Asianet News MalayalamAsianet News Malayalam

മാധ്യമങ്ങളെയും അഭിഭാഷകരെയും അടുപ്പിക്കാതെ ഒടുവില്‍ വിധി; സ്യൂചിക്ക് വീണ്ടും തടവുശിക്ഷ

 എല്ലാ കേസുകളിലും കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ 76-കാരിയായ സ്യൂചി ഇനി 190 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  

Myanmar Junta court sentences Aung San Suu Kyi jail for corruption
Author
Myanmar (Burma), First Published Apr 27, 2022, 3:18 PM IST

മ്യാന്മറില്‍ സൈനിക ഭരണകൂടം അധികാരത്തില്‍ നിന്ന് പുറന്തള്ളി ജയിലിലടച്ച ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിക്ക് അഴിമതിക്കേസില്‍ അഞ്ച് വര്‍ഷം തടവ്. തലസ്ഥാനമായ നായ് പി തോയിലെ പട്ടാള കോടതിയാണ് രഹസ്യവിചാരണക്കൊടുവില്‍ സ്യൂചി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. നിലവില്‍ രണ്ട് കേസുകളിലായി ആറു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്യൂചി ഇതോടെ 11 വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും. സ്യൂചിക്കെതിരായി 10 അഴിമതി കേസുകളാണ് നിലവിലുള്ളത്. ഇതില്‍ ആദ്യത്തേതിലാണ്, സൈനിക കോടതി ഇന്ന് വിധി പറഞ്ഞത്. 15 വര്‍ഷം തടവുശിക്ഷ വിധിക്കാവുന്നതാണ് ഇതില്‍ ഓരോ കേസുകളും. എല്ലാ കേസുകളിലും കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ 76-കാരിയായ സ്യൂചി ഇനി 190 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  തനിക്കെതിരായ എല്ലാ കുറ്റവും സ്യൂചി നിഷേധിച്ചിട്ടുണ്ട്. സൈനിക കോടതിയില്‍ നടക്കുന്ന വിചാരണ നാടകമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസം ഈ കേസില്‍ വിധി പറയുമെന്ന് പട്ടാള കോടതി അറിയിച്ചിരുന്നുവെങ്കിലും അസാധാരണ കാരണങ്ങളാല്‍ വിധിപ്രസ്താവം മാറ്റിവെച്ചിരുന്നു. വിധി പറയുന്നത് പ്രമാണിച്ച് മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്ത് വരുന്നതില്‍നിന്നും വിലക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍നിന്നും സ്യൂചിയുടെ അഭിഭാഷകര്‍ക്കും സൈനിക ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായ ഈ സംഭവം. 

കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചു, ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജനുവരി ആദ്യം നാല് വര്‍ഷം തടവിനു ശിക്ഷിച്ച ആങ് സാന്‍ സ്യൂചിയെ രണ്ടാഴ്ചയ്ക്കു ശേഷം പുതിയ കുറ്റങ്ങള്‍ ചുമത്തിയാ രണ്ടു വര്‍ഷത്തേക്ക് കൂടി തടവിനു ശിക്ഷിച്ചിരുന്നു. നിയമവിരുദ്ധമായി വാക്കിടോക്കികള്‍ കൈയില്‍ വെച്ചു എന്നതായിരുന്നു അന്നത്തെകുറ്റം. അതിനു ശേഷമാണ്, നിരവധി കാലം ജയിലില്‍ കിടത്തുന്ന കുറ്റങ്ങള്‍ ചുമത്തിയ അഴിമതിക്കേസുകള്‍ സൈനിക കോടതി പരിഗണിച്ചത്. അതിന്റ വിധിപ്രസ്താവമായിരുന്നു ഇന്ന് നിശ്ചയിച്ചത്. 

ഫെബ്രുവരി മുതല്‍ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു സ്യൂചി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്യൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പുറത്താക്കുകയും നേതാക്കളെ തടവില്‍ വെക്കുകയും ചെയ്താണ് മ്യാന്മറില്‍ സൈന്യം ഭരണം പിടിച്ചത്. സ്യൂചി വിജയിച്ച തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നു എന്നാരോപിച്ചായിരുന്നു സൈന്യത്തിന്റെ ഇടപെടല്‍. എന്നാല്‍, തെരഞ്ഞെടുപ്പ് നൂറു ശതമാനം സത്യസന്ധമായും സുതാര്യവുമായാണ് നടന്നിരുന്നത് എന്നാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ച അന്താരാഷ്ട്ര നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.


സ്യൂചിക്കെതിരായ ശിക്ഷാനടപടിക്കെതിരെ മ്യാന്‍മറിലും ലോകമാകെയും ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. അഴിമതി, ഔദ്യോഗിക രഹസ്യ നിയമ ലംഘനം തുടങ്ങി സ്യുചിക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

മ്യാന്‍മര്‍ രാഷ്ട്രപിതാവായ ഓങ് സാനിന്റെ മകളായ സ്യൂചി സൈനിക ഭരണകൂടത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പതിറ്റാണ്ടുകളോളം വീട്ടുതടങ്കലിലായിരുന്നു. ലോകമെങ്ങുംനിന്നുയര്‍ന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ 2010-ലാണ് ഇവര്‍ വീട്ടുതടങ്കലില്‍നിന്നും മോചിപ്പിക്കപ്പെട്ടത്. അതേ വര്‍ഷം നടന്ന തെരഞ്ഞെടുപ്പ് സ്യൂചിയുടെ പാര്‍ട്ടിയുടെ ബഹിഷ്‌കരിച്ചിരുന്നു.

അതിനെ തുടര്‍ന്ന് സൈനിക ഭരണകൂടത്തിന്റെ പിന്തുണയുള്ള രാഷ്ട്രീയ കക്ഷി അധികാരത്തിലെത്തി. എന്നാല്‍, 2015-ലെ തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി ചരിത്രവിജയം നേടി അധികാരത്തില്‍ എത്തി. തുടര്‍ന്ന് മ്യാന്‍മര്‍ 2001-വരെ സ്യൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് മ്യാന്‍മര്‍ ഭരിച്ചിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൈന്യം വീണ്ടും അധികാരം പിടിക്കുകയും സ്യൂചി അടക്കമുള്ള നേതാക്കളെ ജയിലിലടക്കുകയും ചെയ്തത്.
 

Follow Us:
Download App:
  • android
  • ios