരിഗണിച്ചില്ല. ഒടുവില്‍ മകന്റെ സ്മാരകം പണിയാന്‍ ആ കുടുംബം തന്നെ സ്വയം മുന്നോട്ട് വന്നു. 2012-ല്‍ വീടിന് മുന്നിലുണ്ടായിരുന്നു ഭൂമി ബേസിലിന്റെ കുടുംബം വാങ്ങി. തുടര്‍ന്ന് മകന്റെ ജീവസ്സുറ്റ പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു.

കൊല്‍ക്കത്തയിലാണ് പ്രതിമ നിര്‍മ്മിച്ചത്. അയല്‍ സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ചേര്‍ന്നാണ് സ്മാരകം നിര്‍മ്മിച്ചത്. ഇന്ന് ബേസിലിന്റെ അമ്മ തന്റെ പ്രിയപ്പെട്ട മകനെ കാണാന്‍ മുടങ്ങാതെ സ്മാരകം സന്ദര്‍ശിക്കുന്നു. മകന്‍ ഇപ്പോഴും തന്റെ കൂടെയുണ്ടെന്ന് ആ അമ്മ വിശ്വസിക്കുന്നു.

ഗ്രാമത്തിലുള്ളവരും അദ്ദേഹത്തെ ഓര്‍ക്കുന്നു. അവര്‍ക്കെല്ലാം അവനെയോര്‍ത്ത് അഭിമാനമാണ്. സ്മാരകത്തിന് മുന്നില്‍ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ അവര്‍ നടത്തുന്നു. കൂടാതെ ആളുകള്‍ പ്രധാന ദിവസങ്ങളില്‍ ആദരവ് അര്‍പ്പിക്കാന്‍ അവിടെ എത്തുന്നു. രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും പ്രതിമയില്‍ രാഖി കെട്ടുന്നു. എല്ലാ വര്‍ഷവും ദീപാവലി സമയത്ത് സ്മാരകത്തിന് ചുറ്റും ഗ്രാമീണര്‍ തിരികള്‍ കത്തിക്കുന്നു, ക്രിസ്മസിന് കേക്ക് മുറിക്കുന്നു.

ഇത് കൂടാതെ, എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഫുട്‌ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ പോലുള്ള കായിക മത്സരങ്ങളും ഗ്രാമീണര്‍ സംഘടിപ്പിക്കുന്നു. രക്തസാക്ഷിയുടെ അമ്മയും എല്ലാ ഉത്സവങ്ങളിലും പ്രത്യേക അവസരങ്ങളിലും അദ്ദേഹത്തിന്റെ സ്മാരകം വൃത്തിയാക്കുന്നു.