മാനോ അതോ എലിയോ? കണ്ടാല്‍ ആകെ അങ്കലാപ്പിലാവുന്ന ഈ മൃഗം പക്ഷേ, കാണാനൊരു സുന്ദരനാണ്. വംശനാശം വന്നു എന്ന് ഭയപ്പെട്ടിരുന്ന സിൽവെർബക്ക്ഡ് ഷെവർട്ടൈന്‍ ആണ് ഇത്. ഷെവര്‍ട്ടൈനെ ക്യാമറകണ്ണുകൾ ഒപ്പിയെടുത്തപ്പോള്‍ ശാസ്ത്രത്തിന് വലിയൊരു പ്രതീക്ഷയും കൈവന്നു.

ശാസ്ത്രത്തിന് നഷ്ടപ്പെട്ടു എന്നുതന്നെ ഭയപ്പെട്ടിരുന്ന അപൂർവയിനമാണ്, ഇരുനിറമാർന്ന ഈ 'മൗസ് മാന്‍.' വിയറ്റ്നാം വനത്തിൽ സ്ഥാപിച്ച ക്യാമറലെൻസുകളാണ്  ഇരയെത്തേടുന്നതിനിടയിൽ ഷെവര്‍ട്ടൈനെ പിടിച്ചെടുത്തത്. വെള്ളി മുതുകുള്ള ഷെവർട്ടൈൻ എന്നറിയപ്പെടുന്ന മുയലിന്റെ വലുപ്പമുള്ള മൃഗത്തിന്റെ ചിത്രങ്ങൾ ആദ്യമായാണ് കാട്ടിൽ വച്ച് എടുക്കുന്നത്, 30 വർഷം മുമ്പാണ് അവസാനമായി ഈ മൃഗത്തെ കണ്ടിട്ടുള്ളത്.

"ഞങ്ങൾക്ക് എന്ത് പ്രതീക്ഷിക്കണമെന്ന് അറിയില്ലായിരുന്നു, അതിനാൽ ഞങ്ങൾ ക്യാമറകൾ പരിശോധിക്കുകയും വെള്ളി മുതുകുള്ള ഷെവർട്ടന്റെ ചിത്രങ്ങൾ കണ്ടപ്പോൾ അതിശയിക്കുകയും സന്തോഷിക്കുകയും ചെയ്തു.'' എന്നാണ് ഗ്ലോബൽ വൈൽഡ്‌ലൈഫ് കൺസർവേഷൻ (ജിഡബ്ല്യുസി) ശാസ്ത്രജ്ഞനും പര്യവേഷണ ടീം നേതാവുമായ എൻഗുയിൻ പറഞ്ഞത്. "ഇപ്പോഴും അതവിടെ ഉണ്ട് എന്ന വസ്തുത അതിനെ നഷ്ടപെട്ടിട്ടില്ലെന്നതിന്റെ ആദ്യപടിയാണ്. അതിനെ എങ്ങനെ മികച്ച രീതിയിൽ പരിരക്ഷിക്കാമെന്നു ഞങ്ങൾ ചിന്തിക്കുകയാണ്." എന്നും അദ്ദേഹം പറഞ്ഞു.

വെള്ളി മുതുകുകളാണിവയ്ക്ക്. തവിട്ടുനിറമുള്ള തലയ്ക്കും കഴുത്തിനും മുൻകാലുകൾക്കും ഇടയിൽ വെള്ളി-ചാരനിറത്തിലുള്ള ശരീരവും പിന്‍കാലുകൾക്കു താഴെ വെളുത്തതും ചാരനിറത്തിലുള്ളതുമായ അടിഭാഗവും കാണാം. പുള്ളിപ്പുലികൾ, കാട്ടുനായ്ക്കൾ, മലമ്പാമ്പുകൾ എന്നിവക്ക് ഇരയാകാകന്നതോടൊപ്പം തന്നെ വേട്ടക്കാർ വച്ചിരിക്കുന്ന കെണിയും ഈ ജീവിവർഗങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ ഭയപ്പെടുന്നു. മൗസ് മാന്‍ എന്ന പേരിലാണറിയപ്പെടുന്നതെങ്കിലും അവ എലികളോ മാനുകളോ അല്ല, മറിച്ച് ഏറ്റവും ചെറിയൊരു കുളമ്പുമൃഗമാണ്. വിയറ്റ്നാം പ്രവിശ്യകളിലെ ഗ്രാമീണരോടും സർക്കാർ ഫോറസ്റ്റ് റേഞ്ചര്‍മാരോടും വിവരങ്ങളന്വേഷിച്ച ശേഷമാണ് സംഘം തിരച്ചിൽ ആരംഭിച്ചത്. അന്വേഷണത്തില്‍ ചാരനിറത്തിലുള്ള ഷെവർട്ടൈനുകളെ കണ്ടതായി ചിലർ ഓര്‍മ്മിച്ചു. ഈ ഇനം കാട്ടിൽ ഉണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞർ തെക്കൻ വിയറ്റ്നാമിലെ ഒരു താഴ്ന്ന പ്രദേശത്തെ വനത്തിൽ മൂന്ന് ക്യാമറകൾ സ്ഥാപിച്ചു. അഞ്ച് മാസത്തിനിടെ അവർ മൃഗത്തിന്റെ 275 ഫോട്ടോകൾ പകർത്തി. നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷനിൽ പ്രസിദ്ധികരിച്ചിട്ടുള്ള കണ്ടെത്തലുകൾ അവശേഷിക്കുന്നവയെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിന് ആക്കംകൂട്ടുന്നതാണ് ഏതായാലും. കെണി വെക്കുന്നത് തടയുന്നതിലൂടെ വെള്ളി-മുതുകുള്ള ഷെവർട്ടിനെ മാത്രമല്ല, ഗ്രേറ്റർ അന്നാമൈറ്റ്സ് ഇക്കോറെജിയനിൽ മാത്രം കാണപ്പെടുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ അനവധി ജീവജാലങ്ങളെ സംരക്ഷിക്കാനാകുമെന്ന് GWC ടീം അംഗം ആൻഡ്രൂ ടിൽക്കർ പറഞ്ഞു. 

വെള്ളി മുതുകുള്ള ഷെവർട്ടന്റെ കണ്ടെത്തൽ ശാസ്ത്രത്തിന് നഷ്ടപ്പെട്ടതായി കരുതപ്പെടുന്ന മറ്റ് ജീവികളെ ഇനിയും കാട്ടിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഉയർത്തുന്നതാണ്. അതിനായി പ്രദേശത്തുള്ളവരുമായിച്ചേര്‍ന്നുള്ള പ്രവര്‍ത്തനം നടത്താനാണ് ആലോചിക്കുന്നത്. "നഷ്ടപ്പെട്ടു എന്നുകരുതുന്ന ജീവിവര്‍ഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഇവിടുത്തെ പ്രാദേശിക സമുദായങ്ങളുമായുള്ള കൂട്ടായ പ്രവർത്തനം. ഞങ്ങൾ വെള്ളി മുതുകുള്ള ഷെവർട്ടൈനെ കണ്ടെത്താനായി ചെയ്തതുപോലെ അടിത്തട്ടിലേക്ക് ഇറങ്ങിയുള്ള അന്വേഷണങ്ങൾ കൂടുതൽ ഫലം കാണും.'' ടിൽക്കർ പറഞ്ഞു.

ഈ പ്രാദേശിക പാരിസ്ഥിതിക പരിജ്ഞാനം ഉൾപ്പെടുത്തുന്നത് തങ്ങളുടെ ജോലിയെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു, മാത്രമല്ല ഈ തന്ത്രം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ മറ്റ് ജീവജാലങ്ങളിലും പ്രയോജനകരമാകുമെന്നു തെളിയുന്നുവെന്നും അദ്ദേഹം പറയുന്നു.