Asianet News MalayalamAsianet News Malayalam

'മൈ പാർട്ടി ഈസ് ഓവർ'- അവനവനു തന്നെ ചരമക്കുറിപ്പെഴുതി വെച്ച് വിടവാങ്ങിയ എജ്ജി എന്ന കാർ റേസിംഗ് ഇതിഹാസം

"എന്റെ ആഘോഷമൊക്കെ കഴിഞ്ഞു എന്ന് തോന്നുന്നു. ഞാൻ പിന്നിലുപേക്ഷിച്ചിട്ടു പോകുന്നവർക്ക് എന്നെക്കൊണ്ട് ഒരു ഹാങ്ങ് ഓവറും ഉണ്ടാകില്ല എന്ന് കരുതട്ടെ..."

My party is over says Ejji K Umamahesh the chennai car rally legend who wrote self obituary
Author
Chennai, First Published Oct 19, 2020, 10:15 AM IST

എജ്ജി കെ ഉമാ മഹേഷ്, അക്ഷരാർത്ഥത്തിൽ ഒരു ഇതിഹാസം തന്നെ ആയിരുന്നു. മുൻ കാർ റാലി ഡ്രൈവർ, ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലെ ഫോർമുല വൺ ഇന്ത്യൻ ഗ്രാൻഡ് പ്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി എന്നിങ്ങനെ കാറോട്ടമത്സരങ്ങളുടെ ലോകത്ത് നിറഞ്ഞു നിന്ന എജ്ജി, ഒടുവിൽ തന്റെ എഴുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്നതിനു തൊട്ടുമുമ്പ് ഇഹലോക വാസം വെടിഞ്ഞപ്പോൾ, ഒരു 'സെൽഫ് ഒബിച്വറി' കൊണ്ട് ആ അവസരവും വ്യത്യസ്തമാക്കി. സ്വയം എഴുതിയ അവനവന്റെ തന്നെ ചരമക്കുറിപ്പിൽ എജ്ജി ഇങ്ങനെ എഴുതി, "ഈ വില്ലേജ് എർത്തിൽ, സ്വന്തം ടേംസിൽ, മതരഹിതമായ ഒരു ജീവിതം നയിച്ചുപോന്ന; ജന്മനാ സ്ത്രീലോലുപനും, വിരമിച്ച ഒരു ഓട്ടപ്പന്തയക്കാരനും, ഫുൾ ടൈം ഹൗസ് ഹസ്ബൻഡും, ഹോം മേക്കറും, പാർട്ടി ഹോസ്റ്റും, സിനിമാ നാടക നടനും, കാർ റാലി ഡ്രൈവറും സംഘാടകനും, റാഷണലിസ്റ്റും, ഹ്യൂമനിസ്റ്റും, തികഞ്ഞ നാസ്തികനും, ഫ്രീ തിങ്കറും ആയ  എജ്ജി കെ ഉമാ മഹേഷ് (17-10-1948 till 16-10-2020)."

 

 

"എന്റെ ആഘോഷമൊക്കെ കഴിഞ്ഞു എന്ന് തോന്നുന്നു. ഞാൻ പിന്നിലുപേക്ഷിച്ചിട്ടു പോകുന്നവർക്ക് എന്നെക്കൊണ്ട് ഒരു ഹാങ്ങ് ഓവറും ഉണ്ടാകില്ല എന്ന് കരുതട്ടെ. എത്ര പെട്ടന്നാണ് സമയം കഴിഞ്ഞു പോകുന്നത്..! കാലം കൊഴിഞ്ഞു പോകുന്നത്. ഉള്ള കാലം നന്നായി ജീവിക്കൂ. ജീവിതം ആഘോഷമാക്കൂ. ആഘോഷങ്ങൾ തുടർന്നുകൊണ്ടേയിരിക്കൂ" എന്നും കുറിപ്പിൽ എജ്ജി പറയുന്നു. 

ഈ ചരമക്കുറിപ്പിൽ, തന്റെ പ്രിയ സ്നേഹിതർക്കും, ആജന്മ ശത്രുക്കൾക്കും, രണ്ടിനും ഇടയിൽ പെട്ടുപോയവർക്കും ആയി മറ്റൊരു കുറിപ്പും ഉണ്ടായിരുന്നു. അതിൽ എജ്ജി തന്റെ ജീവിതത്തിന്റെ ഭാഗമായതിന് അവർക്കും നന്ദി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം, വാർധക്യസഹജമായ കാരണങ്ങളാൽ മരണപ്പെട്ട എജ്ജിയുടെ ഇച്ഛപ്രകാരം അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾ ദാനം ചെയ്തു എന്നും, മൃതദേഹം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വേണ്ടി വിട്ടുകൊടുത്തു എന്നും കുടുംബാംഗങ്ങൾ അറിയിച്ചു.

പത്രത്തിൽ അച്ചടിച്ചു വന്ന സെൽഫ് ഒബിച്വറിക്ക് പുറമെ ഫേസ്ബുക്കിലെ തന്റെ സ്നേഹിതർക്കുവേണ്ടി എജ്ജി രണ്ടാമതൊരു വിടവാങ്ങൽ കുറിപ്പുകൂടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിൽ അവനവനെ ഒരു വണ്ടിയോടുപമിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതുന്നു, "ബ്രേക്ക് ഡൌൺ ആയി കട്ടപ്പുറത്ത് കയറേണ്ടി വന്ന എന്റെ വണ്ടി, ഇന്ത്യയിലെ പ്രഗത്ഭ മേസ്തിരിമാർ അവരുടെ മിടുക്കും, മികച്ച ടൂൾസും ഒക്കെ പ്രയോഗിച്ച് ഒന്നിച്ചു പ്രയത്നിച്ചിട്ടും തിരിച്ച് സ്റ്റാർട്ടാക്കാൻ പറ്റാതെ കണ്ടം ചെയ്യേണ്ട ദുരവസ്ഥ വന്നിരിക്കയാണ് എന്ന സങ്കടവിവരം പ്രിയ സ്നേഹിതരെ ഇതിനാൽ അറിയിച്ചുകൊള്ളുന്നു. എഞ്ചിൻ ഗ്യാസ്‌ക്കറ്റ് ലീക്കായി, ഹൗസിങ് ക്രാക്കായി, പിസ്റ്റൻസ് ഒക്കെ സീസായിപ്പോയിരിക്കുന്ന ഈ പാട്ടവണ്ടി ഇനി ആക്രിക്ക് കൊടുക്കുകയെ നിവൃത്തിയുള്ളൂ. കുറച്ച് പാർട്സ് ഒക്കെ ഭാഗ്യത്തിന് നല്ല കണ്ടീഷനിൽ ഉണ്ട്. എന്നെപ്പോലെ വിന്റേജ് വണ്ടിയും വെച്ചിരിക്കുന്ന വേറെ ഏതെങ്കിലും വയസ്സന്മാർ ഉണ്ടെങ്കിൽ അവർക്ക് അതൊക്കെ അഴിച്ചെടുത്ത് സ്വന്തം വണ്ടിയിൽ ഫിറ്റു ചെയാവുന്നതാണ്. 

ലോകത്തിലെ ഏറ്റവും തല്ലിപ്പൊളി റോഡുകളിലൂടെ, കുണ്ടും കുഴിയും കുന്നും കുളവും ഒക്കെ താണ്ടി ഞാൻ ഈ പഴഞ്ചൻ വണ്ടി ഓടിച്ചുകൊണ്ട് നടന്നത് 72 വർഷക്കാലമാണ്. ഒരു വിധത്തിൽ പെട്ട എല്ലാ എണ്ണയും ഞാൻ ഇതിൽ അടിച്ചിട്ടുണ്ട്. മുൻ പിൻ നോക്കാതെ പലതും മിക്സ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ചുട്ടുപഴുത്ത മരുഭൂമികളിലും, ഗോട്ടി ഉറഞ്ഞു പോകുന്ന മഞ്ഞുമലകളിലും പണിതരാതെ ഓടിയിട്ടുള്ളതാണ് ഈ വണ്ടി. ആ നിലക്ക് ഇത് എന്നുമെന്നും ഓർമ്മയിൽ സൂക്ഷിക്കപ്പെട്ടേക്കാം. എല്ലാവർക്കും നന്ദി. ഈ വിന്റേജ് വെഹിക്കിൾ ആക്രിക്ക് കൊടുക്കുന്നതിനെപ്പറ്റിയുള്ള ഒരു ഒഫീഷ്യൽ അറിയിപ്പ് താമസിയാതെ പത്രത്തിലൂടെ എല്ലാവരെയും തേടിയെത്തുന്നതാണ്. "

 

I regret to inform you that my vintage vehicle that was being restored, in spite of the best mechanics in India with...

Posted by Ejji K. Umamahesh on Thursday, October 15, 2020


തന്റെ ജീവിതത്തിന്റെ തന്നെ വിടപറച്ചിൽ എന്നമട്ടിൽ, ഈ കുറിപ്പിൽ എജ്ജി ജോൺ ലെനന്റെ സുപ്രസിദ്ധമായ വരികളും ഉദ്ധരിക്കുന്നുണ്ട്. " ജോൺ ലെനൻ പറഞ്ഞത് നമ്മൾ മറ്റുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിനിടെ സംഭവിക്കുന്നതെന്തോ അതാണ് ജീവിതം എന്നാണ്. ചിയേർസ്... ആൻഡ് ബൈ ബൈ ഫോർ എവർ. ചുമ്മാ ജീവനോടിരിക്കുകയല്ല വേണ്ടത്, അടിച്ചു പൊളിച്ച് ജീവിക്കുകയാണ്..! " 
 

Follow Us:
Download App:
  • android
  • ios