കാർബൺ വലിച്ചെടുക്കാനുള്ള കണ്ടൽക്കാടുകളുടെ കഴിവ് അപാരമാണ്. അവ അപൂർവജീവികൾക്ക് സുപ്രധാന ആവാസവ്യവസ്ഥയും, കൊടുങ്കാറ്റിൽ നിന്ന് സംരക്ഷണവും നൽകുന്നു. 

കണ്ടൽക്കാടുകൾ(mangrove forest) ചതുപ്പുകളിലാണ് വളരുന്നത് എന്നത് ചെറിയ ക്ലാസ്സ് മുതൽ തന്നെ നമ്മൾ പഠിക്കുന്ന ഒരു കാര്യമാണ്. എന്നാൽ, മെക്സിക്കോയിലെ യുക്കാറ്റൻ പെനിൻസുലയുടെ ഹൃദയഭാഗത്ത് കണ്ടൽക്കാടുകൾ വളരുന്നത് ശുദ്ധജലത്തിലാണ്. അവിടെ വളരുന്നത് ഉഷ്ണമേഖലാ തീരപ്രദേശങ്ങളിൽ കാണുന്ന ചുവന്ന കണ്ടൽക്കാടുകൾ അല്ലെങ്കിൽ റൈസോഫോറ മാംഗിൾ(Rhizophora mangle) എന്നറിയപ്പെടുന്ന ഒരിനമാണ്. സാധാരണയായി, ഇത് കടലിനടുത്തുള്ള ഉപ്പ് വെള്ളത്തിലാണ് വളരുക. പക്ഷേ, സമുദ്രത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശുദ്ധജല പരിതസ്ഥിതിയിൽ ഇത് എങ്ങനെ അതിജീവിക്കുന്നു എന്നത് ഗവേഷകരെ കുഴപ്പിച്ചു.

എന്നാൽ, ഇപ്പോൾ ഈ സമസ്യയ്ക്ക് ഉത്തരം കണ്ടെത്തിരിക്കയാണ് ഒരു അന്തർദേശീയ ഗവേഷക സംഘം. ഏകദേശം 125,000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ സ്ഥലത്ത് ഇത് വളരാൻ തുടങ്ങി എന്നാണ് അവരുടെ വെളിപ്പെടുത്തൽ. ആ കാലഘട്ടത്തിൽ സമുദ്രനിരപ്പ് വളരെ ഉയർന്നതായിരുന്നെന്നും, സ്ഥലത്തിന്റെ ഭൂരിഭാഗവും സമുദ്രത്തിനടിയിലായിരുന്നെന്നും അവർ പറഞ്ഞു. ഈ പ്രദേശത്ത് വളർന്ന ഒരു സഹ ശാസ്ത്രജ്ഞനാണ് വിചിത്രമായ ഈ സ്ഥലത്തെക്കുറിച്ച് മറ്റ് ഗവേഷകരോട് പറഞ്ഞത്. സസ്യശാസ്ത്രജ്ഞനായ കാർലോസ് ബ്യൂറേലോ ഇതിനെ കുറിച്ച് ഒരു ഹ്രസ്വചിത്രം നിർമ്മിക്കുകയും, അങ്ങനെ കാടിന്റെ നിലനിൽപ്പിനെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് സൂചന നൽകുകയും ചെയ്തു. എന്നാൽ പിന്നീട് നടന്ന ഗവേഷണത്തിലൊന്നും ഇത്രയേറെ വർഷങ്ങളുടെ പഴക്കമുണ്ട് കടൽ കാടുകൾക്ക് എന്നത് ആരും അറിഞ്ഞില്ല.

അവ വളർന്നിരുന്നത് പെനാൽറ്റിമേറ്റ് ഇന്റർഗ്ലേഷ്യൽ പിരീഡ് എന്നറിയപ്പെടുന്ന ഒരു കാലഘട്ടത്തിലാണ്. ഹിമാനിയുടെ കാലഘട്ടങ്ങൾക്കിടയിലുള്ള ഒരു ഹ്രസ്വ കാലയളവായിരുന്നു അത്. എന്നാൽ, കാലം മാറിയിട്ടും, ചുറ്റുമുള്ളതെല്ലാം മറഞ്ഞിട്ടും കണ്ടൽക്കാടുകൾ അതിജീവിച്ചു എന്നത് വല്ലാത്ത ഒരതിശയമാണ്. അതുകൊണ്ട് തന്നെ ഗവേഷകർ ഇതിനെ "ലോസ്റ്റ് വേൾഡ്" എന്ന് വിളിച്ചു. ഈ വൃക്ഷങ്ങളുടെ പ്രായം ഗവേഷകർ നിർണ്ണയിച്ചത് ജനിതക ക്രമീകരണം വഴിയാണ്. ഉപദ്വീപിലെ 11 സ്ഥലങ്ങളിലെ 79 മരങ്ങളുമായി സാൻ പെഡ്രോ നദിയുടെ കണ്ടൽക്കാടുകളെ അവർ താരതമ്യം ചെയ്തു. അങ്ങനെയാണ് ഇതിന്റെ കാലപ്പഴക്കം കണ്ടെത്തിയത്. അന്നത്തെ കാലത്ത് യുക്കാറ്റൻ ഉപദ്വീപ് വളരെ വ്യത്യസ്തമായിരുന്നു. സമുദ്രനിരപ്പ് ഇന്നത്തെതിനേക്കാൾ 20 മുതൽ 30 അടി (6 മുതൽ 9 മീറ്റർ വരെ) ഉയരത്തിലായിരുന്നു. തബാസ്കോ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും വെള്ളത്തിനടിയിലായിരുന്നു.

"ഈ പഠനത്തിന്റെ ഏറ്റവും അത്ഭുതകരമായ കാര്യം 100,000 വർഷത്തിലേറെയായി അതിജീവിക്കുന്ന ഒരു കണ്ടൽ ആവാസവ്യവസ്ഥയെ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു എന്നതാണ്" മറൈൻ ഇക്കോളജിസ്റ്റ് ഒക്ടാവിയോ അബുർട്ടോ-ഒറോപ്പേസ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ഈ മുൻകാല പൊരുത്തപ്പെടുത്തലുകൾ മനസ്സിലാക്കിയാൽ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ ഭാവി എങ്ങനെയായിരിക്കുമെന്നത് കൂടുതൽ വ്യക്തമായി അറിയാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. കാർബൺ വലിച്ചെടുക്കാനുള്ള കണ്ടൽക്കാടുകളുടെ കഴിവ് അപാരമാണ്. അവ അപൂർവജീവികൾക്ക് സുപ്രധാന ആവാസവ്യവസ്ഥയും, കൊടുങ്കാറ്റിൽ നിന്ന് സംരക്ഷണവും നൽകുന്നു. ആഗോളപതാപനവും, കാലാവസ്ഥ വ്യതിയാനവും നേരിടാൻ കണ്ടൽവനങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, സമുദ്രനിരപ്പ് ഉയരുന്നത് ലോകമെമ്പാടുമുള്ള നിരവധി കണ്ടൽക്കാടുകളെ ഇല്ലാതാക്കുമെന്നത് ഒരാശങ്കയാണ്.