ഈ അത്ഭുത പ്രതിഭാസത്തില്‍ ഭയചകിതരായ ഗ്രാമവാസികള്‍ക്ക് എന്തുത്തരം നല്‍കുമെന്ന അറിയാതെ കുഴങ്ങിയിരിക്കുകയാണ് വിദഗ്ദരും.

പെട്ടെന്നൊരു നിമിഷം നമുക്ക് മുകളിലുള്ള ആകാശത്തില്‍ അതുവരെ കാണാത്ത നിറത്തിലും രൂപത്തിലും മേഘങ്ങള്‍ രൂപപ്പെട്ടാല്‍ എന്തായിരിക്കും അവസ്ഥ. ഭയന്നു പോകും അല്ലേ, എന്തിന് ലോകം അവസാനിക്കാന്‍ പോവുകയാണോ എന്നു പോലും ചിന്തിച്ചു പോകും എന്നതാണ് സത്യം. ഇപ്പോള്‍ ചിലിയിലെ ഒരു ഗ്രാമവാസികള്‍ ഏതാണ്ട് ആ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. 

അവിടെ ഒരു ഗ്രാമത്തിന് മുകളില്‍ പര്‍പ്പിള്‍ നിറത്തിലുള്ള മേഘങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഈ അത്ഭുത പ്രതിഭാസത്തില്‍ ഭയചകിതരായ ഗ്രാമവാസികള്‍ക്ക് എന്തുത്തരം നല്‍കുമെന്ന അറിയാതെ കുഴങ്ങിയിരിക്കുകയാണ് വിദഗ്ദരും.

വടക്കന്‍ ചിലിയിലെ പോസോ അല്‍മോണ്ടില്‍ ഞായറാഴ്ച രാവിലെയാണ് വിചിത്രമായ മേഘ രൂപീകരണം സംഭവിച്ചത്. എന്തുകൊണ്ടാണ് പെട്ടെന്ന് ഇങ്ങനെയൊരു പ്രതിഭാസം എന്നതിന് ഒരുത്തരം കണ്ടെത്താന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. വിദഗ്ദര്‍ പോലും ആശങ്കയില്‍ ആണ്. വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ് എല്ലാവരും.

എന്നാല്‍ സമീപത്തെ മിനറല്‍ പ്ലാന്റിലെ പമ്പ് തകരാറാണ് പര്‍പ്പിള്‍ മേഘത്തിന് കാരണമായതെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. മറ്റൊരു മേഘങ്ങളുമില്ലാത്ത തെളിഞ്ഞ ആകാശത്താണ് പെട്ടെന്ന് ഇത്തരത്തിലൊരു പ്രതിഭാസം ഉണ്ടായത്. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും കാണുന്നവരില്‍ ആശങ്ക ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് പലരും പല വിശദീകരണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. അടുത്തുള്ള മിനറല്‍ പ്ലാന്റിലെ പമ്പ് തകരാറാണ് പര്‍പ്പിള്‍ മേഘത്തിന് കാരണമെന്ന് ചിലര്‍ വിശ്വസിക്കുന്നു. കാലാ കാല ഖനിയില്‍ നിന്ന് അയഡിന്‍ നീരാവി ചോര്‍ന്നതിനെ തുടര്‍ന്നാണ് ആകാശത്ത് ഈ മേഘം രൂപപ്പെട്ടത് എന്നാണ് മറ്റൊരു കൂട്ടരുടെ വാദം. 

ഇംപെല്ലര്‍ പമ്പിന്റെ മോട്ടോറിന്റെ തകരാറാണോ ഈ സംഭവത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് ചിലിയിലെ താരാപാക്ക റീജിയണിന്റെ ഡെപ്യൂട്ടി ഹെഡ് ക്രിസ്റ്റ്യന്‍ ഇബാനെസ് പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പമ്പ് തകരാര്‍ മൂലം പ്ലാന്റിലെ അയഡിന്‍ ഖരാവസ്ഥയില്‍ നിന്ന് വാതകാവസ്ഥയിലേക്ക് മാറുകയും ആകാശത്ത് ഫ്‌ലൂറസെന്റ് ഡിസ്‌പ്ലേയിലേക്ക് നയിക്കുകയും ചെയ്തതായി പരിസ്ഥിതി വിദഗ്ധന്‍ ഇമ്മാനുവല്‍ ഇബാറ അഭിപ്രായപ്പെട്ടു.