'വൈ ഡോണ്ട് വി' താരം ജാക് അവേരിയെ വധിക്കാൻ ഡാർക്ക് വെബ് വഴി വാടകക്കൊലയാളിയെ ഏർപ്പെടുത്താൻ ശ്രമിച്ച ഇൻഫ്ലുവൻസർ അറസ്റ്റില്‍. ഗബ്രിയേല ഗോൺസാലസ്, പിതാവ്, മുന്‍ കാമുകന്‍ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് കൊലപാതകശ്രമം പൊളിച്ചത് ഇങ്ങനെ. 

പ്രശസ്ത ബോയ് ബാൻഡ് ഗ്രൂപ്പായ 'വൈ ഡോണ്ട് വി' താരം ജാക് അവേരിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻ കാമുകിയും പിതാവും, മുൻ കാമുകനും അറസ്റ്റിൽ. വടക്കൻ കരോലിന സ്വദേശിയും ഇൻഫ്ലുവൻസറുമായ ഗബ്രിയേല ഗോൺസാലസ് (ഗാബി -24), പിതാവ് ഫ്രാൻസിസ്കോ ഗോൺസാലസ് (59), മുൻ കാമുകൻ കൈ ഫാരൻ കോർഡ്രെ (26) എന്നിവരാണ് കേസിലെ പ്രതികൾ. ജാക് അവേരിയെ വധിക്കാൻ ഇവർ ഡാർക്ക് വെബ് വഴി കൊലയാളിയെ വാടകയ്‌ക്കെടുക്കാൻ ശ്രമിച്ചതായാണ് കേസ്. ജാക് അവേരിയും ഗാബിയും തമ്മിലുള്ള ബന്ധത്തിൽ 7 വയസ്സുള്ള ഒരു മകളുണ്ട്. മകളുടെ കസ്റ്റഡിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കെണിയൊരുക്കി പൊലീസ്

എന്നാൽ, ഡാർക്ക് വെബിലൂടെ കൊലയാളിയെ തിരഞ്ഞിറങ്ങിയ പ്രതികൾക്ക് പിഴച്ചു. ഇവർ ചെന്നെത്തിയത് ഒരു പൊലീസ് ഏജന്റിന്റെ മുന്നിലായിരുന്നു. വാടകക്കൊലയാളി എന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെട്ട പൊലീസ്, കൊലപാതകം നടത്തുന്നതിനുള്ള തുക, സമയം, കൊലപ്പെടുത്തിയെന്നതിനുള്ള തെളിവ് എന്നിവയെക്കുറിച്ചെല്ലാം കൈ ഫാരൻ കോർഡ്രെയുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് നടത്തിയ പഴുതടച്ച നീക്കത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

കൊലപാതകം നടത്തുന്നതിനായി ഫ്രാൻസിസ്കോ ഗോൺസാലസ് രണ്ട് തവണകളായി 14,000 ഡോളർ കോർഡ്രെയ്ക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി. 2020-നും 2021-നും ഇടയിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ഫ്ലോറിഡയിൽ നിന്ന് അറസ്റ്റ് ചെയ്ത ഫ്രാൻസിസ്കോ ഗോൺസാലസിനെ പിന്നീട് ലോസ് ആഞ്ചലസിലേക്ക് മാറ്റി. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ആരാണ് ഗബ്രിയേല ഗോൺസാലസ്?

ഫാഷൻ, ലൈഫ് സ്റ്റൈൽ രംഗങ്ങളിൽ സജീവമായ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഗാബി ഗോൺസാലസ്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇവർക്ക് 4.69 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. പ്രമുഖ സംഗീതജ്ഞൻ ജാക് അവേരിയുമായുള്ള പ്രണയത്തിലൂടെയാണ് ഗാബി കൂടുതൽ ജനശ്രദ്ധ നേടുന്നത്.

2018 ഫെബ്രുവരി മുതൽ 2019 പകുതി വരെയായിരുന്നു ജാക്കും ഗാബിയും ഒന്നിച്ച് ജീവിച്ചിരുന്നത്. 2019 ഏപ്രിലിൽ ഇവർക്കൊരു പെൺകുഞ്ഞ് ജനിച്ചു. എന്നാൽ മാസങ്ങൾക്കകം ഇവർ വേർപിരിഞ്ഞു. തുടർന്ന് മകളുടെ കസ്റ്റഡിക്കായി ഇരുവരും തമ്മിൽ കോടതിയിൽ ദീർഘകാലമായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഈ തർക്കങ്ങൾക്കിടയിലാണ് 2021-ന്റെ തുടക്കത്തിൽ ജാക് അവേരിയെ വധിക്കാനുള്ള ഗൂഢാലോചന പ്രതികൾ ആസൂത്രണം ചെയ്തതത്രെ.

നിലവിൽ കുഞ്ഞിന്റെ കസ്റ്റഡി ആർക്കാണെന്നതിൽ വ്യക്തതയില്ലെങ്കിലും, ഗാബി ഗോൺസാലസ് തന്റെ മകളോടൊപ്പമുള്ള ചിത്രങ്ങൾ നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.