പൊലീസ് സ്‌നേഹത്തോടെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ആ 12 വയസ്സുകാരി ഞെട്ടിക്കുന്ന ആ രഹസ്യം തുറന്നു പറഞ്ഞു. Photo: Representational Image


വീട്ടില്‍നിന്നും ലക്ഷക്കണക്കിന് രൂപയും ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങളും കളവു പോകാന്‍ തുടങ്ങിയപ്പോള്‍ ആരും അറിഞ്ഞില്ല, അതിനു പിന്നില്‍ ഞെട്ടിക്കുന്ന ഒരു കഥയുണ്ടെന്ന്. എന്നാല്‍, പൊലീസ് സംഭവത്തില്‍ ഇടപെടുകയും അന്വേഷണം നടത്തുകയും ചെയ്തതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന ലൈംഗിക ചൂഷണത്തിന്റെയും ബ്ലാക്ക്‌മെയിലിംഗിന്റെയും കഥയാണ്. 

മുംബൈയിലാണ് സംഭവം നടന്നത്. കോടീശ്വരനായ ഒരു ബിസിനസുകാരന്റെ വീട്ടിലാണ് ഈയടുത്തായി അടിക്കടി മോഷണം നടന്നത്. ആദ്യം മൂന്ന് ലക്ഷം രൂപ പോയി. പിന്നീട് ഷെല്‍ഫില്‍ വെച്ചിരുന്ന രണ്ട് ലക്ഷം രൂപയും. അതിനു പിന്നാലെ ലക്ഷങ്ങള്‍ വില മതിക്കുന്ന രത്‌നമോതിരവും നെക്‌ലേസും നെക് ഡയമണ്ടുകളും രത്‌നം കൊണ്ടുള്ള വളകളും സ്വര്‍ണ്ണമാലകളും സ്വര്‍ണ്ണ ലോക്കറ്റുമെല്ലാം വീട്ടില്‍നിന്ന് കാണാതായതോടെ എല്ലാവരും ആകെ അമ്പരന്നു. പുറത്തുനിന്നും അധികമാരും വരാത്ത വീടാണ്. സിസിടിവി ദൃശ്യങ്ങളിലും പുറത്തുള്ള ആരും വന്നതായി കാണുന്നില്ല. വീട്ടിലുള്ള ആരോ ആണ് എടുത്തതെന്ന് സംശയം തോന്നിയെങ്കിലും ഒരു സൂചനയും കിട്ടിയില്ല. 

അങ്ങനെയാണ്, വീട്ടുകാര്‍ പൊലീസിനെ സമീപിക്കുന്നത്. പൊലീസുകാര്‍ വീട് അരിച്ചുപെറുക്കി. വീട്ടിലുള്ളവരെ മുഴുവന്‍ ചോദ്യം ചെയ്തു. അക്കൂട്ടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഒരു 12-കാരിയുമുണ്ടായിരുന്നു. അവളടക്കം ആരില്‍നിന്നും പൊലീസിന് സംഭവത്തിന്റെ ഒരു തുമ്പും ലഭിച്ചില്ല. തുടര്‍ന്ന്, അവര്‍ വീട്ടിലെ ഓരോ ആളുകളെയായി വീണ്ടും വെവ്വേറെ ചോദ്യം ചെയ്തു. അപ്പോഴും ഒന്നും സംഭവിച്ചില്ല. അതോടെ പൊലീസ് കുഴങ്ങി. 

എന്നാല്‍, പൊലീസ് സ്‌നേഹത്തോടെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ആ 12 വയസ്സുകാരി ഞെട്ടിക്കുന്ന ആ രഹസ്യം തുറന്നു പറഞ്ഞു. പണവും ആഭരണങ്ങളും എടുത്തത് താനാണ്. അതു മുഴുവന്‍ കാമുകനായ അമന് നല്‍കുകയായിരുന്നു. അങ്ങനെ ചെയ്തത്, ബ്ലാക്ക് മെയിലിംഗ് ഭയന്നാണ്. തന്റെ നഗ്‌നചിത്രങ്ങളും നഗ്‌ന വീഡിയോകളും അയാളുടെ കൈയിലുണ്ട്. പണവും ആഭരണങ്ങളും എടുത്തു നല്‍കിയില്ലെങ്കില്‍ ചിത്രങ്ങളും വീഡിയോകളും പരസ്യപ്പെടുത്തുമെന്ന ഭീഷണിയെത്തുടര്‍ന്നാണ്, വീട്ടില്‍ സുരക്ഷിതമായി വെച്ചിരുന്ന പണവും ആഭരണങ്ങളും താന്‍ എടുത്തു നല്‍കിയത്. 

മുംബൈയിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഈ 12 വയസ്സുകാരി. സ്‌കൂളിനു പുറത്തുവെച്ചാണ് അമന്‍ എന്ന് മാ്രതം അറിയാവുന്ന ആളെ പരിചയപ്പെട്ടതെന്ന് അവള്‍ പൊലീസിനോട് പറഞ്ഞു. ആ ബന്ധം പിന്നീട് പ്രണയമായി മാറി. ഒരു ദിവസം അയാള്‍ക്കൊപ്പം നാഗ്പദയിലെ ഒരു ഫ്‌ളാറ്റില്‍ പോയി. അവിടെവെച്ച് അമന്‍ തന്റെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി ഫോട്ടോകളും വീഡിയോകളും എടുത്തു. അതിനു ശേഷമാണ് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയത്. വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും പണവും എടുത്തു കൊടുത്തില്ലെങ്കില്‍, ആ നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് താന്‍ അവ അമന് കൈമാറിയതെന്നും പെണ്‍കുട്ടി പറഞ്ഞു. 

സംഭവത്തില്‍, അമന്‍ എന്നു മാത്രമറിയാവുന്ന ആള്‍ക്കെതിരെ ലൈംഗിക അതിക്രമം, കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം എന്നിവയടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തതായി നാഗ്പദ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അമന് വേണ്ടി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.