'വൃക്ഷമാതാവ്' എന്ന് ലോകം വിളിച്ച പരിസ്ഥിതിയെ അത്രമേൽ സ്നേഹിച്ച സാലുമരട തിമ്മക്ക, 114-ാം വയസിൽ യാത്രയായെങ്കിലും അവർ നഗര ഹൃദയത്തിൽ നട്ടുവളർത്തി പരിപാലിച്ച ആ 385 'മക്കളും' അവരുടെ സ്നേഹത്തിന്‍റെ കഥ എക്കാലവും വിളിച്ചുപറയും

ബംഗളൂരുവിന്റെ ഹൃദയഭാഗത്ത്, ഒരു അമ്മയുടെ സ്നേഹം എന്നേന്നേക്കുമായി പച്ചത്തുരുത്തുകളായി നിലകൊള്ളുകയാണ്. 'വൃക്ഷമാതാവ്' എന്ന് ലോകം വിളിച്ച പരിസ്ഥിതിയെ അത്രമേൽ സ്നേഹിച്ച സാലുമരട തിമ്മക്ക, 114-ാം വയസിൽ യാത്രയായെങ്കിലും അവർ നഗര ഹൃദയത്തിൽ നട്ടുവളർത്തി പരിപാലിച്ച ആ 385 'മക്കളും' അവരുടെ സ്നേഹത്തിന്‍റെ കഥ എക്കാലവും വിളിച്ചുപറയും. മക്കളില്ലാത്തതിന്‍റെ ദുഃഖം മറക്കാനായി മരങ്ങളെ സ്വന്തം മക്കളെപ്പോലെ വളർത്തി, മനുഷ്യർക്ക് തണലേകിയ ആ 'അമ്മ' കഴിഞ്ഞ ദിവസമാണ് ജീവിതത്തിൽ നിന്ന് വിടപറഞ്ഞത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന സാലുമരട തിമ്മക്ക ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യ ശ്വാസം വലിച്ചത്. ബംഗളൂരു നഗരത്തിലെ മനുഷ്യർക്ക് ശ്വസിക്കാൻ നല്ല വായു പ്രദാനം ചെയ്ത ശേഷമായിരുന്നു ആ വിടവാങ്ങൽ.

തിമ്മക്കയുടെ ജീവിതം

1911 ജൂൺ 30 ന് കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് തിമ്മക്ക ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസമൊന്നും അവർ നേടിയിരുന്നല്ല. ഗ്രാമത്തിലെ ക്വാറിയിലെ കഠിനാധ്വാനിയായ തൊഴിലാളിയായിരുന്നു അവർ. രാമനഗര ജില്ലയിലെ ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയെ വിവാഹം കഴിച്ചു. എന്നാൽ സന്താനങ്ങളില്ലാത്ത വേദന, ജീവിതത്തെ ഇരുളടഞ്ഞതാക്കി. ആ ഏകാന്തതയെ മറികടക്കാനായിരുന്നു അവർ വഴിയോരങ്ങളിൽ ആൽമരത്തൈകൾ നട്ട് തുടങ്ങിയത്. അവയെ സ്വന്തം മക്കളെപ്പോലെ തഴുകി, നനച്ചു, പരിപാലിച്ചു. അങ്ങനെ 'വൃക്ഷമാതാവ്' ജന്മമെടുത്തു. മരങ്ങളുടെ നിരയെന്നർഥമുള്ള 'ശാലുമരദ' എന്ന സ്നേഹനാമത്തിലാണ് തിമ്മക്ക അറിയപ്പെട്ടത്.

385 മക്കൾ

ബംഗളൂരുവിലെ ഹുലിക്കൽ മുതൽ കുഡുർ വരെയുള്ള 45 കിലോമീറ്റർ ഹൈവേയോരത്ത്, 385 പേരാലുകൾ തിമ്മക്കയുടെ കരങ്ങളാൽ പിറന്നു. ആദ്യം ആൽമരങ്ങളിൽ നിന്ന് തൈകൾ ഉണ്ടാക്കി. കുഡുർ ഗ്രാമത്തിൽ അഞ്ച് കിലോമീറ്റർ അകലത്തിൽ നട്ടു. ആദ്യ വർഷം പത്ത്, പിന്നീട് പതിനഞ്ച്, ഇരുപത്... എന്നിങ്ങനെ അവർ ആൽമര തൈകൾ നട്ട് വളർത്തി പരിപാലിച്ചു. തൈകൾക്ക് വെള്ളം നനക്കാൻ സ്വന്തം കൈകളാൽ സംഭരണികൾ ഉണ്ടാക്കിയും തിമ്മക്ക ശ്രദ്ധനേടി. ആ നഗരത്തിലുള്ളവർ ഉപേക്ഷിച്ച വസ്തുക്കൾ ഉപയോഗിച്ചായിരുന്നു നട്ടുവളർത്തിയ 'മക്കൾ'ക്ക് അവർ സംരക്ഷണ വേലികൾ തീർത്തത്. ആ മരങ്ങൾ ഇന്ന് നഗരമധ്യത്തിൽ തണലേകി നിൽക്കുമ്പോൾ, ആ അമ്മയുടെ അനശ്വര സ്നേഹത്തിന്‍റെ കഥ കൂടിയാണ് അവിടെ വളരുന്നത്. ആകെ എണ്ണായിരത്തിലധികം മരങ്ങൾ തിമ്മക്ക നട്ടിട്ടുണ്ട്. 91 -ാം വയസിൽ ഭർത്താവ് തിമ്മക്കയെ ജീവിതത്തിൽ ഒറ്റക്കാക്കി മടങ്ങിയെങ്കിലും അവർ നടന്ന മരങ്ങൾ അവരെ ഒറ്റക്കാക്കിയില്ല.

സർക്കാരിനെ തിരുത്തിയ തിമ്മക്ക