‘ആശുപത്രി സ്റ്റാഫ് പോലും അമ്മയെ സമാധാനത്തോടെ ജോലി ചെയ്യാൻ സമ്മതിച്ചില്ല. സ്വയം എന്തെങ്കിലും ചെയ്യാനാ​ഗ്രഹിക്കുന്ന സ്ത്രീയായിരുന്നു അവരെന്നതാണ് കാരണം. പക്ഷേ, അമ്മ പരാതി പറഞ്ഞില്ല, അവിടംകൊണ്ട് നിർത്തിയതുമില്ല.’

ഹൃദയസ്പർശിയും പ്രചോദനാത്മകവുമായ അനേകം പോസ്റ്റുകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതുപോലെ ഒരു യുവതി തന്റെ അമ്മയെ കുറിച്ച് ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ആളുകളുടെ കയ്യടികളേറ്റു വാങ്ങുന്നത്. മുംബൈയിൽ നിന്നുള്ള ഇഷിക ധൻമെഹർ എന്ന യുവതിയാണ് ലിങ്ക്ഡ്ഇന്നിൽ തന്റെ അമ്മയെ കുറിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 11 വർഷമായി ബിഎംസി ആശുപത്രിക്ക് പുറത്ത് വടാ പാവ് സ്റ്റാൾ നടത്തുകയാണ് ഇഷികയുടെ അമ്മ. അഞ്ച് ഭാഷകൾ കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കും. അമ്മയുടെ ജീവിതയാത്രയിലെ ബുദ്ധിമുട്ടുകളെ കുറിച്ചും എങ്ങനെ അവർ അത് തരണം ചെയ്തു എന്നതിനെ കുറിച്ചും ഇഷിക കുറിക്കുന്നു.

'11 വർഷം മുമ്പ് അമ്മ സ്റ്റാൾ തുടങ്ങിയപ്പോൾ കാര്യങ്ങൾ അത്രയൊന്നും എളുപ്പമായിരുന്നില്ല. സ്റ്റാൾ തകർന്നിട്ടുണ്ട്, സാധനങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്, ചുറ്റുമുള്ള ആളുകൾ അമ്മയെ പരിഹസിച്ചിട്ടുണ്ട്' എന്ന് ഇഷിക എഴുതുന്നു.

'ആശുപത്രി സ്റ്റാഫ് പോലും അമ്മയെ സമാധാനത്തോടെ ജോലി ചെയ്യാൻ സമ്മതിച്ചില്ല. സ്വയം എന്തെങ്കിലും ചെയ്യാനാ​ഗ്രഹിക്കുന്ന സ്ത്രീയായിരുന്നു അവരെന്നതാണ് കാരണം. പക്ഷേ, അമ്മ പരാതി പറഞ്ഞില്ല, അവിടംകൊണ്ട് നിർത്തിയതുമില്ല. അമ്മ അവരുണ്ടാക്കുന്ന ഭക്ഷണം വൃത്തിയുള്ളതാണ് എന്ന് തെളിയിച്ചു, എല്ലാം അമ്മ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ് എന്ന് ബോധ്യപ്പെടുത്തി, അവരെക്കൊണ്ട് അമ്മയെ സ്നേഹിപ്പിച്ചു'.

'ഒരിക്കൽ അമ്മയെ അകറ്റി നിർത്തിയവർ തന്നെ ഇന്ന് അവരെ ഹോസ്പിറ്റൽ പിക്നിക്കിനു വിളിക്കുന്നു. അമ്മ എല്ലാവരോടും അവരവരുടെ ഭാഷയിലാണ് സംസാരിക്കുന്നത്. മറാത്തി, ഗുജറാത്തി, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ സംസാരിക്കും. അമ്മ വിദ്യാഭ്യാസം ഉള്ളയാളല്ല. പക്ഷേ, ഇന്ന് ഡോക്ടർമാരും നഴ്സുമാരുമെല്ലാം അവരെ ബഹുമാനിക്കുന്നു, എല്ലാവരും അവരെ വിശ്വസിക്കുന്നു, അവരുടെ ആത്മാർത്ഥതയും നിശ്ചയദാർഢ്യവുമാണ് കാരണം, അവർ ഒരിക്കലും പുഞ്ചിരിക്കാൻ മറന്നില്ല' എന്നും ഇഷിത കുറിച്ചു.

അനേകങ്ങളാണ്, ഇഷിതയുടെ അമ്മ എത്രമാത്രം പ്രചോദനമേകുന്ന സ്ത്രീയാണ് എന്ന കമന്റുകൾ നൽകി അവരെ അഭിനന്ദിച്ചത്.