ഡോക്ടറെ ഓൺലൈൻ വഴി കാണാനുള്ള അപ്പോയിന്റ്‌മെന്റുകൾ സജ്ജീകരിക്കുക, പ്രാദേശിക ഷോപ്പിൽ നിന്ന് ആളുകൾക്ക് ആവശ്യമായ സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുക, മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റ്-ടോപ്പ് ബോക്സുകളും റീചാർജ് ചെയ്ത് നൽകുക തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ ഈ പദ്ധതി വഴി ശർമ്മ നടപ്പാക്കി.
രാജ്യത്ത് കൊവിഡ് -19 കേസുകളുടെ എണ്ണം ഭീതിജനകമായി ഉയരുന്ന സാഹചര്യത്തിലും, ചില ജില്ലകളും, ഗ്രാമങ്ങളും അതിൽ നിന്ന് സുഖം പ്രാപിച്ച് വരികയാണ്. അതിന്റെ കാരണം അവിടെയുള്ള ഏതാനും ഉദ്യോഗസ്ഥർ നടപ്പിലാക്കുന്ന പ്രചാരണങ്ങളും സംരംഭങ്ങളുമാണ്, അവരുടെ നിസ്വാർത്ഥമായ സേവനമാണ്. അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥനാണ് 2014 ബാച്ചിലെ പൊലീസ് സൂപ്രണ്ട് ഐപിഎസ് സച്ചിൻ ശർമ്മ. നിലവിൽ മധ്യപ്രദേശിലെ ഛത്തർപൂരിലാണ് അദ്ദേഹമുള്ളത്. അദ്ദേഹം തന്റെ ജില്ലയിൽ മേരാ ഗാൻവ്, മേരി സിമ്മേഡാരി (എന്റെ ഗ്രാമം, എന്റെ ഉത്തരവാദിത്തം) എന്നൊരു പദ്ധതി ആരംഭിച്ചു. അത് വഴി, അദ്ദേഹവും സംഘവും അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിലുള്ള ജില്ലകളിലെ കൊവിഡ് -19 കേസുകളുടെ എണ്ണം കുറച്ചു.
2011 -ലെ സെൻസസ് അനുസരിച്ച് 1,210 ഗ്രാമങ്ങളും 17.62 ലക്ഷത്തിലധികം ജനസംഖ്യയും ഛത്തർപൂരിലുണ്ട്. മധ്യപ്രദേശിൽ ആദ്യ കേസ് രേഖപ്പെടുത്തി ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇവിടെ ആദ്യത്തെ കൊവിഡ് -19 കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2020 മെയ് 20 നായിരുന്നു അത്. അദ്ദേഹത്തിന്റെ ശ്രമഫലമായി, 800 -ലധികം ഗ്രാമങ്ങൾ കാമ്പെയ്‌നിൽ അണിചേരുകയും, അതിൽ നിന്ന് പ്രയോജനം നേടുകയും ചെയ്‍തു. ജില്ലയിലെ മൊത്തം ഗ്രാമങ്ങളുടെ 70 ശതമാനത്തിലധികം വരുമത്. എന്നാൽ എന്തായിരുന്നു ആ പദ്ധതി?
“ഓരോ ഗ്രാമത്തിൽ നിന്നും 15-20 സന്നദ്ധപ്രവർത്തകരെ ഞങ്ങൾ ഒരുമിച്ചു കൊണ്ടുവന്നു. 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ് അധികവും. ഈ സന്നദ്ധപ്രവർത്തകർ ഇരുപത്തിനാല് മണിക്കൂറും ഗ്രാമങ്ങളിൽ പെട്രോളിങ് നടത്തുന്നു. ആളുകൾ ഗ്രാമം വിട്ട് പുറത്തു പോകുന്നില്ലെന്ന് അവർ ഉറപ്പ് വരുത്തി. ഒരു കാരണവശാലും പുറത്തുകടക്കരുത് എന്ന് അവർ ആളുകൾക്ക് നിർദ്ദേശം നൽകി” ഐപിഎസ് ശർമ്മ പറയുന്നു.
തങ്ങളുടെ ഗ്രാമങ്ങളിലേക്ക് വരുന്നവരെയും ജീവനക്കാർ നിരീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "മറ്റ് സ്ഥലങ്ങളിൽ നിന്ന് ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരോടും നിർബന്ധിത ക്വാറന്റൈനിൽ പോകാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആളുകൾ പ്രകടമാക്കുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അത് 8 മുതൽ 14 ദിവസം വരെ നീണ്ടുനിൽക്കും. അവരുടെ താമസസൗകര്യങ്ങൾ ഗ്രാമീണർ സ്വയം ഏറ്റെടുത്തിട്ടുണ്ട്. ചില ആളുകൾ സർക്കാർ കെട്ടിടങ്ങളിൽ ഒറ്റപ്പെട്ട് കഴിയുമ്പോൾ, മറ്റുള്ളവർ ഗ്രാമത്തിനുള്ളിൽ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകളിൽ കഴിയുന്നു” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
2021 മെയ് നാലിലെ കണക്കുപ്രകാരം, ഛത്തർപൂരിലെ 1000 -ത്തിലധികം ഗ്രാമങ്ങളിൽ ആകെ 51 കൊവിഡ് -19 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ആളുകൾക്ക് വീടിനുള്ളിൽ തന്നെ തുടരാനാകുമെന്ന് ഉറപ്പുവരുത്തുന്നതിനായി അദ്ദേഹം സങ്കല്പ എന്ന പേരിൽ മറ്റൊരു പദ്ധതിയും ആവിഷ്ക്കരിച്ചു. ഗ്രാമങ്ങളിലെ മുതിർന്ന പൗരന്മാർക്ക് അവരുടെ ദൈനംദിന ആവശ്യങ്ങളായ പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, പാൽ, മരുന്നുകൾ എന്നിവയും മറ്റും വാങ്ങി നൽകുക എന്നതാണ് ആ പദ്ധതിയുടെ ലക്ഷ്യം. "മുതിർന്ന പൗരന്മാർക്ക് വൈറസ് വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. മക്കൾ മറ്റ് നഗരങ്ങളിൽ ജോലി ചെയ്യുന്നതുകൊണ്ടും, പഠനത്തിന് പുറത്ത് പോയതുകൊണ്ടും ഒറ്റക്കായ നിരവധി മാതാപിതാക്കൾ ഉണ്ട് ഈ ഗ്രാമത്തിൽ. അവരെല്ലാം തനിച്ചാണ് കാര്യങ്ങൾ നോക്കുന്നത്. അത്തരത്തിലുള്ള മൂവായിരത്തോളം പേരെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്, അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഞങ്ങൾ എത്തിച്ചുകൊടുക്കും” അദ്ദേഹം പറയുന്നു.
ഡോക്ടറെ ഓൺലൈൻ വഴി കാണാനുള്ള അപ്പോയിന്റ്‌മെന്റുകൾ സജ്ജീകരിക്കുക, പ്രാദേശിക ഷോപ്പിൽ നിന്ന് ആളുകൾക്ക് ആവശ്യമായ സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുക, മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റ്-ടോപ്പ് ബോക്സുകളും റീചാർജ് ചെയ്ത് നൽകുക തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ ഈ പദ്ധതി വഴി ശർമ്മ നടപ്പാക്കി. ഓർച്ചയിലെ സ്റ്റേഷൻ ചുമതലയുള്ള രാജശ്രീ കൗരവ് പറയുന്നു: “ഞങ്ങളുടെ നമ്പറുകൾ എല്ലാവർക്കും നൽകിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർ ഞങ്ങളെ ഇപ്പോൾ നേരിട്ട് വിളിക്കുന്നു. ഓരോ ദിവസവും ഞങ്ങൾക്ക് ധാരാളം കോളുകൾ ലഭിക്കുന്നു, ഇത് കൊവിഡ്-19 കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഞങ്ങളെ സഹായിക്കുന്നു. ”
അതേസമയം, പൊലീസിന്റെ ഇത്തരം നടപടികൾ വളരെയധികം ഉപകാരപ്രദമാണെന്ന് ഖോൻപ് ജില്ലയിലെ സർപഞ്ച് മാധവ് പ്രസാദ് മിശ്ര പറയുന്നു. “ഈ പ്രചരണങ്ങൾ രോഗബാധ കുറയ്ക്കുക മാത്രമല്ല, ജനങ്ങളുടെ ധാർമ്മികത ഉയർന്നതാണെന്ന് ഉറപ്പാക്കുകയും ചെയ്തു. പൊലീസ് നടത്തിയ വിവിധ ലോക്ക് ഡൗണുകളും, സംരംഭങ്ങളും രോഗത്തെ എളുപ്പത്തിൽ നിയന്ത്രിക്കാൻ ഞങ്ങളെ സഹായിച്ചു," അദ്ദേഹം പറയുന്നു.
ഈ ഗ്രാമങ്ങൾക്ക് അസുഖത്തെ ദൂരെ നിർത്താൻ കഴിഞ്ഞത് ഓരോരുത്തരും കൈകൊണ്ട ജാഗ്രത മൂലമാണ്. പ്രാദേശിക അധികാരികളുടെ സഹായത്തോടെ ഛത്തർപൂരിലെ ഗ്രാമീണർ അവർക്കായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. അപാർട്മെന്റ് കോംപ്ലക്സുകൾ, ആർഡബ്ല്യുഎകൾ എന്നിവ പോലുള്ള ചെറിയ കമ്മ്യൂണിറ്റികൾക്ക് അത്തരം സംരംഭങ്ങളിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനായി. അവരുടെ ദൈനംദിന ജോലികൾ തുടരുന്നതിനിടയിൽ കൊവിഡ് കേസുകളുടെ എണ്ണം കുറക്കാൻ അവർക്ക് ഈ പ്രവൃത്തികൾ വഴി സാധിച്ചു. (വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ).
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
