ഐഐഎം-ൽ നിന്ന് എംബിഎ പൂർത്തിയാക്കിയ സ്വാതി എന്ന യുവതിക്ക് പങ്കുവച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജോലിയിൽ പ്രവേശിക്കാനായി 75,000 രൂപ മുടക്കി ഡൽഹിയിലെത്തിയപ്പോള്‍ ഓഫീസില്ലെന്ന സത്യമറിഞ്ഞ് യുവതി ആകെ തകര്‍ന്നുപോവുകയായിരുന്നു. 

ബോധ് ഗയയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ സ്വാതി എന്ന യുവതിയുടെ ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ജോലി കിട്ടിയതിന്റെ പശ്ചാത്തലത്തിൽ ഡെൽഹിയിലെത്തിയപ്പോഴാണ് അവിടെ അങ്ങനെ ഒരു ഓഫീസ് പോലുമില്ലെന്ന് സ്വാതിക്ക് മനസിലായത്. സാമ്പത്തികമായും മാനസികമായും ഇത് തന്നെ തകർത്തുവെന്നും സ്വാതി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

'പിഐബി ഇൻഷുറൻസ് ബ്രോക്കേഴ്സ്' എന്ന കമ്പനിയിൽ നിന്നും ഓഫർ ലെറ്ററും ജോലിയിൽ പ്രവേശിക്കേണ്ട തീയതിയും ലഭിച്ചതിനെ തുടർന്നാണ് സ്വാതി ഡൽഹിയിലേക്ക് മാറിയത്. പുതിയ നഗരത്തിൽ താമസ സൗകര്യം കണ്ടെത്തുന്നതിനും യാത്രയ്ക്കുമായി 75,000 രൂപയോളം ഇവർക്ക് ചിലവഴിക്കേണ്ടി വന്നു. മെയ് 4-ന് ജോലിയിൽ പ്രവേശിക്കാനായി കമ്പനി നൽകിയ വിലാസത്തിൽ എത്തിയപ്പോഴാണ് അവിടെ കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് മനസിലാവുന്നത്. രണ്ടു മണിക്കൂറിലധികം ഓഫീസിന് മുന്നിൽ കാത്തുനിന്ന സ്വാതി കമ്പനി പ്രതിനിധികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആ കെട്ടിടത്തിന്റെ ലീസ് കാലാവധി കഴിഞ്ഞതാണെന്ന് വ്യക്തമായത്.

എന്നാൽ, ഇതിനുശേഷവും ജീവനക്കാരുടെ ഐഡി കാർഡ് തയ്യാറാക്കുകയാണെന്നും, താല്ക്കാലികമായി 'വർക്ക് ഫ്രം ഹോം' നൽകാമെന്നും പറഞ്ഞ് കമ്പനി ഇവരെ വിശ്വസിപ്പിച്ചു. ആഴ്ചകളോളം ജോയിനിങ് തീയതി നീട്ടിക്കൊണ്ടുപോയ കമ്പനി ഒടുവിൽ ജൂലൈ മാസം വരെയെങ്കിലും കാത്തിരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡെൽഹിയിലെ താമസച്ചെലവുകൾക്കായി തന്റെ സമ്പാദ്യം മുഴുവൻ തീർന്നതോടെ, യാത്രയ്ക്കായി ചിലവായ തുക തിരികെ നൽകണമെന്ന് സ്വാതി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് പിന്നാലെ കമ്പനിയുടെ സിഇഒ സ്വാതിയുടെ ഫോൺ നമ്പറുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുകയായിരുന്നു എന്ന് പോസ്റ്റിൽ ആരോപിക്കുന്നു.

Scroll to load tweet…

സ്വാതിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും, ഇതിന്റെ സ്ക്രീൻഷോട്ടുകൾ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരിയറിന്റെ തുടക്കത്തിൽ ഒരു പുതിയ നഗരത്തിൽ ഒറ്റയ്ക്ക് വന്ന് ഇത്തരമൊരു ചതിക്കൂട്ടിൽ അകപ്പെട്ടത് തന്നെ മാനസികമായി തളർത്തിയെന്ന് സ്വാതി പറയുന്നു. യുവതിയുടെ പോസ്റ്റ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് കമ്പനിക്കെതിരെ ഉയരുന്നത്. സമാനമായ രീതിയിൽ പെരുമാറുന്ന വേറെയും കമ്പനികളുണ്ട് എന്നും പലരും കമന്റിൽ വെളിപ്പെടുത്തി.